പുനലൂർ: കടമാൻപാറ ചന്ദനം കൊള്ള കേസിൽ ഒരാൾ പിടിയിൽ. ചെങ്കോട്ട പുളിയറ ഭഗവതിപുരം രാജു നഗറിൽ വീട്ടുനമ്പർ 12/102 ൽ തൊപ്പി കണ്ണൻ എന്ന എം. കണ്ണൻ (44) ആണ് അറസ്റ്റിലായത്. മറ്റു മൂന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടിയിൽ ആകുമെന്നും ആര്യങ്കാവ് വനം റേഞ്ച് ഓഫീസർ എസ്. സനോജ് അറിയിച്ചു. ആര്യങ്കാവ് റേഞ്ചിലെ കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുലി പൊത്ത് ഭാഗത്ത് നിന്നും അഞ്ച് മൂട് ചന്ദനമരങ്ങൾ കഴിഞ്ഞ ആഴ്ചയാണ് മുറിച്ചു കടത്തിയത്.
45 മുതൽ 55 സെ.മീറ്റർ ചുറ്റളവ് വരുന്നതായിരുന്നു മുറിച്ച് കടത്തിയ ചന്ദനം. ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളും മറ്റു മൂന്നുപേരും ചേർന്നാണ് മരങ്ങൾ മുറിച്ചു കടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതിയെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആര്യങ്കാവ് റേഞ്ചിൽ മുമ്പ് ചന്ദനം മുറിച്ച് കടത്തിയ മുന്ന് കേസിൽ പ്രതിയാണ് കണ്ണനെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. റെയിഞ്ച് ഓഫീസറെ കൂടാതെ ഡെപ്യൂട്ടി റെയിഞ്ചർ എസ്. വിജു, സെക്ഷൻ ഫോറസ്റ്റർമാരായ ജിജിമോൻ, ജസ്റ്റിൻ ജോസഫ്, ബീറ്റ് ഫോറസ്റ്റർമാരായ ആതിര കൃഷ്ണൻ, ബി.എസ്. ജിത്തു, എൽ.ടി. ബിജു, വാച്ചർ രവിചന്ദ്രൻ എന്നിവരും അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.