പാലക്കാട്: നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിൽനിന്ന് വ്യാജ ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയ സംഘത്തിലെ രണ്ടുപേരെ ഉത്തർപ്രദേശിൽനിന്ന് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ വിനോദ് കുമാർ (29), അനുജ് ശർമ (30) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ പ്രമുഖ കാർ ഡീലർ ഷോറൂമിന്റെ വ്യാജ ഇ-മെയിൽ അഡ്രസ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റി നിമിഷങ്ങൾക്കകം പിൻവലിക്കുന്നതായിരുന്നു ഇവരുടെ രീതി. ബാങ്ക് മാനേജറുടെ പരാതിയിലാണ് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതികളുടെ ഫോൺ നമ്പറുകളും പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കണ്ടെത്തി.
പാലക്കാട്ടുനിന്നുള്ള പൊലീസ് സംഘം ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഡൽഹിയിൽ കാൾ സെൻററുകൾ വാടകക്ക് എടുത്ത് നടത്തുന്ന ഇത്തരം തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കൂടുതൽ സ്ഥാപനങ്ങളെയും ബാങ്കുകളെയും പ്രതികൾ ഇതേരീതിയിൽ വഞ്ചിച്ചതായാണ് കരുതുന്നത്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, എ.എസ്.പി ഷാഹുൽ ഹമീദ്, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു അബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ് കുമാർ, വിജയകുമാർ, ശ്യാംകുമാർ, എ.എസ്.ഐ ദേവി, സി.പി.ഒമാരായ മുഹമ്മദ് ഷനോസ്, വിനീഷ്, ദിലീപ് കുമാർ, മൈഷാദ് എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.