തിരുവനന്തപുരം: തൊണ്ടിമുതലുകൾ കാണാതായ കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിലെ ചെസ്റ്റുകൾ പൊലീസ് തുറന്നുപരിശോധിച്ചു. കുറേ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്നതിൽ പുറത്തുവന്നതിനേക്കാൾ കൂടുതൽ തൊണ്ടിമുതലുകൾ നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന നടപടികളാണ് പേരൂർക്കട പൊലീസിെൻറ നേതൃത്വത്തിൽ നടക്കുന്നത്. രാത്രി വൈകിയും പരിശോധന തുടർന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യുന്ന നടപടികളും തുടരുകയാണ്.
കലക്ടറേറ്റിലെ ആർ.ഡി.ഒ ഓഫിസിൽ സൂക്ഷിച്ചിരുന്ന പണവും 70 പവനോളം സ്വർണവും വെള്ളിയുമടക്കമുള്ള തൊണ്ടിമുതലുകൾ കാണാതായതാണ് കേസിനാധാരം. ഈ സംഭവത്തിൽ സബ്കലക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സമിതിയുടെ അന്വേഷണവും തുടരുകയാണ്. സബ്കലക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശിപാർശയും റവന്യൂ മന്ത്രി കെ. രാജൻ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഓഫിസിൽ തൊണ്ടിമുതലിെൻറ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന സീനിയർ സൂപ്രണ്ടുമാരായിരുന്ന ചില ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി പൊലീസ് ചോദ്യംചെയ്തിരുന്നു. തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്നയിടത്തെ പൂട്ടുകളൊന്നും നശിപ്പിക്കപ്പെടാത്തതിനാലാണ് സംഭവത്തിൽ ജീവനക്കാരുടെ പങ്ക് കൂടുതലായി സംശയിക്കുന്നത്. തൊണ്ടിമുതൽ നഷ്ടമായതായി സംശയിക്കുന്ന 2010 മുതൽ 2019 വരെ കാലയളവിൽ സീനിയർ സൂപ്രണ്ടുമാരായി ജോലി ചെയ്ത 26 പേരെയും അടുത്ത ദിവസങ്ങളിൽ മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നാണ് വിവരം.
ഈ കാലഘട്ടത്തിന് ശേഷമാണോ തട്ടിപ്പ് നടന്നതെന്ന സംശയവുമുണ്ട്. അതിനാൽ 2019 മുതൽ ചുമതലയുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. വർഷങ്ങൾ പഴക്കമുള്ള സാധനങ്ങളായതിനാൽ ഏത് കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് തെളിയിക്കാൻ ഏറെ പ്രയാസമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.