മരട് (കൊച്ചി): കുണ്ടന്നൂരിലെ ബാർ ഹോട്ടലില്‍ അക്രമികൾ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഒരു പ്രകോപനവും കൂടാതെ. ഹോട്ടല്‍ ഓജീസ് കാന്താരി ബാറില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ടുപേര്‍ മദ്യപിച്ചതിന്‍റെ പണം നൽകിയശേഷം തോക്ക് ഉപയോഗിച്ച് ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൊല്ലം സ്വദേശി റോജന്‍, സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികളെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുക്കും.
ഇരുവരും മദ്യപിച്ച ശേഷം കൗണ്ടറിലെത്തി പണം നൽകി. തുടർന്ന് കൈയിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് കൗണ്ടറിലുള്ളവരെ തിരിച്ചും മറിച്ചും കാട്ടി. എന്താണ് സംഭവിക്കുന്നത് എന്ന് ബാർ ജീവനക്കാർ അറിയും മുമ്പ് ഭിത്തിയിലേക്ക് ചൂണ്ടി രണ്ട് റൗണ്ട് വെടിയുതിർത്തു. തുടർന്ന് ഒന്നും സംഭവിക്കാത്തത് പോലെ ഓട്ടോറിക്ഷയിൽ കയറി പുറത്തേക്ക് പോകുകയും ചെയ്തു.
പിന്നീട് ഇരുവരെയും ആലപ്പുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അര്‍ധരാത്രിയോടെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു.
സംഭവം ആദ്യം മറച്ചുവെക്കാനാണ് ബാർ ജീവനക്കാർ ശ്രമിച്ചതെന്ന് ആരോപണമുണ്ട്. പകൽ നടന്ന സംഭവം രാത്രി ഏഴ് മണിയോടെയാണ് ബാർ അധികൃതർ അറിയിച്ചതെന്ന് പറഞ്ഞ പൊലീസ്, ബാർ താല്‍ക്കാലികമായി അടക്കാൻ നിർദേശിച്ചിരുന്നു. പരിശോധനയില്‍ വെടിയുണ്ട കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വെടിയുതിര്‍ത്തവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്ന് ഫോറന്‍സിക് സംഘം പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.