വൈപ്പിന്‍: ഞാറക്കലില്‍ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളെ ഞാറക്കല്‍ സെൻറ് മേരീസ് പള്ളി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഞാറക്കല്‍ പള്ളിക്ക് കിഴക്ക് നാലാംവാര്‍ഡില്‍ ന്യൂ റോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്‍റെ മക്കളായ ജോസ് (51), സഹോദരി ജെസി (49) എന്നിവരെയാണ് ബുധനാഴ്ച രാത്രി കഴുത്തിൽ കുരുക്കിട്ടും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്നനിലയിലും കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംസ്‌കരിച്ചത്. ജോസ് വെളിയത്താംപറമ്പില്‍ ഇരുമ്പുകട വ്യാപാരിയും ജെസി ഞാറക്കല്‍ സെൻറ് മേരീസ് സ്‌കൂള്‍ അധ്യാപികയുമാണ്.
ഫോറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ പഞ്ചായത്ത് ജനപ്രതിധികളുടെ സാന്നിധ്യത്തിൽ പൊലീസ് പരിശോധിച്ചു. പണമായി 30 ലക്ഷം രൂപയും 26 പവന്‍ സ്വര്‍ണവും കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ മാതാവ് റീത്തയുടെ (80) നില തൃപ്തികരമാണ്. ഞാറക്കല്‍ സെൻറ്മേരീസ് യു.പി സ്‌കൂള്‍ റിട്ട. അധ്യാപികയാണ് റീത്ത.
മൂന്നുപേരും മാനസികബുദ്ധിമുട്ടുകൾക്ക് ചികിത്സയിലായിരുന്നു. അയല്‍വാസികളുമായും ബന്ധുക്കളുമായും കുടുംബം അകലം പാലിച്ചിരുന്നു. തലേദിവസം വന്ന ജല അതോറിറ്റി ബില്ല് വരാന്തയില്‍തന്നെ കിടക്കുന്നത് കണ്ട അയല്‍വാസിയായ വാര്‍ഡ് അംഗം സംശയംതോന്നി പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ എ.കെ. സുധീറും സംഘവും വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നത് കണ്ടത്. ജോസിെൻറയും ജെസിയുടെയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കിട്ട നിലയിലായിരുന്നു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ മറ്റൊരു മുറിയിൽ അവശനിലയിലായിരുന്നു റീത്ത.
വര്‍ഷങ്ങളായി ഞാറക്കലില്‍ താമസിക്കുന്ന ഇവരുടേത് സാമ്പത്തികഭദ്രതയുള്ള കുടുംബമാണ്. അധ്യാപികയായ ജെസി ശനിയാഴ്ച ഞാറക്കല്‍ സെൻറ് മേരീസ് സ്‌കൂളില്‍ പോയിരുന്നു. തിങ്കളാഴ്ച അവധി പറഞ്ഞാണ് സ്‌കൂളില്‍നിന്ന് ഇറങ്ങിയത്. സ്‌കൂളില്‍ കുട്ടികളോടും മറ്റുള്ളവരോടും ജെസി നന്നായി പെരുമാറിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ കൊല്ലം ആത്മഹത്യശ്രമം നടത്തിയ ഇവരെ അന്ന് നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിത്. അതിനുശേഷമാണ് അയല്‍വാസികളുമായി അകന്നത്. എങ്കിലും മറ്റു പ്രശ്‌നങ്ങളൊന്നും പിന്നീട് ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.