തേഞ്ഞിപ്പലം: കളിയരങ്ങൊഴിഞ്ഞപ്പോൾ കലാ കിരീടം കൈവലയത്തിലാക്കി പാലക്കാട് ഗവ. വിക്ടോറിയ കോളജ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിനെ പിന്തള്ളി 122 പോയന്റുകൾ സ്വന്തമാക്കിയാണ് വിക്ടോറിയയുടെ വിജയാവർത്തനം.
അഞ്ച് രാപ്പകലുകളെ സർഗ്ഗസമ്പന്നമാക്കിയ കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിന് ഞായറാഴ്ച തിരശീല വീണപ്പോൾ 114 പോയന്റ് നേടി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് രണ്ടാമതെത്തി. 80 പോയന്റോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൂന്നും കാലിക്കറ്റ് സർവകലാശാല കാമ്പസ് 67 പോയിന്റുമായി നാലും സ്ഥാനത്തെത്തി.
മേളയുടെ കലാ പ്രതിഭയായി യു.പി. ശ്രീബേഷ് (പൊന്നാനി എം ഇ എസ് കോളജ്), കലാ തിലകമായി എം. സ്വാതിക (സെന്റ് ജോസഫ്സ് ദേവഗിരി) എന്നിവരെ തിരഞ്ഞെടുത്തു. സാഹിത്യ പ്രതിഭയായി എസ്. ഗായത്രി (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ചിത്ര പ്രതിഭയായി കെ.യു. അരുൺ (ശ്രീ കേരള വർമ്മ കോളേജ് തൃശ്ശൂർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സമാപനസമ്മേളനം പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്‍ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ മന്ത്രി വിതരണം ചെയ്തു. വി.സി പ്രൊഫ. ഡോ. എം.കെ. ജയരാജ് മുഖ്യാഥിതിയായി.
കോവിഡ് മഹാമാരിയെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളക്കുശേഷം നടന്ന ഇന്റർസോൺ കലാമേളക്ക് സർവകലാശാല കാമ്പസാണ് ആഥിത്യമരുളിയത്.
ചിത്രം ക്യാപ്ഷൻ: കാലിക്കറ്റ് സർവകലാശാല ഇന്‍റർസോൺ കലാകിരീടം നേടിയ പാലക്കാട് ഗവ. വിക്ടോറിയ കോളജ് ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.