ബല്ലിയ (ഉത്തർപ്രദേശ്): രാജ്യത്തെ പിടിച്ചുകുലുക്കി ഡൽഹിയിൽ നിർഭയ എന്ന യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന് പതിനൊന്നാണ്ട് തികയുമ്പോൾ പൊലീസിനും പ്രോസിക്യൂഷൻ സംവിധാനത്തിനും ഒരു മാറ്റവുമില്ലെന്ന അഭിപ്രായവുമായി പിതാവ്. നരേന്ദ്ര മോദി സർക്കാർ പല മേഖലകളിലും രാജ്യത്തെ ഉയരങ്ങളിലെത്തിച്ചെങ്കിലും സ്ത്രീസുരക്ഷയിലും സ്ത്രീകളോടുള്ള ക്രൂരത തടയുന്നതിലും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
നിയമങ്ങൾ മാറ്റിയെഴുതിയതുകൊണ്ടുമാത്രമായില്ല, പൊലീസ് സംവിധാനത്തിലും പൊളിച്ചെഴുത്ത് ആവശ്യമാണ്. കുറ്റകൃത്യമുണ്ടായാൽ ആദ്യം അത് മറച്ചുവെക്കാനും പരാതിക്കാരെ ഒതുക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്. നിർബന്ധിത സാഹചര്യത്തിൽ കേസെടുത്താൽതന്നെ തെളിവുകൾ സംരക്ഷിക്കാൻ അവരൊന്നും ചെയ്യുന്നില്ല. കോടതിയിലാകട്ടെ, വൻ ഫീസ് വാങ്ങുന്ന പേരുകേട്ട അഭിഭാഷകർ ക്രിമിനലുകൾക്കായി വാദിക്കാനെത്തും. ഇരകൾക്കായി ഹാജരാകുന്ന സർക്കാർ അഭിഭാഷകർ പരാജയപ്പെടുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
2012 ഡിസംബർ 16ന് രാത്രിയാണ് 23കാരിയായ നിർഭയ ഡൽഹിയിൽ ഓടുന്ന ബസിൽ ക്രൂര മാനഭംഗത്തിനിരയായത്. ദിവസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.