പരപ്പനങ്ങാടി: നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവിനെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി റഊഫിനെയാണ് (27) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി നഗരസഭ അധികൃതർ എടുത്ത നിലപാടിനെ ചോദ്യംചെയ്ത് മുൻ കൗൺസിലർ കെ.പി.എം. കോയയുടെ നേതൃത്വത്തിൽ എട്ടുപേർ സംഘടിച്ചെത്തി.
തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫിസ് മുറിയിൽ അതിക്രമിച്ച് കയറി അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
ഏറെ ദിവസമായി സ്ഥലത്തില്ലാതിരുന്ന പ്രതി രാത്രി വീട്ടിലെത്തി എന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കിയെന്നും സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ കോയ എന്നയാൾ കോടതി മുഖേനെ ജാമ്യം എടുത്തിരുന്നു.
പരപ്പനങ്ങാടി എസ്.ഐ നൗഷാദ്, അഡി. എസ്.ഐ രാധാകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഫൈസൽ, സഹദേവൻ, ആൽബിൻ എന്നിവരാണ് കേസന്വേഷിക്കുന്നത്. മറ്റുള്ള പ്രതികളെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.