മംഗലപുരം: മംഗലപുരത്ത് നെല്ലിമൂട് ആഡംബര വില്ലയിൽനിന്ന് 38 പവൻ മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശി സ്പൈഡർ സതീഷ് എന്ന കാരി സട്ടി ബാബു (36) ആണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്. മോഷണശേഷം കെ.എസ്.ആർ.ടി.സി ബസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്തുടർന്നായിരുന്നു അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
ജൂൺ രണ്ടിനായിരുന്നു മോഷണം നടന്നത്. തമിഴ്നാട്, ചെന്നൈ, കാഞ്ചീപുരം, ആന്ധ്രപ്രദേശിലെ തിരുപ്പതി, കൊപ്പം വിശാഖപട്ടണം, വിജയനഗരം, കടപ്പ എന്നിവിടങ്ങളിൽ 17 ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ ആന്ധ്രപ്രദേശിലെ കടപ്പയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. മോഷണമുതലുകൾ പൂർണമായി കണ്ടെത്തിയതായി റൂറൽ എസ്.പി. കിരൺ നാരായൺ പറഞ്ഞു.
കർണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എഴുപതിൽപരംകവർച്ച കേസുകളിൽ പ്രതിയാണ്. ആന്ധ്രയിലെ മന്ത്രി കൺപൂർ ബാബുരാജിന്റെ വീട്ടിൽനിന്ന് ഏഴ് കിലോ സ്വർണം കവർന്നകേസിലും കാഞ്ചിപുരത്ത് ജുവലറി ഉടമയുടെ വീട്ടിൽനിന്നും ഒന്നര കിലോ സ്വർണ്ണം കവർന്ന കേസിലും പ്രതിയാണ്. ഇതിൽ ജയിൽ മോചനം കഴിഞ്ഞ് നാല് ദിവസം കഴിയുമ്പോഴാണ് കേരളത്തിലെത്തി മോഷണം നടത്തിയത്. മോഷണം നടത്തി കിട്ടുന്ന സ്വർണംവിറ്റ് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. എത്ര ഉയർന്ന ചുമരുകളും നിസാരംപോലെ കയറിയാണ് വീടിനുള്ളിൽ പ്രവേശിക്കുന്നത്. യൂട്യൂബിൽ വരുന്ന കെട്ടിടങ്ങൾ, ആഡംബര വില്ലകൾ എന്നിവ കണ്ട് പഠിച്ച ശേഷമാണ് സ്ഥലത്തെത്തി പ്രതി മോഷണം നടത്തുന്നത്. ഒറ്റദിവസം കൊണ്ട് തന്നെ മോഷണം നടത്തി തിരികെ നാട്ടിലേക്ക് മടങ്ങുന്നതാണ് രീതി.
പ്രതിക്ക് വിശാഖപട്ടണം, ബാംഗ്ലൂർ, കടപ്പ എന്നിവിടങ്ങളിൽ നാല് ആഡംബര ഫ്ലാറ്റുകളുണ്ട്. മോഷ്ടിക്കുന്ന സ്വർണം ആന്ധ്രയിലും ബാംഗ്ലൂരും കൊണ്ടുപോയി വ്യാപാരികൾക്ക് വിൽക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി എ. പ്രദീപ് കുമാർ, മംഗലാപുരം എസ്.എച്ച്.വൈ മുഹമ്മദ് ഷാഫി, കഠിനംകുളം എസ്.ഐ എസ്.എസ്. ഷിജു, മംഗലപുരം എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ലിജു, ഷാഡോ ടീമിലെ എസ്.ഐ ദിലീപ്, രാജീവ്, റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.