കോഴിക്കോട്: എരഞ്ഞിപ്പാലത്തും ചെമ്മലത്തൂരും വെച്ച് ഭയപ്പെടുത്തി മാല പിടിച്ചുപറിച്ച സംഘം പിടിയിൽ. നടുവട്ടം സ്വദേശി സൽമാൻ ഫാരിസ്, വട്ടക്കിണർ സ്വദേശി മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ.ജോസും നടക്കാവ് സബ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
നാൽപതിലധികം സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ 5000 മെഗാബൈറ്റിലധികം ഡിജിറ്റൽ ഡാറ്റയാണ് അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈം സ്ക്വാഡ് പരിശോധിച്ചത്. പൊലീസിനെ കബളിപ്പിക്കാൻ പിടിച്ചുപറിക്കാർ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. ദൃശ്യം സിനിമ ആവർത്തിച്ച് കണ്ടാണ് പൊലീസിന്‍റെ ചോദ്യംചെയ്യൽ എങ്ങനെ തരണം ചെയ്യാം എന്ന് മനസ്സിലാക്കിയത്. പിടിച്ചുപറി നടത്തിയ ചൊവ്വാഴ്ച പ്രതി വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ഞായറാഴ്ച രാത്രി സിനിമ കാണാൻ പോയത് തിങ്കളാഴ്ച രാത്രിയാണെന്നും അതിന്റെ ക്ഷീണം കൊണ്ട് ചൊവ്വാഴ്ച വീട്ടിൽ കിടന്നുറങ്ങുകയായിരുന്നുവെന്നുമാണ് സ്ഥാപിക്കാൻ ശ്രമിച്ചത്.
അതിനായി അയൽവാസികളോടും കൂട്ടുകാരോടും തിങ്കളാഴ്ച രാത്രി സിനിമകണ്ടെന്ന് പറഞ്ഞ് സിനിമ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ടൗണിൽ മാല പൊട്ടിക്കാൻ കറങ്ങുന്നതിനിടെ ഫോൺ വന്നവരോടൊക്കെ വീട്ടിലാണെന്നാണ് പറഞ്ഞത്. പൊലീസിന്‍റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ചതും സൈഡ് വ്യൂ മിറർ അഴിച്ചുമാറ്റിയതും പിന്നെ അവർ സ്വയം പ്രചരിപ്പിച്ച കഥയുമായിരുന്നു പ്രതികൾക്കുണ്ടായിരുന്ന ആത്മവിശ്വാസം. അന്വേഷണത്തിന്‍റെ ഭാഗമായി ഞായറാഴ്ച കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സിനിമകഥയെ വെല്ലുന്ന പിടിച്ചുപറിയുടെ രഹസ്യം ചുരുളഴിഞ്ഞത്.
പിടിച്ചുപറിയിലൂടെ കിട്ടുന്ന പണം കൊണ്ട് ലഹരി വ്യാപാരം നടത്തി പെട്ടെന്ന് പണക്കാരാകുകയായിരുന്നു ലക്ഷ്യം.
ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാർ, സി.കെ. സുജിത്, ഷാഫി പറമ്പത്ത്, പന്തീരാങ്കാവ് എസ്.ഐ എസ്.പി. മുരളീധരൻ, നടക്കാവ് എ.എസ്.ഐ. പി.കെ. ശശികുമാർ, സി.പി.ഒ ബബിത്ത്, സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ, കെ. ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.