പത്തനംതിട്ട: അടൂർ മൂന്നാളത്ത് വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ നാല് പ്രതികളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി തുമ്പമൺ നോർത്ത് മുറിയിൽ പുന്നക്കുന്ന് നെടുംപൊയ്ക മേലേതിൽ മോനായി എന്ന ജസ്റ്റിൻ ഡാനിയേൽ(23), കുളനട വില്ലേജിൽ കൈപ്പുഴ നോർത്ത് പാണിൽ ചെങ്ങന്നൂർ വിളയിൽ വീട്ടിൽ പാണിൽ ബിജു എന്ന ബിജു മാത്യു (43), കലഞ്ഞൂർ കാഞ്ഞിരം മുകളിൽ സന്ധ്യ ഭവനം വീട്ടിൽ വിഷ്ണു(19), അടൂർ പെരിങ്ങനാട് മലമേക്കര കടക്കൽ തെക്കേതിൽ വീട്ടിൽ വിഷ്ണു(18) എന്നിവരാണ് പിടിയിലായത്.
ഈമാസം നാലിന് പുലർച്ചയോടെ മൂന്നാളം ശ്രീനിലയം വീട്ടിൽ സന്തോഷ്‌കുമാറിന്റെ വീടിന്‍റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ഹോണ്ടാ ആക്ടീവ സ്‌കൂട്ടറും, യമഹ ആർ എക്സ് 100 മോട്ടോർ സൈക്കിളുമാണ് മോഷണം പോയത്. ആർ എക്സ് 100 വാഹനത്തിൽ ജസ്റ്റിൻ കറങ്ങി നടക്കുന്നതായി ഇലവുംതിട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് ജസ്റ്റിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വണ്ടി വിൽക്കാൻ സഹായിച്ച ബിജു മാത്യുവിനെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പുലർച്ച അടൂർ വാട്ടർ അതോറിറ്റി ഓഫിസിന് സമീപം ബഹുനില കെട്ടിടത്തിൽ ഒളിച്ചിരുന്ന പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്‌കൂട്ടറുകൾ കണ്ടെത്തി. നാലാം പ്രതി പാണിൽ ബിജു ഇലവുംതിട്ട, പന്തളം സ്റ്റേഷൻ പരിധികളിൽ സ്ഥിരം കുറ്റവാളിയാണ്. ഇയാളെ കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു.
ഒന്നാം പ്രതി ജസ്റ്റിൻ ഡാനിയേൽ അടിപിടി കേസിലും, രണ്ടും, മൂന്നും പ്രതികളായ ബിജു മാത്യു, വിഷ്ണു എന്നിവർ മുമ്പ് മൊബൈൽ ഫോൺ, മോട്ടോർ സൈക്കിൾ മോഷണ കേസുകളിലും ജയിൽവാസം അനുഭവിച്ചവരാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പ്രജീഷ്. ടി.ഡി, സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.