ജിദ്ദ: സൗദി ദക്ഷിണ പ്രവിശ്യയിലെ അസീർ മേഖലയിൽ അൽ അബ്ലാഅ് പ്രദേശത്തുള്ള പൗരാണിക സ്ഥലത്തുനിന്നും സുപ്രധാനമായ പുരാവസ്തു ശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു. പുരാവസ്തു ഗവേഷണത്തിനായി ഈ വർഷം നടത്തിയ ഏഴാമത്തെ പര്യവേക്ഷണത്തിലാണ് ഇവ കണ്ടെത്തിയത്. പുരാതന ജനവാസമേഖലയുടെയും പൗരാണിക വ്യാവസായിക സ്ഥാപനങ്ങളുടെയും വാസ്തുവിദ്യകളും കണ്ടെത്തിയതിലുൾപ്പെടുന്നു.
ഇങ്ങനെ കണ്ടെത്തിയ പുരാതന നിർമിതികളിലെ ചുവരുകളിലും കെട്ടിടങ്ങളുടെ നിലകളിലും ‘ജിപ്സം’ പാളി ഉപയോഗിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് പര്യവേക്ഷണത്തിലും കണ്ടെത്തിയതിന്റെ തുടർച്ചയാണ് പുതിയ കണ്ടെത്തലുകളെന്ന് അതോറിറ്റി സൂചിപ്പിച്ചു. ഇത് അൽ അബ്ലാഅ്ന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. രാജ്യത്തെ തെക്ക് ഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഖനന സ്ഥലങ്ങളിൽ ഒന്നാണിത്.
സ്ഥലത്ത് ചില കെട്ടിട യൂനിറ്റുകൾക്ക് കീഴിൽ മഴവെള്ളം ശേഖരിക്കുന്നതിനുള്ള വാട്ടർ ടാങ്കുകളുമുണ്ട്. ഓവൽ ആകൃതിയിലുള്ള, ഉള്ളിൽ നിന്ന് മിനുസപ്പെടുത്തിയ, വെള്ളം ലാഭിക്കാനും ഉപയോഗിക്കാനും അനുവദിക്കുന്ന വാട്ടർ ബേസിനുകളും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ നിരവധി മൺപാത്ര അടുപ്പുകൾ, കല്ലുപകരണങ്ങൾ, വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലുമുള്ള ഒരു കൂട്ടം മില്ലുകല്ലുകൾ, സാധാരണ മൺപാത്രങ്ങളുടെ നിരവധി കഷണങ്ങൾ, തിളങ്ങുന്ന മൺപാത്രങ്ങൾ, ഗ്ലാസ്, ചെറിയ ചില്ല് കുപ്പികൾ, വെങ്കല പാത്രങ്ങളുടെ ഭാഗങ്ങൾ, വളയങ്ങൾ, വിലയേറിയ കല്ലുകളുടെയും മുത്തുകളുടെയും വ്യത്യസ്ത വലുപ്പത്തിലും നിറങ്ങളിലുമുള്ള ഒരു കൂട്ടം ആഭരണങ്ങൾ എന്നിവയും കണ്ടെത്തിയതിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.