കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു അറസ്റ്റിൽ

കട്ടപ്പന: കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു വീണ്ടും അറസ്റ്റിൽ. ബുള്ളറ്റ് ബൈക്ക് മോഷണക്കേസിലാണ് കാമാക്ഷി വലിയപറമ്പിൽ ബിജുവിനെ (46) അറസ്റ്റ് ചെയ്തത്.ബിജുവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം,വാഹന മോഷണം തുടങ്ങി 500ഓളം കേസുകളുണ്ട്. പല കേസിലായി 15 വർഷം ജയിൽശിക്ഷ അനുഭവിച്ചു. ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങിക്കൂട്ടുകയാണ് പതിവ്.

ഡിസംബർ മുതൽ ഇടുക്കിയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് അഞ്ചോളം ബുള്ളറ്റ് മോഷ്ടിക്കുകയും രണ്ടെണ്ണം പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിൽ വിറ്റു. സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസിനെ ആക്രമിച്ചതിനു മൂന്ന് കേസുകളും ഉണ്ട്. ഭീഷണി ഭയന്ന് നാട്ടിൽ ആരും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പൊലീസിന് കൈമാറാൻ തയാറായിരുന്നില്ല.

തമിഴ്നാട്ടുകാരായ കൊടുംകുറ്റവാളികളെ കൂടെ താമസിപ്പിച്ച് വൻ തോതിലുള്ള കവർച്ചക്ക് പദ്ധതിയിടുന്നതിനിടയിലാണ് പിടിയിലായത്. ഇയാളുടെ മകനും നിരവധി മോഷണക്കേസിലെ പ്രതിയാണ്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ, തങ്കമണി സി.ഐ അജിത്, എസ്.ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, എ.എസ്.ഐ സുബൈർ, എസ്.സി.പി.ഒമാരായ ജോർജ്, ജോബിൻ ജോസ്, പി.ജെ. സിനോജ്, ടോണി ജോൺ, സി.പി.ഒമാരായ ടിനോജ്, അനസ് കബീർ, വി.കെ. അനീഷ്, പി.എസ്. സുബിൻ, ജിമ്മി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Notorious thief Kamakshi Biju arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.