കൊച്ചി: അമ്മയെ ആക്രമിക്കുന്നത് കണ്ടതിെൻറ പ്രകോപനത്തിൽ പിതൃ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിെൻറ ജീവപര്യന്തം ശിക്ഷ ഹൈകോടതി ഇളവ് ചെയ്തു.
19ാം വയസ്സിൽ വീട്ടുമുറ്റത്ത് നടന്ന സംഭവത്തിൽ പ്രതിയായി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കോഴിക്കോട് മുളവട്ടം കയ്യണ്ടത്തിൽ രജീഷിനെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി കുറ്റകരമായ നരഹത്യയാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശിക്ഷ ഇളവ് ചെയ്തത്.
ഇതുവരെ അനുഭവിച്ച തടവു ശിക്ഷ മതിയായതാണെന്ന് വിലയിരുത്തി മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. 2010 ജനുവരി മൂന്നിനാണ് പിതൃസഹോദരനായ തൊട്ടിൽപ്പാലം കാവിലുംപാറ കയ്യണ്ടത്തിൽ ഉല്ലാസ് (35) രജീഷ് താമസിച്ചിരുന്ന തറവാട് വീടിെൻറ മുറ്റത്തുവെച്ച് കൊല്ലപ്പെട്ടത്.
തറവാട് വീട്ടിൽ സൂക്ഷിച്ചിരുന്ന തടികളെടുക്കാനെത്തിയ ഉല്ലാസിനെ തടഞ്ഞ മാതാവിനെ ഉല്ലാസ് തള്ളി താഴെയിട്ടത് കണ്ട രജീഷ് തിരിച്ചും തള്ളിയിടുകയായിരുന്നു. വീണിടത്തുനിന്ന് എഴുന്നേറ്റ ഉല്ലാസ് വടിയുമായി അടിക്കാനെത്തിയപ്പോൾ രജീഷ് കത്തികൊണ്ട് കുത്തി. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
2016 ഏപ്രിൽ 28നാണ് രജീഷിനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും വടകര അഡീ. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ രജീഷ് നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
ഒരു നിമിഷത്തെ ക്ഷമ ഒരു ജീവിത കാലത്തെ ദുരിതം ഒഴിവാക്കുമെന്ന ചൈനീസ് പഴമൊഴി ഉദ്ധരിച്ചാണ് കോടതിയുടെ ഉത്തരവ് തുടങ്ങുന്നത്. ഉല്ലാസിെൻറ മൂത്ത സഹോദരെൻറ മകനാണ് രജീഷ്. കേസ് വിശദമായി പരിശോധിച്ച കോടതി കേവലം പത്തൊമ്പതാം വയസ്സിൽ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സംഭവിച്ചതാണ് കൊലപാതകമെന്ന് വിലയിരുത്തി. ഒറ്റ കുത്ത് മാത്രമാണ് ഉല്ലാസിെൻറ ശരീരത്തിലുണ്ടായിരുന്നത്. ഇത് മരണ കാരണമാവുകയായിരുന്നു. ഉല്ലാസിനെ ആശുപത്രിയിലെത്തിക്കാൻ ഹരജിക്കാരനും കൂടെയുണ്ടായിരുന്നു. അതിനാൽ, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ചെയ്ത കൃത്യമായി ഇതിനെ കാണാനാവില്ലെന്ന് കോടതി വിലയിരുത്തി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രതിക്കെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കിയത്. തുടർന്ന് കുറ്റകരമായ നരഹത്യയാക്കി മാറ്റി ശിക്ഷ ഇളവ് ചെയ്തു.
ഇതുവരെ അനുഭവിച്ച തടവുശിക്ഷ മതിയാവുമെന്ന് വ്യക്തമാക്കിയ കോടതി ഹരജിക്കാരൻ മോചിപ്പിക്കപ്പെടുമ്പോൾ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ഉല്ലാസിെൻറ ഭാര്യക്കും മക്കൾക്കും പിഴയായി നൽകാനും നിർദേശിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.