പ്രകൃതിയോട് ഇണങ്ങിജീവിക്കാൻ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ എന്നു പറയാറുണ്ട്. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും തേടി നിരവധി സഞ്ചാരികൾ എത്തുന്നതിന്റെ കാരണവും നമ്മുടെ നാട്ടിൽ പ്രകൃതി തീർത്തുവെച്ച അത്ഭുതങ്ങൾ തന്നെ. പക്ഷേ ഒരോതവണയും പച്ചപ്പിനെയും പ്രകൃതിയെയും പറ്റി പ്രസംഗിക്കുമ്പോഴും നമ്മളിൽ എത്രപേർ ഈ പച്ചപ്പിനോട് ആത്മാർഥമായി നീതി പുലർത്തിയിട്ടുണ്ട്? ഓരോരുത്തരും വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണിത്. ഇവിടെയാണ് ഒരു സ്റ്റാർട്ടപ് ചർച്ചയാകുന്നത്. ഗ്രീൻ റെവല്യൂഷന് എന്ത് സംഭാവന നൽകാൻ തങ്ങൾക്ക് സാധിക്കും എന്ന ഒരുകൂട്ടം യുവാക്കളുടെ ചിന്തയിൽനിന്ന് പിറവിയെടുത്തതാണ് ഗോ ഇസി എന്ന കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്. ലോകത്തെ പ്രകൃതി സൗഹൃദമാക്കുക എന്നതുതന്നെയായിരുന്നു ഗോ ഇസിയുടെ പ്രഥമലക്ഷ്യം. കേരളത്തിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ വിജയിക്കില്ല എന്ന് പറയുന്നവർക്ക് അത് തെളിയിച്ച് കാണിക്കുകകൂടിയാണ് ഗോ ഇസി ഓട്ടോ ടെക് പ്രൈവറ്റ് ലിമിറ്റഡ്.
2021ലാണ് ഗോ ഇസി ഓട്ടോ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന് കേരളത്തിൽ തുടക്കമിടുന്നത്. ഇലക്ട്രിക് കാറുകളുടെ സൂപ്പർ ചാർജിങ് സ്റ്റേഷനുകളിലാണ് ഗോ ഇസിയുടെ പ്രധാന ഫോക്കസ്. ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ ഒരു നെറ്റ്‍വർക് ഉണ്ടാക്കുകയാണ് ഇവർ. ഗ്രീൻ എനർജിക്ക്, ഗ്രീൻ റെവല്യൂഷന് ഒരു സംഭാവന നൽകുക എന്നതുകൂടിയായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. ലോകം മുഴുവൻ ഫോസിൽ ഇന്ധനത്തിൽനിന്ന് ഗ്രീൻ എനർജിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇലക്ട്രിക് കാറുകളാണ് ഗ്രീൻ റെവല്യൂഷനെ സഹായിക്കുന്ന പ്രധാന ഘടകമെന്നായിരുന്നു ഗോ ഇസിയുടെ വിലയിരുത്തൽ. ഇലക്ട്രിക് കാറുകൾ നമ്മുടെ നാട്ടിൽ കൂടുതലായി വരാത്തതിന്റെ ഒരു കാരണം അതിന്റെ വിലയാണ്. രണ്ടാമത്തെ കാരണം ചാർജിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. ഈയൊരു പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നതുകൂടിയാണ് ഗോ ഇസി ലക്ഷ്യമിടുന്നത്.
പെട്രോൾ പമ്പുകൾ പോലെ ഗോ ഇസി ചാർജിങ് സ്റ്റേഷനുകൾ വിവിധയിടങ്ങളിൽ സ്ഥാപിക്കും. റോഡരികിൽ സ്വന്തമായി സ്ഥലമുള്ളവർക്ക് ഗോ ഇസി ചാർജിങ് സ്റ്റേഷൻ സജ്ജമാക്കി നൽകും. ഹൈവേയിലും റോഡ് സൈഡിലുമെല്ലാം സ്ഥലമുള്ളവർക്ക് ഈ ഓപ്ഷൻ ഫലപ്രദമാവും. ഇനി സ്വന്തമായി ഒരു സ്ഥലമില്ലാത്തവരാണെങ്കിൽ ഒരാളെയും ജോലിക്ക് നിർത്താതെ തന്നെ മാളുകളും ഹോട്ടലുകളും പോലുള്ള വിവിധ ഇടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ ഏറ്റെടുക്കാം. കുറഞ്ഞ ചെലവിൽ മികച്ച വരുമാനമാണ് ഇതുവഴി ഗോ ഇസി ഉറപ്പുനൽകുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി റോഡുകളിൽ മലിനീകരണം കുറക്കുക എന്നതാണ് ഗോ ഈസിയുടെ ആത്യന്തിക ലക്ഷ്യം. വീടുകളിലും ഗോ ഇസി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളെ സപ്പോർട്ട് ചെയ്ത് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമ്പോഴും ഒരു കാര്യം ഗോ ഇസിയെ എപ്പോഴും അലട്ടിയിരുന്നു. ഉപയോഗിക്കുന്നത് മുഴുവനായി ഗ്രീൻ എനർജി അല്ല എന്ന പ്രശ്നമായിരുന്നു അത്. കൂടുതലായും കറന്റ് ഉണ്ടാക്കുന്നത് കൽക്കരിയിൽനിന്നും പൊട്രോളും ഡീസലുമൊക്കെ കത്തിച്ചാണ്. കേരളം പോലുള്ള ചില സ്ഥലങ്ങളിൽ മാത്രമാണ് ഡാമുകളിൽനിന്ന് കറന്റുണ്ടാക്കുന്നത്. പിന്നെയുള്ളത് സോളാറാണ്. സോളാർ വ്യാവസായികാടിസ്ഥാനത്തിൽ എവിടെയും പൂർണമായി നടപ്പായിട്ടില്ല. ഉർജലഭ്യതയിൽ വളരെ ചെറിയ സംഭാവന മാത്രമേ സോളാറിൽനിന്നുള്ളൂ. പിന്നെ എന്താണ് ഒരു ഓപ്ഷൻ എന്നതായിരുന്നു ഗോ ഇസിയുടെ മുന്നിൽ ഉണ്ടായിരുന്നത്. അപ്പോഴാണ് പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ചിന്തയെത്തുന്നത്. പ്രകൃതിയുടെ അനുഗ്രഹം ധാരാളമുള്ള സ്ഥലം.
വാളയാറിലും പുനലൂരും പശ്ചിമഘട്ടത്തിനിടയിൽ മലകൾക്കിടയിൽ ഒരു ഇടനാഴിയുണ്ട്. മറ്റിടങ്ങളിലെല്ലാം കാറ്റ് വന്നടിക്കുമ്പോൾ മലകൾ തടഞ്ഞ് തിരിച്ചുവിടും. ഇവിടെ മാത്രം ആ ഇടനാഴിയിലൂടെ കാറ്റ് കടന്നുപോകും. ഇത് മലകൾക്കിടയിൽ പ്രകൃതിതന്നെ നിർമിച്ച ടണലാണ്. ഇവിടെ 50 മീറ്റർ ഉയരത്തിൽ വലിയ വിൻഡ് വെലോസിറ്റിയുണ്ട്. ഇവിടെ വലിയ വിൻഡ് ടർബൈൻ വെച്ചാൽ റിയൽ ഗ്രീൻ എനർജി സാധ്യമാക്കാം എന്നതായിരുന്നു ഗോ ഇസിയുടെ കണക്കുകൂട്ടൽ. അങ്ങനെ ഗോ ഇസി ടീം അവിടെ കാറ്റ് നന്നായി ലഭിക്കുന്ന എട്ടേക്കർ സ്ഥലം കമ്പനിയുടെ പേരിൽ വിലക്കെടുത്തു. ഇവിടെ സ്ഥാപിക്കുന്ന വിൻഡ് ടർബൈൻ വഴി വർഷം ഒന്നേകാൽ കോടി യൂനിറ്റ് വൈദ്യുതി ലഭ്യമാകുമെന്നാണ് ഗോ ഇസിയുടെ കണക്ക്. എട്ടുമാസത്തിനുള്ളിൽ വിൻഡ് എനർജിയുടെ കാര്യത്തിൽ ഗോ ഇസി പൂർണ സജ്ജമാകും. പ്രകൃതിയിലുള്ള വിൻഡ് എനർജിപോലുള്ള ഗ്രീൻ എനർജി സ്രോതസ്സ് കണ്ടെത്തി അതിനെ കൃത്യമായി ഉപയോഗിക്കാമെന്നു കണ്ടെത്തിയ സ്റ്റാർട്ടപ് കൂടിയാണ് ഗോ ഇസി. ഈ എനർജി വഴി വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ അത് ഗ്രീൻ റെവല്യൂഷനിലേക്കുള്ള വലിയ സംഭാവന കൂടിയാകും.
2050ഓടുകൂടി ലോകത്തെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആവും. 2030ഓടുകൂടി ആ റെവല്യൂഷന് വലിയ മുന്നേറ്റമുണ്ടാകും. അതിന്റെ അലയൊലികൾ ഇപ്പോൾതന്നെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ സാമ്പത്തിക വർഷം 1000 ചാർജിങ് സ്റ്റേഷനുകൾ എന്ന നമ്പറിലേക്ക് എത്തുക എന്നതാണ് ഗോ ഇസിയുടെ ലക്ഷ്യം. കേരളത്തിൽ മാത്രം 63ലധികം ചാർജിങ് സ്റ്റേഷനുകൾ ഗോ ഇസിക്ക് നിലവിലുണ്ട്. കൂടാതെ മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിലും ഗോ ഇസി ചാർജിങ് സ്റ്റേഷനുകളുണ്ട്. മിഡിൽ ഈസ്റ്റിലും നേപ്പാൾ, ഇന്തോനേഷ്യ, തായ്‍ലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഗോ ഇസി വൈകാതെതന്നെ സാന്നിധ്യമറിയിക്കും.
വിൻഡ് എനർജിയിലൂടെ ഒന്നേകാൽ കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചുതുടങ്ങിക്കഴിഞ്ഞാൽ ഗോ ഇസിയുടെ വരുന്ന ആയിരം സ്റ്റേഷനുകൾക്കും ഈ വൈദ്യുതി മാത്രം മതിയാകും. ഗ്രീൻ എനർജി എന്ന കൺസപ്റ്റ് ഇതുവഴി പൂർണമായും ഗോ ഇസിക്ക് നടപ്പാക്കാനുമാവും. ഇൻസ്റ്റലേഷൻ ഒരാഴ്ചകൊണ്ട് കഴിഞ്ഞാൽ പിന്നെ അത് റൺ ചെയ്യാൻ മാൻപവർ ആവശ്യമില്ല എന്നതാണ് ഗോ ഇസി ചാർജിങ് സ്റ്റേഷനുകളുടെ മറ്റൊരു പ്ലസ് പോയന്റ്. കാഷ് െലസ് ഇക്കോണമിയിലൂടെയാണ് ഗോ ഇസിയുടെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് എന്ന പ്രത്യേകതകൂടി ഈ സ്റ്റാർട്ടപ്പിനുണ്ട്.
ഒരുപാട് സമയമെടുത്ത് ചാർജ് ചെയ്യേണ്ടി വരുന്ന സ്റ്റേഷനുകളാണ് എല്ലായിടത്തും. ദീർഘദൂരയാത്രക്കാർക്കും ചെറിയ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കുമൊന്നും അതുകൊണ്ട് ഉപകാരമില്ല. എന്നാൽ ഗോ ഈസിയുടേത് സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണ്. 15 മിനിറ്റ് ചാർജ് ചെയ്തുകഴിഞ്ഞാൽ അടുത്ത 100 കിലോമീറ്റർ വാഹനം ഓടിക്കാൻ അതുവഴി കഴിയും. ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ നിരത്തിൽ വളരെ കുറവാണ്. വില തന്നെ കാരണം.ഗോ ഇസിയുടെ നെറ്റ്‍വർക് വന്നുതുടങ്ങിയതോടെ ചെറിയ ഇ.വികളും നിരത്തിലിറങ്ങിത്തുടങ്ങി. സാധാരണക്കാർക്കിടയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുക എന്നതിനർഥം എല്ലായിടത്തും ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാവുക എന്നതാണ്. ഗോ ഈസി അതാണ് തയാറാക്കിക്കൊണ്ടിരിക്കുന്നത്. ചാർജിങ് ഹബുകൾ നിർമിക്കാം എന്നതായിരുന്നു ആദ്യ പ്ലാൻ. 25 സെന്റ് സഥലമെടുത്ത് അവിടെ കഫറ്റീരിയ ഉണ്ടാക്കാം, സൂപ്പർ മാർക്കറ്റ് ഇടാം, ഹോട്ടലുണ്ടാക്കാം എന്നിട്ട് അവിടെ ചാർജിങ് സ്റ്റേഷനിടാം എന്നായിരുന്നു ചിന്ത. പിന്നെയാണ് ഇതെല്ലാം നിലവിൽ ഉള്ള സ്ഥലത്ത് ചാർജിങ് പോയിന്റ് ഇട്ടാൽ പോരേ എന്ന് ചിന്തിക്കുന്നത്. അങ്ങനെ ഗോ ഇസി ചാർജിങ് സ്റ്റേഷനുകൾ പിറവിയെടുത്തുതുടങ്ങി.
മുംബൈ നഗരത്തിൽ ഗോ ഇസി പുതിയൊരു പദ്ധതി കൊണ്ടുവന്നു. നഗരത്തിലെ ഫുഡ് വേസ്റ്റിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്രോജക്ടായിരുന്നു അത്. ഫുഡ് വേസ്റ്റ് കത്തിക്കുമ്പോഴുണ്ടാകുന്ന ബയോഗ്യാസ് വലിയ ബലൂണിൽ നിറക്കും. ഈ ബലൂൺ തുറക്കുമ്പോഴെല്ലാം ജനറേറ്റർ പ്രവർത്തിക്കും. ആ ജനറേറ്ററിൽനിന്ന് വരുന്ന വൈദ്യുതി ഉപയോഗിച്ച് ചാർജിങ് സ്റ്റേഷൻ പ്രവർത്തിക്കും. ലോകത്തിനുതന്നെ മാതൃകയായ ഗോ ഇസിയുടെ ഈ പദ്ധതിക്ക് നിരവധി പുരസ്കാരങ്ങളും ഇതിനോടകം ലഭിച്ചു. ഇപ്പോഴും ലൈവ് ആയി നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണിത്.
കേരളത്തിൽ സംരംഭങ്ങൾ വിജയിക്കില്ല എന്ന് പറയുന്നവരുടെ മുന്നിലായിരുന്നു ഗോ ഇസി വൻ വിജയം നേടിയത്. യുവ സംരംഭകർക്ക് ഒരു പ്രചോദനം കൂടിയാവുകയാണ് ഗോ ഇസി ടീം. കൊച്ചി ആസ്ഥാനമായാണ് ഗോ ഇസി ഓട്ടോ ടെക് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. പാലക്കാട് പട്ടാമ്പി സ്വദേശിയായ എ.പി. ജാഫർ ആണ് ഗോ ഇസി ഓട്ടോ ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ. തൃശൂർ വിയ്യൂർ സ്വദേശി പി.ജി. രാംനാഥ് എക്സിക്യൂട്ടിവ് ഡയറക്ടറും കൊല്ലം കൊട്ടാരക്കര സ്വദേശിനി സാറ എലിസബത്ത് ഡയറക്ടറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.