ശ്രീകണ്ഠപുരം: സിമൻറ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍നിന്നായി 14 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയില്‍. തമിഴ്നാട് കൂനൂര്‍ കോളജ് റോഡില്‍ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി കെ. മണിയെയാണ് (46) അറസ്റ്റ് ചെയ്തത്.
സുവാരി സിമൻറ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് ചെങ്ങളായി പെരിങ്കോന്നിലെ റിട്ട. ബാങ്ക് സെക്രട്ടറി മഞ്ഞേരിവീട്ടില്‍ പി.ജി. മുകുന്ദന്, മുകുന്ദെൻറ മകനും വിമുക്ത ഭടനുമായ ഷാജി മുകുന്ദന്, ചെങ്ങളായി കുണ്ടങ്കൈയിലെ ചൈത്രത്തില്‍ കെ.വി. ബാലകൃഷ്ണന് എന്നിവരാണ് തട്ടിപ്പിനിരയായത്.
ഓരോ 10 ദിവസം കൂടുമ്പോഴും 15,000 രൂപ ലാഭവിഹിതമായും മാസംതോറും ഓരോ സ്വർണ നാണയവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഓഹരി വേണ്ടെന്ന് വെക്കുമ്പോള്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും വിശ്വസിപ്പിച്ചിരുന്നു. മുകുന്ദനില്‍നിന്ന് 2017-18 കാലയളവില്‍ മൂന്നര ലക്ഷം രൂപയും ഷാജിയില്‍നിന്ന് 2017 നവംബര്‍ ഒന്നു മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ഏഴു ലക്ഷം രൂപയും കെ.വി. ബാലകൃഷ്ണനില്‍നിന്ന് 2018 മാർച്ചില്‍ മൂന്നര ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്.
ആദ്യതവണ കൃത്യമായി ലാഭവിഹിതം ലഭിച്ചുവെങ്കിലും പിന്നീട് അത് മുടങ്ങി. ഓഹരിയായി നിക്ഷേപിച്ച പണം തിരിച്ചുനല്കിയതുമില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. മൂന്നുപേരുടെയും പരാതികളിൽ ശ്രീകണ്ഠപുരം പൊലീസ് മൂന്ന് കേസുകളാണ് എടുത്തത്. സുവാരി സിമൻറ് കമ്പനിയുമായി ഇയാള്‍ക്ക് ഒരു ബന്ധവുമില്ലെന്നും തമിഴ്നാട്ടിലുൾപ്പെടെ പലയിടത്തും സമാന തട്ടിപ്പ് മണി നടത്തിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘവും ഇയാളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ മണിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശെൻറ മേൽനോട്ടത്തിൽ എസ്.ഐ എ.വി. ചന്ദ്രൻ, എ.എസ്.ഐ എം. സുരേഷ്, സി.പി.ഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.