ആലപ്പുഴ: ഓൺലൈൻ ആപ്പുവഴി വായ്പ നൽകാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയിൽനിന്ന് 2.15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ പാലയാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മുണ്ടുപറമ്പ് വീട്ടിൽനിന്നും ധർമടം ശ്രീഭവനം വീട്ടിൽ വാടകക്ക് താമസിക്കുന്ന നീനു വർഗീസ് (28), സഹോദരൻ മാത്യു (26), കൂത്തുപറമ്പ് നഗരസഭയിൽ നെഹല മഹൽ വീട്ടിൽനിന്നും വേങ്ങാട് പഞ്ചായത്ത് ചക്കരകല്ല് റജില മൻസിലിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് സഹൽ (19) എന്നിവരാണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്.
നാട്ടിലുള്ള പരിചയക്കാരുടെ അക്കൗണ്ടുകൾ എടുപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് പണം എത്തുമ്പോൾ അക്കൗണ്ട് ഉടമക്ക് ചെറിയ തുക നൽകി പിൻവലിച്ചെടുക്കുകയായിരുന്നു പതിവ്. ലക്ഷക്കണക്കിന് രൂപയാണ് പരിചയക്കാരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്. ഈ കേസിലെ ഒന്നാം പ്രതി വിജയനെ ഒരാഴ്ച മുമ്പ് കണ്ണൂർ ഭാഗത്തുനിന്നും പിടികൂടിയിരുന്നു.
ചേർത്തല ഡിവൈ.എസ്.പി ഷാജിയുടെ മേൽനോട്ടത്തിൽ മുഹമ്മ എസ്.എച്ച്.ഒ കെ.എസ്. വിജയൻ, എസ്.ഐ മനോജ് കൃഷ്ണൻ, സീനിയർ സി.പി.ഒമാരായ കൃഷ്ണകുമാർ, ശ്യാംകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.