ആലപ്പുഴ: നാഷനൽ ലളിതകല അക്കാദമി ദേശീയ പ്രദർശനത്തിലേക്ക് കുട്ടനാട്ടുകാരൻ തോമസ് കുര്യന്‍റെ ചിത്രം. ദേശീയ അവാർഡിന് പരിഗണിക്കുന്നവർക്കുവേണ്ടി നടത്തുന്ന പ്രദർശനത്തിലേക്ക് കേരളത്തിൽനിന്ന് രണ്ടുപേരിൽ ഒരാളായാണ് തോമസ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. കുട്ടനാട്ടിൽ ജനിച്ചുവളർന്നതിനാൽതന്നെ ചുറ്റുപാടും കണ്ടുവളർന്ന ബിംബങ്ങളും മിത്തുകളുമാണ് തന്‍റെ ചിത്രകലയെ സ്വാധീനിച്ചതെന്നും കലയിൽ സ്വന്തം ശൈലി രൂപപ്പെട്ടത് ഇതിലൂടെയാണെന്നും തോമസ് കുര്യൻ പറയുന്നു.
കുട്ടനാട് പോലെ സമുദ്രനിരപ്പിന് താഴെയുള്ള ഒരു ഭൂമികയിൽ ജനിച്ചു വളർന്നതിനാൽ കണ്ടുവളർന്നത് പ്രകൃതിയെ സംരക്ഷിച്ച് നിർത്തുന്ന കർഷകത്തൊഴിലാളികളുടെ കൈക്കരുത്താണ്. കരുമാടി കുട്ടന്മാർ എന്ന് കവികൾ വാഴ്ത്തുന്ന അവരുടെ ജീവിത ത്യാഗമാണ് മണ്ണിൽ പൊന്ന് വിളയിക്കുന്നതും ഭൂമിയെ സമുദ്രത്തിലേക്ക് ഒലിച്ചുപോകാതെ നിലനിർത്തുന്നതും. ഇതാണ് ചിത്രത്തിന്‍റെ പ്രചോദനം.
കുട്ടനാട്ടിലെ കാവാലം ഗ്രാമത്തിൽ വള്ളോപ്പള്ളി വീട്ടിൽ കുര്യന്‍റെയും റോസമ്മയുടെയും മകനാണ്. കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ചിത്രകലയിൽ ഡിപ്ലോമ കരസ്ഥമാക്കിയശേഷം ഡൽഹിയിലെ ഗാലറി സ്റ്റുഡിയോകളിൽ ചിത്രകാരനായി കരിയർ തുടക്കം. ജോൺ സ്മൃതി, തിരുശേഷിപ്പുകൾ, പാലായനം ഇവയാണ് പ്രധാനപ്പെട്ട ഏകാംഗ പ്രദർശനങ്ങൾ.
അന്തരിച്ച പ്രമുഖ ചിത്രകാരൻ അശാന്തൻ ഉൾപ്പെടെ അഞ്ച് സുഹൃത്തുക്കൾ ചേർന്ന് കൊടുങ്ങല്ലൂർ ലളിതകല അക്കാദമി ഗാലറി, ആലപ്പുഴ ഗാലറി, ഫോർട്ട്കൊച്ചി ഏക ഗാലറി എന്നിവിടങ്ങളിൽ ഗ്രൂപ് പ്രദർശനം നടത്തിയിട്ടുണ്ട്. കൊല്ലം സിദ്ധാർഥ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സംസ്ഥാന പ്രദർശനങ്ങളിൽ തുടർച്ചയായി പങ്കെടുത്തുവരുന്നു.
വേൾഡ് വൈഡ് ആർട്ട് മൂവ്മെന്‍റുമായി ചേർന്ന് മെക്സിക്കോയിൽ ഗ്രൂപ് പ്രദർശനം നടത്തി. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ചു. പൗരത്വ ബില്ലിനെതിരെ ചിത്രം വരച്ചും ശ്രദ്ധനേടിയിട്ടുണ്ട്. ആലപ്പുഴ നാഷനൽ ഹൈവേക്ക് സമീപം പാതിരപ്പള്ളി പൂങ്കാവ് പൊറ്റക്കാട്ട് വീട്ടിലാണ് ഇപ്പോൾ താമസം. ആലീസാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.