ആലുവ: നിയമ വിദ്യാർഥിയായിരുന്ന മൊഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ വാങ്ങി. പ്രതികളായ മൊഫിയ പർവീനിന്‍റെ (21) ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. ഉച്ചയോടെയാണ് കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈബ്രാഞ്ച് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങിയത്.
മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഇവരെ കസ്‌റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി പ്രതികളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പറഞ്ഞു. മൊഫിയയുടെ ആത്‍മഹത്യ കുറിപ്പിലെ കൈയ്യക്ഷരം പരിശോധിക്കാൻ അയച്ചിട്ടുണ്ട്. ഇതിനിടയിൽ സുഹൃത്തുക്കളടക്കമുള്ള നിരവധി പേരിൽ നിന്ന് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികൾ അഭിഭാഷകൻ മുഖേന ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തയായ എതിർക്കുകയും കസ്‌റ്റഡി അപേക്ഷ നൽകുകയും ചെയ്തിരുന്നതിനാലാണ് ജാമ്യം നിഷേധിച്ചത്. തങ്ങൾ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ ജാമ്യാപേക്ഷ നൽകിയിരുന്നത്.
പൊലീസ് ഉദ്യോഗസ്‌ഥന്‍റെ മുന്നിൽവെച്ച് ഭർത്താവിനെ തല്ലിയെന്നും ശേഷം അസ്വഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും പ്രതിക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി. ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നുമുണ്ടായ പീഡനത്തിൽ നീതി കിട്ടില്ലെന്ന തോന്നലിലാണ് ആത്മഹത്യ. മാനസിക, ശാരീരിക പീഡനം പ്രതികളിൽ നിന്നുണ്ടായി. പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആലുവ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ഗ്യാസ് ഗോഡൗണിന് സമീപം കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്‍റെ മകൾ മൊഫിയ പർവീനാണ് (21) മരിച്ചത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി ഭർത്താവിനും ഭർതൃവീട്ടുകാർക്കും ആലുവ സി.ഐക്കുമെതിരെ കത്ത് എഴുതിവെച്ച് തൂങ്ങി മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.