കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് സി.ബി.ഐ മുദ്രവെച്ച കവറിൽ ഹൈകോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന മാതാവിന്റെ ഹരജിയിലാണ് കോടതി നിർദേശ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ഹരജി വീണ്ടും മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ ജസ്റ്റിസ് കെ. ബാബു മാറ്റി.
ഹരജിക്കാരിയുടെ 13 വയസ്സുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുള്ള ഇളയ കുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. ഈ വിധി റദ്ദാക്കിയ ഹൈകോടതി പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. പിന്നീട് പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജിയിൽ ഹൈകോടതി സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സി.ബി.ഐ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ആഗസ്റ്റിൽ തള്ളിയ വിചാരണ കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാൽ, ആരുടെയോ സ്വാധീനത്താൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപിച്ചാണ് കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് മാതാവ് വീണ്ടും ഹൈകോടതിയെ സമീപിച്ചത്. സംഭവത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന മാഫിയയുടെ ബന്ധം അന്വേഷിക്കണമെന്നും കൊലപാതകസാധ്യത അന്വേഷിക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.