നാദാപുരം: സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽപെട്ട് അറസ്റ്റിലാവുന്ന പ്രതികളെ രക്ഷപ്പെടുത്താൻ ഗൂഢസംഘം. പോക്കറ്റടി, മോഷണം, പിടിച്ചുപറി ഉൾപ്പെടെയുള്ള കേസുകളിൽപെട്ട് പൊലീസിന്റെ പിടിയിലാവുന്നവരെ പരാതിക്കാരെ സ്വാധീനിച്ച് രക്ഷപ്പെടുത്തുന്നതാണ് സംഘത്തിന്റെ രീതി. ഇതര സംസ്ഥാനക്കാർ ഉൾപ്പെടുന്ന മോഷണക്കേസുകളാണ് ഏറിയ പങ്കും കോടതിയിൽ ഒത്തുതീർപ്പിലെത്തിക്കുന്നത്. പ്രതികൾ പിടിക്കപ്പെടുമ്പോൾ പരാതിക്കാർക്ക് മോഷണസാധനങ്ങളുടെ ഇരട്ടി വില നൽകി പ്രലോഭിപ്പിച്ച് കോടതിയിൽ മൊഴിമാറ്റി പരാതി പിൻവലിപ്പിച്ച് രക്ഷപ്പെടുത്തുകയാണ് പതിവ്.
കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ ആഭരണം കവർന്ന കേസിൽ നാദാപുരത്ത് അറസ്റ്റിലായി റിമാൻഡിലായ മധുര സ്വദേശിനി ജയിൽമോചിതയായത് പൊലീസിന് വെല്ലുവിളിയായി. അറസ്റ്റിലായി മൂന്നാമത്തെ ദിവസം തൃശൂർ സ്വദേശിയായ അഭിഭാഷകൻ നാദാപുരത്തെത്തി കേസിന്റെ വിവരങ്ങൾ ശേഖരിച്ചുമടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് പരാതിക്കാരിയായ വീട്ടമ്മ നാദാപുരം മധുര സ്വദേശിനിയുടെ പേരിലുള്ള കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പരാതിയിൽ ഉറച്ചുനിൽക്കണമെന്നും കേസുമായി മുന്നോട്ടുപോവണമെന്നും പൊലീസുകാർ നിർബന്ധിച്ചെങ്കിലും യുവതി തയാറായില്ല. നാദാപുരത്തെ ഒരു അഭിഭാഷകനൊപ്പം കോടതിയിലെത്തിയ പരാതിക്കാരി കേസ് പിൻവലിക്കാൻ അപേക്ഷ നൽകി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചെങ്കിലും പരാതിക്കാരി പിന്മാറിയതോടെ യുവതി ജയിൽമോചിതയായി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിൽ ഇത്തരം മധ്യസ്ഥ ഇടപാടുകൾ വഴി മോഷണക്കേസുകൾ ഒതുക്കിയതായി പൊലീസ് ഉദ്യോഗസ്ഥർതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
റിമാൻഡിലായിരുന്ന മധുര സ്വദേശിനിക്ക് ആലപ്പുഴ, തൃശൂർ ഈസ്റ്റ്, കോഴിക്കോട് കുന്ദമംഗലം, മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലെ കേസ് വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നതേയുണ്ടായിരുന്നുള്ളൂ. 15ഓളം വ്യാജ ഐഡി കാർഡും ആധാർ കാർഡുകളുമാണ് യുവതിയിൽനിന്ന് പിടികൂടിയത്. പിടിക്കപ്പെടുമ്പോൾ വ്യാജ മേൽവിലാസമാണ് പ്രതികളിൽനിന്ന് ലഭിക്കുന്നത്. പ്രതികളെ രക്ഷപ്പെടുത്തുന്ന സംഘങ്ങൾ മോഷ്ടാക്കളെ വീണ്ടും മോഷണത്തിനിറക്കുന്നതായി സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.