ചക്കരക്കല്ല്: എട്ടാം ക്ലാസുകാരൻ മൻമേഘ് വർണചിത്രങ്ങൾ കൊണ്ട് വിദ്യാലയ ചുവരുകളിൽ നിറച്ചാർത്തേകി പഠനകാലം ആഘോഷമാക്കുകയാണ്. എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ് സ്കൂൾ ചുവരുകളിൽ വർണം പകരുന്നതോടൊപ്പം ചിത്ര ക്യാമ്പുകളിൽ ക്ലാസെടുത്തും ചിത്രരചനയിൽ പുതുലോകം തീർക്കുകയാണ്.
ഏച്ചൂരിലെ അനന്തോത്ത് ഉല്ലാസിന്റെയും ഡോ. ഷിനിമോളുടെയു മകനാണ് മൻമേഘ്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും അയ്യായിരത്തിലേറെ വ്യത്യസ്ത ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 തവണ ചിത്രകലാ പ്രദർശനവും നടത്തി.
വെൺമണൽ എൻ.ഐ.എസ്.എൽ.പി സ്കൂൾ, ആനയിടുക്ക് ഗവ. എൽ.പി, ഓലായിക്കര സ്കൂൾ, ചേലോറ നോർത്ത് എൽ.പി സ്കൂൾ തുടങ്ങി പതിനഞ്ചോളം വിദ്യാലയങ്ങളിലെത്തുന്ന കുരുന്നുകളെ വരവേൽക്കുന്നത് മൻമേഘ് തീർത്ത ചോട്ടാ ഭീമും, ടോം ആൻഡ് ജെറിയും ഡോറോ ബുജിയുമൊക്കെയാണ്.
റിസോഴ്സ് പേഴ്സനായി ചെന്ന് ക്യാമ്പുകളിൽ ക്ലാസെടുക്കാനും മൻമേഘ് മുന്നിലുണ്ട്. ചിത്രരചനയിൽ മാത്രമല്ല പഠനത്തിലും തന്റേതായ രീതി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത ഡിനോസർ വിഭാഗങ്ങളെക്കുറിച്ച് സ്വയം പഠനം നടത്തുകയും പ്രസന്റേഷനിലൂടെ താൻ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്കായി പങ്കിടുകയും ചെയ്യാറുണ്ട്.
വിവിധ സ്കൂളുകളിൽ സഞ്ചരിച്ച് ക്ലാസുകളെടുത്ത് ഡിനോസർ ശില്പശാല നടത്തുകയും ചെയ്തു. 500ലധികം ഡിനോസറുകളുടെ ചിത്രം ഇതിനകം വരച്ചിട്ടുണ്ട്. പത്തോളം ഡിനോസർ ശിൽപങ്ങളും നിർമിച്ചു. 2022 ജനുവരിയിൽ കേരളത്തിൽ ആദ്യമായി ഡിനോസർ ചിത്രകല ശിൽപകല എക്സിബിഷൻ നടത്തി.
ചെണ്ടയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ. ചെറുതാഴം ചന്ദ്രൻമാരാരുടെയും ബാബു മാരാരുടെയും കീഴിൽ തായമ്പക പരിശീലനവും നടത്തി വരികയാണ്. 16 സ്ക്വയർ ഫീറ്റിൽ പ്രകൃതിദത്ത നിറം കൊണ്ട് ഡിനോസറിന്റെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടി.
2022 ൽ രാജീവ് ഗാന്ധി നാഷനൽ എക്സലൻസ് അവാർഡ് ലഭിച്ചു. 2002ൽ മലർവാടി മഴവില്ല് സംസ്ഥാനതല ബാലചിത്രരചന മത്സരത്തിൽ മികച്ച ചിത്രമായി മൻമേഘിന്റെ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.