അടൂർ: സ്കാനിങ് സെന്ററിൽ യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ഗവ. ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സ്കാൻസ് സെന്ററിലെ റേഡിയോഗ്രാഫർ കൊല്ലം മടത്തറ നിധീഷ് ഭവനത്തിൽ എ.എൻ. അൻജിത്താണ് (24) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കാലിന്റെ എം.ആർ.ഐ സ്കാനിങ്ങിനാണ് ഏഴംകുളം സ്വദേശിനി എത്തിയത്.
ഇതിന് സ്കാനിങ് സെന്ററിലെ വസ്ത്രം ധരിക്കണമായിരുന്നു. സ്കാനിങ് കേന്ദ്രത്തിലെ മുറിക്കുള്ളിൽ വസ്ത്രം മാറാൻ യുവതി കയറിയ സമയത്ത് തുറന്ന അലമാരയിൽ അടുക്കിവെച്ചിരുന്ന തുണികൾക്കിടയിൽ മൊബൈൽ ഫോൺ ശ്രദ്ധയിൽപെട്ടു.
തുടർന്ന് ഇവർ ഫോൺ പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം കണ്ടത്. യുവതി പരിശോധിക്കുന്നതിനിടെ അൻജിത് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചിരുന്നു. ദൃശ്യങ്ങൾ ഫോണിൽനിന്ന് നീക്കം ചെയ്ത യുവതി അടൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്കാനിങ് സെന്ററിലെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതിയിൽമേൽ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ ദൃശ്യങ്ങൾ ഇയാൾ പകർത്തിയിട്ടുണ്ടോ എന്നറിയാൻ ഫോൺ സൈബർ സെല്ലിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം നടത്തും. സ്കാനിങ് സെന്ററുകളുടെ ചുമതലയുള്ള ആർ.സി.എച്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സ്ഥാപനത്തിലെ ക്രമീകരണങ്ങൾ പരിശോധിക്കും. രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്താനുള്ള ക്രമീകരണങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുമെന്ന് ഡി.എം.ഒ ഡോ.എൽ. അനിതകുമാരി പറഞ്ഞു. അതേസമയം, പരാതിയിന്മേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
പ്രതി തിരുവനന്തപുരത്തും ദൃശ്യങ്ങൾ പകർത്തി
അടൂർ: അടൂർ ദേവി സ്കാനിങ് സെന്ററിലെ റേഡിയോഗ്രാഫർ അൻജിത് എം.ആർ.ഐ സ്കാനിങ്ങിനെത്തിയ 20 സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ആദ്യം എട്ടുപേരുടെ ദൃശ്യങ്ങൾ കണ്ടെത്തി. ഇയാൾ നേരേത്ത ഇവരുടെതന്നെ തിരുവനന്തപുരം സ്കാനിങ് സെന്ററിൽ ജോലി ചെയ്തപ്പോൾ 12 സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൂടുതൽ നഗ്നത ദൃശ്യമാകുന്നവ ഒഴിച്ചുള്ളവ ഇയാൾ ഫോണിൽനിന്ന് നീക്കിയിരുന്നു. ഇവ വീണ്ടെടുക്കാനായി മൊബൈൽ ഫോൺ തിരുവനന്തപുരം ഫോറൻസിക് ലാബിൽ അയക്കുമെന്ന് അടൂർ ഡിവൈ.എസ്.പി ആർ. ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.