വൈക്കം: സംഗീത സംവിധായകൻ ജയ്സൺ ജെ.നായരെ ആക്രമിക്കുകയും വാൾവീശി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.
വെച്ചൂർ മുച്ചൂർകാവ് സ്വദേശി അർജുനനെയാണ്(18) വൈക്കം പൊലീസ് പിടികൂടിയത്. അർജുനനെ സറ്റേഷനിലെത്തിയ ജയ്സൻ ജെ.നായർ തിരിച്ചറിഞ്ഞു. മുഖത്തടിക്കുകയും വാളുപോലെയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതും ഇയാളാണെന്ന് ജയ്സൻ പൊലീസിന് മൊഴിനൽകി. കേസിൽ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
ഒന്നരവർഷം മുമ്പ് ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് അർജുൻ പിടിയിലായിരുന്നെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാതെ ഗുണദോഷിച്ച് വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ജനജീവിതത്തിന് ഭീഷണിയായി മാറിയ ക്രിമിനൽ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ജനകീയാവശ്യത്തെ തുടർന്ന് വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയത്.
വൈക്കം സി.ഐ. ഷിഹാബുദ്ദീൻ, എസ്.ഐ. അജ്മൽ ഹുസൈൻ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രിൻസ്, സെയ്ഫുദ്ദീൻ തുടങ്ങിയവർ ചേർന്നാണ് വീടിനു സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്.
വയലാർ ശരത്ചന്ദ്രവർമയുടെ വീട്ടിൽ നടന്ന കലാകാരന്മാരുടെ കൂട്ടായ്മയിൽ പങ്കെടുത്തശേഷം ചൊവ്വാഴ്ച രാത്രി എട്ടോടെ കാറിൽ കല്ലറ ഭാഗത്തേക്കുവന്ന ജയ്സൺ സുഹൃത്തിെൻറ ഫോൺ വന്നതിനെ തുടർന്ന് കാർനിർത്തി. ഇതിനിടെയെത്തിയ പ്രതികൾ മർദിക്കുകയും പണം ആവശ്യെപ്പട്ട് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.