തൊടുപുഴ: സാധാരണക്കാരുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വട്ടിപ്പലിശക്കാരും ബ്ലേഡ് സംഘങ്ങളും വീണ്ടും പിടിമുറുക്കി. കോവിഡും മറ്റും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് തൊടുപുഴയിലും ജില്ലയുടെ പല മേഖലകള്‍ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്.
നേരത്തേ ചെറുകിട വ്യാപാരികളെയും മോട്ടോര്‍ തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് വട്ടിപ്പലിശക്കാര്‍ രംഗത്തിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വീടുകളിലെ വീട്ടമ്മമാരും മറ്റുമാണ് ഇവരുടെ ഇരകള്‍. നേരത്തേ പൊലീസ് ശക്തമായ നടപടിയെടുത്തതിനെത്തുടര്‍ന്ന് പലിശക്കാര്‍ അപ്രത്യക്ഷമായിരുന്നു.
ബസ് സ്റ്റാന്‍ഡും ചെറുകിട ടൗണുകളും കേന്ദ്രീകരിച്ച് ചെറു തുകകള്‍ നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ബസ് ജീവനക്കാര്‍ക്കും ഓട്ടോക്കാര്‍ക്കും മറ്റും 1000 മുതല്‍ പരമാവധി 25,000 രൂപ വരെ നല്‍കി വന്നിരുന്നവരാണ് ഇവര്‍. പണം വാങ്ങുന്നവര്‍ സമയത്ത് കൊടുക്കാതിരുന്നാല്‍ ഭീഷണിയും മറ്റുമായിരിക്കും ഫലം. ലക്ഷങ്ങള്‍ കടമായി നല്‍കുന്നത് ഭൂമിയുടെ ആധാരവും ചെക്കും പ്രോമിസറി നോട്ടും മറ്റും വാങ്ങിയായിരിക്കും. പണം നല്‍കി കുറച്ച് നാളിനുള്ളില്‍ പലിശയുള്‍പ്പെടെ തുക പതിന്മടങ്ങാകും. ഇതോടെ കടം വാങ്ങിയയാള്‍ പിടിച്ചുനില്‍ക്കാനാവാതെ ആധാരമുള്‍പ്പെടെയുള്ളവ ബ്ലേഡുകാരന് കൊടുക്കാന്‍ നിര്‍ബന്ധിതമാകും. തൊടുപുഴ മേഖലയില്‍ ഒട്ടേറെപ്പേര്‍ക്ക് ബ്ലേഡുകാരുടെ കെണിയില്‍പെട്ട് കിടപ്പാടവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ബ്ലേഡ് സംഘങ്ങളുടെ പ്രവര്‍ത്തനം അതിരുവിട്ടപ്പോഴാണ് ഇവരെ നിലക്കുനിര്‍ത്താന്‍ ഓപറേഷന്‍ കുബേര കൊണ്ടുവന്നത്. ഇതിന്‍റെ ഭാഗമായി നിരവധി പലിശക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും പലരില്‍നിന്നും കൈയടക്കിവെച്ചിരുന്ന രേഖകള്‍ പിടികൂടുകയും ചെയ്തിരുന്നു. പല ബ്ലേഡുകാരും ജയിലിലാകുകയും ചെയ്തു. ഇതോടെ പതിവായി പലിശയിടപാട് നടത്തി കൊള്ളലാഭം എടുത്തിരുന്ന ബ്ലേഡ് സംഘങ്ങള്‍ പിന്‍വാങ്ങിയിരുന്നു. ഇപ്പോൾ വീട്ടമ്മമാര്‍ക്ക് പണം പലിശക്ക് നില്‍കുന്ന ബ്ലേഡുകാര്‍ പലപ്പോഴും ഇവരെ കടക്കെണിയില്‍നിന്നും രക്ഷിക്കാനെന്ന വ്യാജേന കൂടുതല്‍ കുരുക്കിലാക്കുകയാണ്. കടം തീര്‍ക്കാനെന്ന പേരില്‍ മറ്റ് പണമിടപാടുകാരില്‍നിന്ന് വീണ്ടും പലിശക്ക് പണമെടുത്ത് കൂടുതല്‍ കെണിയിലാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. തോട്ടം കാർഷിക മേഖലയിലടക്കം ഇത്തരക്കാർ വിലസുന്നുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.