നിലമ്പൂർ: മൈസൂരു സ്വദേശി നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതി നൗഷാദുമായി മുഖ‍്യപ്രതി നിലമ്പൂരിലെ ഷൈബിൻ അഷ്റഫിന്‍റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച മഞ്ചേരി സബ് ജയിലിൽനിന്ന് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ നൗഷാദ്, മുഖ്യസൂത്രധാരൻ ഷൈബിൻ അഷ്‌റഫിന്‍റെ അടുത്ത അനുയായിയാണ്. വ‍്യാഴാഴ്ച നിലമ്പൂർ സ്റ്റേഷനിൽ ചോദ‍്യംചെയ്ത ശേഷമാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ പ്രതിയുമായി തെളിവെടുപ്പ് ആരംഭിച്ചത്.
തൃശൂർ ബയോളജി വിഭാഗം അസി. ഡയറക്ടർ പി. ഉണ്ണികൃഷ്ണന്‍റെയും വിരലടയാള വിദഗ്ധ എം.വി. റൂബിനയുടെയും നേതൃത്വത്തിൽ ശാസ്ത്രീയ സംഘവും തെളിവെടുപ്പിനായി ഉണ്ടായിരുന്നു. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് പൊലീസെത്തിയത്. കൊട്ടാര സദൃശമായ വീട്ടിലെ ഗേറ്റടച്ചിട്ട് അതി രഹസ‍്യമായിട്ടായിരുന്നു അഞ്ച് മണിക്കൂറോളം നീണ്ട തെളിവെടുപ്പ്.
മൃതദേഹം വെട്ടി കഷ്ണങ്ങളാക്കിയ കുളിമുറിയിൽ സംഭവശേഷം കാതലായ മാറ്റങ്ങൾ വരുത്തിയതായി പൊലീസ് കണ്ടെത്തി. കുളിമുറിയിലെ ടൈൽസ് മുഴുവനായും മാറ്റി പുതിയവ പാകിയിട്ടുണ്ട്. വീട്ടിലെ എയർകണ്ടീഷൻ സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പ് സംഘം കുളിമുറിയിൽ നിന്നുള്ള പൈപ്പുകൾ മുറിച്ചെടുത്ത് പരിശോധിച്ചു. കൊലപാതകം നടന്ന സമയത്ത് ഷൈബിന്‍റെ വീട്ടിലും തോട്ടങ്ങളിലും ജോലി ചെയ്തിരുന്ന തൊഴിലാളികളെ പൊലീസ് ചോദ‍്യം ചെയ്തു. വീടിന്‍റെ പരിസരത്തെ ചില കുടുംബങ്ങൾ വീട് പൂട്ടി സ്ഥലം വിട്ടതായി കണ്ടെത്തി. ചോദ‍്യംചെയ്യലിൽനിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കാനാണ് ഈ നീക്കമെന്നാണ് പൊലീസ് കരുതുന്നത്. വീട് പൂട്ടി പോയവരുടെ പേരുവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷനിൽവെച്ച് ഷൈബിന്‍റെ ഭാര‍്യയുടെ മൊഴിയും രേഖപ്പെടുത്തി.
മൃതദേഹ അവശിഷ്ടങ്ങൾ ചാലിയാർ പുഴയിലെറിഞ്ഞെന്നാണ് പ്രതികളുടെ മൊഴിയെങ്കിലും മുഴുവൻ ഭാഗങ്ങളും പുഴയിൽ തള്ളാൻ സാധ‍്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. ഉച്ചക്ക് രണ്ടര വരെ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ നിലമ്പൂർ സ്റ്റേഷനിലെത്തിച്ചു. ശനിയാഴ്ചയും വീട്ടിലെ തെളിവെടുപ്പ് തുടരും. ഇവിടെയുള്ള കൂറ്റൻ ടാങ്കുകളിൽ പരിശോധന നടത്തും. മൃതദേഹം വലിച്ചെറിഞ്ഞ ചാലിയാർ പുഴയിലും മറ്റിടങ്ങളിലും അടുത്ത ദിവസങ്ങളിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.