പരാതി പറയാനെത്തിയ കുട്ടിയോട് ലൈംഗികാതിക്രമം കാട്ടി, കുറ്റം മറച്ചുവെക്കാൻ പണം വാഗ്ദാനം; യെദിയൂരപ്പക്കെതിരെ ഗുരുതരമായ വകുപ്പുകൾ

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ സി.ഐ.ഡി വിഭാഗം സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര ആരോപണങ്ങൾ. അതിക്രമത്തിനിരയായ പെൺകുട്ടിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യങ്ങൾ നിർണായക തെളിവാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റം മറച്ചുവെക്കാൻ യെദിയൂരപ്പ പെൺകുട്ടിക്കും അമ്മക്കും പണം വാഗ്ദാനം ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു. പോക്സോ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 2015ൽ പെൺകുട്ടി നേരിട്ട ഒരു ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനെത്തിയതായിരുന്നു കുട്ടിയും അമ്മയും. കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ യെദിയൂരപ്പ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. സംഭവം അമ്മയോട് പറഞ്ഞതിനെ തുടർന്ന് യെദിയൂരപ്പയോട് ഇവർ കയർത്ത് സംസാരിക്കുകയും ചെയ്തു. 'എനിക്കും പേരക്കുട്ടികൾ ഉണ്ട്, അവൾ മിടുക്കി ആണ്, ഞാൻ നോക്കി, പരിശോധിച്ചു' എന്നാണ് യെദിയൂരപ്പ മറുപടി നൽകിയത്. ഈ ദൃശ്യം ഫോണിൽ പകർത്തിയത് കുട്ടിയുടെ മാതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യാൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയുണ്ടായി. പിന്നീട് ആളെ വിട്ട് അമ്മയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചെങ്കിലും പെൺകുട്ടിയുടെ ഫോണിൽ നിന്ന് അന്വേഷണസംഘം ദൃശ്യങ്ങൾ കണ്ടെത്തി.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡി.ജി.പി അലോക് കുമാറിന്റെ നിർദേശ പ്രകാരം സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്സോ) നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം തുടരുന്നതിനിടെ കുട്ടിയുടെ അമ്മയായ 54 കാരി മേയ് 26ന് മരിച്ചിരുന്നു.

നേരത്തെ, യെദിയൂരപ്പയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഐ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ഡൽഹിയിൽ കഴിഞ്ഞ അദ്ദേഹം, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ജാമ്യവ്യവസ്ഥയനുസരിച്ച് ജൂൺ 17ന് ബംഗളൂരുവിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായ 81കാരനായ യെദിയൂരപ്പയെ സി.ഐ.ഡി സംഘം മുന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വാർധക്യം, മുൻ മുഖ്യമന്ത്രിയായ പ്രമുഖ വ്യക്തി എന്നീ പരിഗണനകളോടെ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി വിലക്കിയിരുന്നു. 

Tags:    
News Summary - Yediyurappa POCSO case: Chargesheet says video recorded by minor is crucial evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.