ബംഗളൂരു: മോഷ്ടിക്കുന്ന പണത്തിൽനിന്ന് ഒരു പങ്ക് പാവങ്ങൾക്ക് വിതരണം ചെയ്യുന്ന 'വ്യത്യസ്തനാം മോഷ്ടാവി'നെ ബംഗളൂരു പൊലീസ് പിടികൂടി. റോബിൻഹുഡ് സ്റ്റൈലിൽ മോഷണം നടത്തുന്ന ജോൺ മെൽവിൻ (46) ആണ് പിടിയിലായത്.
കൈയിൽ എപ്പോഴും ബൈബിൾ സൂക്ഷിക്കുന്ന ഇയാൾ മോഷ്ടിക്കുന്ന പണത്തിന്റെ ഒരു വിഹിതം വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികൾക്ക് സമീപം ഭിക്ഷയാചിക്കുന്നവർക്കാണ് നൽകാറുള്ളത്. വിജയനഗറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്.
ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ ഒറ്റക്കായിരുന്നു ഇയാളുടെ താമസം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടന്ന 50ഓളം മോഷണങ്ങളില്‍ ജോണ്‍ മെല്വിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 1994ലായിരുന്നു ആദ്യ മോഷണം. തുടര്‍ന്ന് നടന്ന മോഷണങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമെടുക്കുന്നതായിരുന്നു പതിവ്.
ഒരു ഭാഗം പാവപ്പെട്ടവര്‍ക്കുവേണ്ടി മാറ്റിവെച്ചതിനുശേഷം ബാക്കിയുള്ള തുക സ്പാകളില്‍നിന്ന് മസാജ് ചെയ്യാനും നല്ലരീതിയിൽ ഭക്ഷണം കഴിക്കാനുമാണ് ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.