തിരുവനന്തപുരം: തന്ത്രപ്രധാന മേഖലയായ ബ്രഹ്മോസിന് സമീപത്ത് നിന്ന് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് നടത്തിയത് രണ്ടാഴ്ചയോളം രാത്രിയും പകലും നീണ്ട പരിശ്രമം. 100ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സംശയം തോന്നിയവരുടെ ഫോട്ടോകൾ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജയിലുകളിലേക്കും നൽകിയാണ് ഒടുവിൽ ഹസൻ കുട്ടിയെന്ന കുപ്രസിദ്ധ കുറ്റവാളിയിലേക്ക് അന്വേഷണസംഘമെത്തിയത്.
ഫെബ്രുവരി 19ന് കുട്ടിയെ കിട്ടിയതുമുതൽ അന്വേഷണസംഘം പ്രതിക്ക് പിന്നാലെ തന്നെയായിരുന്നു. ആദ്യം അന്വേഷിച്ചത് പോക്സോ കേസിൽ ഉൾപ്പെട്ട എത്രപേർ അടുത്തിടെ പുറത്തിറങ്ങി എന്നതായിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവദിവസം നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് സംശയാസ്പദമായ രീതിയിൽ പേട്ട ഭാഗത്ത് ശരീരം പുതച്ചുമൂടിയ നിലയിൽ ഒരാൾ രാത്രി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ബ്രഹ്മോസിന് സമീപം വരെ ഇയാൾ എത്തിയതായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അന്ന് പുലർച്ചെ കുട്ടിയെ കണ്ടെത്തിയ റെയിൽവേ ട്രാക്കിന് മറുവശത്തെ റോഡിലൂടെ ഇയാൾ വീണ്ടും ബൈക്കിൽ ലിഫ്റ്റ് വാങ്ങി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ സംശയം ബലപ്പെട്ടു. പ്രതിയുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്കാണ് ആദ്യം അയച്ചത്. അതിൽ നിന്നാണ് ആയിരൂരിൽ 11കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണിതെന്ന് വ്യക്തമായത്.
ഇതിനിടെ മൊബൈൽ ഡബിങ്ങിലൂടെ സംഭവദിവസം ഇയാളുടെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നത് സ്ഥിരീകരിക്കാൻ പൊലീസിനായി. ജയിലിൽനിന്ന് ഇയാൾ ആധാർ എടുത്തെങ്കിലും അയിരൂരിലെ മേൽവിലാസമാണ് നൽകിയിരുന്നത്. എന്നാൽ അവിടെ എത്തിയപ്പോഴേക്കും ആ വീടുമായി ഇയാൾക്ക് ബന്ധമില്ലെന്ന് കണ്ടെത്തി. തുടർന്ന് വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒരു സ്ഥലത്തും ഇയാൾ സ്ഥിരമായി നിൽക്കാത്തത് പൊലീസിനെ വലച്ചു. പിടിക്കപ്പെടാതിരിക്കാൻ മൊട്ടയടിച്ച് പ്രതി രൂപമാറ്റം വരുത്തിയതും പൊലീസിനെ വലച്ചു. ഒടുവിൽ ദിവസങ്ങൾ നീണ്ട അലച്ചിലിനൊടുവിലാണ് ഞായറാഴ്ച കൊല്ലത്തെ ചിന്നക്കടയിൽനിന്ന് ദൃശ്യങ്ങളോട് സാമ്യമുള്ളയാളെ കണ്ടതായ വിവരം ലഭിക്കുന്നത്.
ശരീരഭാഷയും വസ്ത്രധാരണവും നടത്തവും കണ്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ട് പോകുമ്പോൾ ധരിച്ചിരുന്ന ഷർട്ടും കൈയിലുമാണ് ഇയാൾ പിടിയിലാകുമ്പോഴും ധരിച്ചിരുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇയാൾക്ക് മറ്റ് മാനസിക പ്രശ്നമില്ല. നാടോടികളായ കുട്ടികളെ ഉപദ്രവിക്കുകയാണ് ഇയാൾക്ക് ഹരം. പലപ്പോഴും കുട്ടിയെ തിരികെ കിട്ടുമെന്നതിനാൽ ഇതര സംസ്ഥാനക്കാരായ മാതാപിതാക്കൾ പരാതി നൽകാറില്ല. ഇത്തരത്തിൽ ചില കാര്യങ്ങൾ ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുമെന്നും കമീഷണർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.