കുവൈത്ത് സിറ്റി: നാടകരംഗത്ത് പിതാവിന്റെ പാത പിന്തുടർന്ന് മകളും. നാടക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ നിഷാദ് ഇളയതും മകൾ ഹന നിഷാദുമാണ് നാടകരംഗത്ത് ഒരുമിച്ചത്. ഇരുവരും അമ്മയും മകനുമായി അഭിനയിച്ച 'ജീവൻ' എന്ന നാടകം 'കേരളോത്സവ'ത്തിൽ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെടുകയും നിഷാദ് ഇളയത് ബെസ്റ്റ് ആക്ടർ അവാർഡ് നേടുകയുമുണ്ടായി. നാടകത്തിന്റെ കഥയും സംവിധാനവും നിഷാദ് തന്നെയാണ് നിർവഹിച്ചത്.
കുവൈത്തിൽ കഴിഞ്ഞ 19 വർഷമായി നാടകരംഗത്ത് സജീവമാണ് നിഷാദ് ഇളയത്. ഫോട്ടോഗ്രാഫർ, വിഡിയോ എഡിറ്റർ, നടൻ, സംവിധായകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ അമച്വർ നാടകമത്സരങ്ങളിൽ നിരവധി അവാർഡുകൾ വാങ്ങിയിട്ടുണ്ട്. ജി. ശങ്കരപിള്ളയുടെ 'ഇലപൊഴിയും കാലത്തൊരു പുലർകാലവേള', ഓണത്തുരുത്ത് രാജശേഖരന്റ ഒരു പാമ്പ് നാടകം, ഖാൻ കാവിലിന്റെ 'മന്ദൻ ഗോവിന്ദന്റെ സന്ദേഹങ്ങൾ' തുടങ്ങിയ പ്രധാന നാടകങ്ങളാണ്.
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഹന നിഷാദ്. പിതാവിന്റെ പാരമ്പര്യം പകർന്നുകിട്ടിയ മകൾ അമ്മവേഷത്തിൽ തിളക്കമാർന്ന പ്രകടനമാണ് 'ജീവനിൽ' കാഴ്ചവെച്ചത്. കുവൈത്ത് പ്രവാസി വെൽഫെയർ കേരള ഖൈത്താൻ യൂനിറ്റ് പ്രസിഡൻറ്, തിരുവനന്തപുരം ജില്ല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നിഷാദ് ഇളയത് തിരുവനന്തപുരം ഇടവ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.