ലഖ്നോ: തലക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കൊടുംകുറ്റവാളിയെ എൻകൗണ്ടറിൽ വെടിവെച്ചു കൊന്ന് ഉത്തർ പ്രദേശ് പൊലീസ്. 17കാരിയായ കാജളിനെ വെടിവെച്ചു കൊന്നതടക്കം നിരവധി കേസുകളിൽ പ്രതിയായ വിജയ് പ്രജാപതി ആണ് ഗൊരഖ്പുരിൽ കൊല്ലപ്പെട്ടത്.
ഗഗഹ പൊലീസുമായി സോൻബർസ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. കീഴടങ്ങാൻ ആവശ്യപ്പെട്ട പൊലീസിന് നേരെ വിജയ് വെടിയുതിർത്തെന്നും ഇതിനു പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാൾ ഇരുളിന്‍റെ മറവിൽ ഓടിരക്ഷപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് വിജയ് പ്രജാപതി. ഇയാൾ സഞ്ചരിച്ച ബൈക്കും പിസ്റ്റളും പൊലീസ് പിടിച്ചെടുത്തു. വിവിധ റാങ്കുകളിലുള്ള പൊലീസ്, സി.ബി.ഐ ഉദ്യോഗസ്ഥരുടെ വ്യാജ ഐ.ഡി കാർഡും ഇയാളിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ മാസം 20നാണ് കാജൾ എന്ന 17കാരിയെ വിജയ് വെടിവച്ചു കൊന്നത്. പെൺകുട്ടിയുടെ പിതാവുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നു ഇത്. പിതാവിനെ വിജയ് മർദിക്കുന്നത് െമാബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുന്നതിനിടയിൽ കാജളിന് വെടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാജൾ അഞ്ച് ദിവസത്തിനു ശേഷം മരിച്ചു. സംഭവത്തിനുശേഷം മുങ്ങിയ വിജയ്ക്കായി വ്യാപക തിരച്ചിൽ നടക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ കണ്ടെത്തുന്നതും എൻകൗണ്ടറിൽ വധിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.