കായംകുളം: അരങ്ങുകളെ ത്രസിപ്പിച്ച അരനൂറ്റാണ്ടിെൻറ നാടകാനുഭവങ്ങളുമായി സുബൈർ ഖാൻ ഇപ്പോഴും അണിയറയിൽ സജീവം. കാണികളുടെ ഹൃദയമിടിപ്പിെൻറ സ്പന്ദനം അറിഞ്ഞ നാടകക്കാരനായി നിറഞ്ഞുനിന്ന കഥകളാണ് വള്ളികുന്നം കടുവിനാൽ കുറ്റിയിൽ കിഴക്കതിൽ സുബൈർ സരിഗക്ക് (70) പങ്കുവെക്കാനുള്ളത്. കർട്ടൺ കെട്ടുകാരനിൽനിന്ന് നാടക സമിതി ഉടമയോളം വളർന്നു.
സംവിധാനം, നിർമാണം, സെറ്റ് ഒരുക്കൽ, പ്രകാശസന്നിവേഷം, ശബ്ദനിയന്ത്രണം തുടങ്ങി നാടകത്തിെൻറ എല്ലാ മേഖലകളും ഈ കൈകളിൽ ഭദ്രമായിരുന്നു.
നാടക കുലപതി തോപ്പിൽ ഭാസിയുടെ നാട്ടുകാരനായ സുബൈറിന് ബാല്യത്തിലെ നാടകഭ്രമം ബാധിച്ചിരുന്നു. മങ്ങാരം ബിഷാറത്തുൽ ഇസ്ലാം സ്കൂളിൽ നാലാം ക്ലാസുവരെ പഠിച്ചു. ജീവിതസാഹചര്യങ്ങളാൽ തുടർന്ന് പഠിക്കാനായില്ല.
നാട്ടിലെ ക്ലബുകാർക്ക് ഒപ്പം ചേർന്നതോടെയാണ് നാടകഭ്രാന്ത് തുടങ്ങുന്നത്. അണിയറയിലെ സഹായിയായി കൂടി കാര്യങ്ങൾ മനസ്സിലാക്കി. 15ാം വയസ്സിൽ അമേച്വർ നാടകങ്ങളിലൂടെ രംഗപ്രവേശനം. ഇതോടെ പ്രധാന നാടക സങ്കേതമായിരുന്ന ഓച്ചിറയിലേക്ക് ജീവിതം മാറ്റി.
1971 ൽ പ്രഫഷനൽ നാടക ട്രൂപ്പിൽ കർട്ടൺ വലിക്കാരനായി. 73ൽ ‘കറുത്ത പ്രേതം’ നാടകത്തിലായിരുന്നു അഭിനയത്തിെൻറ തുടക്കം. 75ൽ എൻ.ബി. ത്രിവിക്രമൻ പിള്ള സംവിധാനം ചെയ്ത അന്യായം നാടകത്തിലെ ‘പോക്കറുടെ’ വേഷമാണ് വഴിത്തിരിവ് നൽകിയത്.
നിരവധി നാടകങ്ങളിൽ വ്യത്യസ്തങ്ങളായ വേഷമിട്ടു. 1987ൽ ഓച്ചിറ സരിഗ നാടക സമിതിക്ക് രൂപം നൽകി. തുടക്ക നാടകമായ ‘നന്ദി ആരോട് പറയണം’ സംവിധാനം ചെയ്തത് സിനിമ നടനായിരുന്ന പരേതനായ ഗീഥാ സലാമായിരുന്നു. പിന്നീട് നാട്ടുകാരനായ എൻ.എസ്. പ്രകാശിന്റേത് അടക്കം ഹിറ്റ് നാടകങ്ങൾ അവതരിപ്പിച്ചു.
നാടക മേഖലക്ക് തിരിച്ചടി നേരിട്ട സമയത്തും സുബൈറിെൻറ അനുഭവ കരുത്തിലാണ് മികച്ച നാടകങ്ങളുമായി പിടിച്ചു നിൽക്കാൻ സരിഗക്ക് കഴിഞ്ഞത്. അവതരിപ്പിച്ച 30ഓളം നാടകങ്ങളിൽ ഭൂരിപക്ഷവും സൂപ്പർഹിറ്റുകളായിരുന്നു. നാടകവും ആസ്വാദകരും മാറിയതനുസരിച്ചുള്ള പരിഷ്കരണവും സുബൈറിെൻറ സമിതിയിലൂടെ സംഭവിച്ചു നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചു.
ഇലിപ്പക്കുളം പുത്തേത്ത് കിഴക്കതില്‍ പരേതരായ അബ്ദുറഹിമാന് കുഞ്ഞ്-ഹവ്വാഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ അസുമാബീവിയുടെയും മക്കളായ അനീഷ്, അനീഷ, അനുജ എന്നിവരുടെയും പിന്തുണയാണ് ജീവിത വഴിയിലെ കരുത്തെന്ന് സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.