ശ്രീകണ്ഠപുരം: പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ദേഹത്ത് ഡീസലൊഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മാഹി മദ്യവും പിടിച്ചെടുത്തു.
ചുഴലി വടക്കേമൂലയിലെ പി.വി. ജിഷ്ണു പ്രസാദിനെ(31)യാണ് ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ കെ. രത്നാകരനും സംഘവും സാഹസികമായി പിടികൂടിയത്. ചെങ്കല്‍ ലോറിഡ്രൈവറാണ് ജിഷ്ണുപ്രസാദ്. കോഴിക്കോട് ഭാഗത്തേക്ക് ലോറിയില്‍ ചെങ്കല്ലുമായി ഇയാള്‍ പോകാറുണ്ട്. തിരിച്ചുവരുമ്പോള്‍ മാഹിയില്‍നിന്ന് വന്‍തോതില്‍ മദ്യം കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുക പതിവായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവാവ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്കായി എക്സൈസ് ഇയാളുടെ വീട്ടുപരിസരത്ത് എത്തിയപ്പോഴാണ് ദേഹത്ത് ഡീസലൊഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതോടെ എക്സൈസ് ഉദ്യോഗസ്ഥര്‍ യുവാവിനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ജിഷ്ണുപ്രസാദിനെ എക്സൈസ് ഓഫിസില്‍ എത്തിച്ച് മോട്ടോർ ഉപയോഗിച്ച് വെള്ളത്തില്‍ കുളിപ്പിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ലിറ്റര്‍ മാഹിമദ്യം പിടിച്ചെടുത്തു. തളിപ്പറമ്പ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.