മനുഷ്യന്റെ ലൈംഗികത കൊലപാതകത്തേക്കാൾ അപകടമെന്ന് ജോളി ചിറയത്ത്

കൊച്ചി: കൊലപാതകത്തേക്കാളും അപകടകരമായി കാണുന്നത് മനുഷ്യന്റെ ലൈംഗികതയാണെന്നും ആനന്ദങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും നടിയും സാമൂഹിക പ്രവർത്തകയും സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ ജോളി ചിറയത്ത്. അഞ്ചാമത് വനിതാ രാജ്യാന്തര ചലച്ചിത്ര മേളയിൽ 'സിനിമയിലെ സ്ത്രീ ലൈംഗികതയുടെ പ്രതിനിധാനം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

ചർച്ചയിൽ ഗവേഷകയും അധ്യാപികയുമായ ഇന്ദു രമാ വാസുദേവ്, അധ്യാപികയും സംവിധായകയുമായ ആശാ അച്ചി ജോസഫ്, പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെൻററി ചലച്ചിത്രമേളയിലെ ജേതാക്കളായ ലൂർദ്സ് എം സുപ്രിയ, ഗുർലീൻ ഗ്രേവൽ എന്നിവർ പങ്കെടുത്തു.

നിറം ലൈംഗികതയെ സ്വാധീനിക്കുന്നുവെന്നും വെളുത്ത സ്ത്രീകളുടെ ലൈംഗികതയാണ് സിനിമ സംസാരിക്കുന്നതെന്നും ഇന്ദു രമ വാസുദേവ് പറഞ്ഞു. സ്ത്രീയെ സൗഹൃദപരമായി കാണുന്ന പുരുഷ സംവിധായകരാണ് കുറച്ചുകൂടി ക്രിട്ടിക്കൽ ആയി സ്ത്രീ കഥാപാത്രങ്ങളെ എടുത്തിട്ടുള്ളത്. യാഥാർത്ഥ്യങ്ങളെ പറ്റി കൂടുതലായി നമ്മൾ സംസാരിച്ച് തുടങ്ങണം. നിറത്തിൻ്റെ ലൈംഗികത കൂടെ നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും നിലയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകൾക്ക് മാത്രമേ ആനന്ദങ്ങളിലേക്ക് ഇറങ്ങി വരാൻ സാധിക്കുന്നുള്ളൂ. വേലക്കാരിയുടെ ആനന്ദത്തെ വളരെ പുച്ഛിച്ചാണ് സമൂഹം കാണുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

കേരളം ഹ്യൂമൻ ഡെവലപ്മെൻ്റ് ഇൻഡക്സിൽ വളരെ മുന്നിൽ ആണെങ്കിലും സ്ത്രീകൾ പല കാര്യങ്ങളിലും പിന്നിലാകുന്നുണ്ട് എന്ന് ആശാ അച്ചി ജോസഫ് പറഞ്ഞു. ഇന്ത്യയിൽ പേട്രിയാർക്കിയെ കൂടുതലും മുറുകെ പിടിക്കുന്നത് കേരളത്തിലെ സ്ത്രീകളാണെന്നും കേരളത്തിൽ കാര്യമായി സ്ത്രീകൾ സിനിമയിലേക്ക് വരുന്നുണ്ടെങ്കിലും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സ്ക്രീനിൽ അധികമായി കാണാൻ കഴിയുന്നില്ല എന്നും അവർ അഭിപ്രായപ്പെട്ടു.

ഹോമോഫോബിയക്കെതിരെ കാതൽ എന്ന സിനിമ സംസാരിക്കുന്നുണ്ടെങ്കിലും ജ്യോതികയുടെ കഥാപാത്രത്തെ പ്രതികരണശേഷിയില്ലാത്ത ഒന്നായി മാത്രമേ സിനിമയിൽ കാണാൻ കഴിഞ്ഞുള്ളൂവെന്ന് ലൂർദ്സ് എം. സുപ്രിയ അഭിപ്രായപ്പെട്ടു. ലൈംഗികതയെ പലപ്പോഴും വയലൻസ് ടൂൾ ആയിട്ട് ആണ് ഉപയോഗിക്കുന്നത് എന്ന് ഗൂർലീൻ ഗ്രേവൽ പറഞ്ഞു.

കേരളത്തിൻറെ സിനിമ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമായ പി.കെ റോസിയെ ഓർക്കേണ്ടതുണ്ട് എന്നും സിനിമ മേഖലയിലേക്ക് ഇനിയും സ്ത്രീകൾ വരാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത തമിഴ് എഴുത്തുകാരിയായ ഹേമ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇന്നും ലെസ്ബിയൻ ദമ്പതിമാരെ അംഗീകരിക്കാൻ സമൂഹത്തിന് കഴിയുന്നില്ല എന്ന് ശീതൽ ശ്യാം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Jolly Chirayat that human sexuality is more dangerous than murde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.