അടയാത്ത വാതിലിനപ്പുറം ഇനി നാട്ടുകാരുടെ കുഞ്ഞാക്കയില്ല

നിലമ്പൂർ: ഭരണപക്ഷത്തായപ്പോഴും പ്രതിപക്ഷത്തായപ്പോഴും ആര്യാടൻ മുഹമ്മദ് വീട്ടിലുണ്ടെങ്കിൽ പുലർച്ചെ തന്നെ അവിടം ആളുകളെക്കൊണ്ട് നിറയും. ഗേറ്റ് ഒരിക്കൽ പോലും അടഞ്ഞുകിടക്കുന്നതായി കണ്ടിട്ടില്ല. പല ആവശ‍്യങ്ങൾക്കായി വരുന്നവരോട് ആദ‍്യത്തെ ചോദ‍്യം ഭക്ഷണം കഴിച്ചോയെന്നാണ്. പരാതി കേട്ട് പരിഹരിക്കാവുന്നവ ഉടൻ തീർപ്പാക്കണമെന്നത് നിർബന്ധ ബുദ്ധിയാണ്. ഇതാണ് ആര‍്യാടനെ നിലമ്പൂരിൽ എതിരാളികളില്ലാത്ത നേതാവാക്കിയത്. ഉദ‍്യോഗസ്ഥർക്കിടയിലും സ്വാധീനം വലുതായിരുന്നു. മൂന്ന് മന്ത്രിസഭയിൽ അംഗമായിരുന്ന ആര‍്യാടന്‍റെ നിലമ്പൂരിലെ ഓഫിസ് വസതി തന്നെയായിരുന്നു.

1965ൽ നിലമ്പൂർ മണ്ഡലം രൂപവത്കൃതമായി പ്രഥമ തെരെഞ്ഞടുപ്പിൽ സ്ഥാനാർഥിയായി. സഖാവ് കുഞ്ഞാലിയുടെ കോട്ടയായിരുന്ന നിലമ്പൂരിൽ 1965ലും 1967ലും കുഞ്ഞാലിയോട് പരാജയപ്പെട്ടു. 1969ൽ കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതോടെ പ്രതിപ്പട്ടികയിലുൾപ്പെട്ട ആര‍്യാടന് തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കേണ്ടിവന്നു. കുഞ്ഞാലി വധത്തിന്‍റെ പുകയടങ്ങിയതോടെ 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സെയ്താലിക്കുട്ടിയെ തോൽപ്പിച്ച് ആദ‍്യമായി നിയമസഭയിലെത്തി. എന്നാൽ 1979 ൽ അഖിലേന്ത‍്യ തലത്തിൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ ഇന്ദിരപക്ഷത്ത് നിന്ന് മാറി ആന്‍റണിക്കൊപ്പം നിന്ന് ഇടതുപക്ഷത്തെത്തി.

1981ൽ ഡിസംബറിൽ കോൺഗ്രസിൽ തിരിച്ചെത്തി. 1982 ലെ തെരെഞ്ഞടുപ്പിൽ ഡി.സി.സി പ്രസിഡന്‍റായിരുന്ന ടി.കെ. ഹംസയെ സ്വതന്ത്രനാക്കി നിർത്തി ആര‍്യാടനെ എൽ.ഡി.എഫ് പരാജയപ്പെടുത്തി. 1987 ലെ തെരഞ്ഞെടുപ്പിൽ ദേവദാസ് പൊറ്റക്കാടിനെ പരാജയപ്പെടുത്തി വീണ്ടും തിരിച്ചെത്തി നിലമ്പൂരുകാരുടെ സ്വന്തം കുഞ്ഞാക്ക. 1991 ൽ യു.ഡി.എഫ് അധികാരത്തിൽ വന്നെങ്കിലും കരുണാകരൻ മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. ചാരക്കേസിൽ കെ. കരുണാകരൻ രാജിവെച്ച ഒഴിവിലേക്ക് എ.കെ. ആന്‍റണി മുഖ‍്യമന്ത്രിയായതോടെ രണ്ടാം തവണ മന്ത്രിയായി.

2001 ലെ ആന്‍റണി മന്ത്രിസഭയിൽ ആര‍്യാടൻ മന്ത്രിയാവുമെന്ന് കരുതിയെങ്കിലും എം.എം. ഹസ്സനായിരുന്നു നറുക്ക് വീണത്. 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ തിരിച്ചടിയിൽ എ.കെ. ആന്‍റണി മുഖ‍്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരംവന്ന ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിൽ ആര‍്യാടൻ മൂന്നാമതും മന്ത്രിയാവുകയും ചെയ്തു.2011 ൽ ഉമ്മൻചാണ്ടി വീണ്ടും മുഖ‍്യമന്ത്രിയായതോടെയാണ് അഞ്ച് വർഷം മന്ത്രിയായി തികക്കാൻ ആര‍്യാടന് അവസരം ലഭിച്ചത്. ഇനി അങ്കത്തിനില്ലെന്ന് പറഞ്ഞ് 81ാം വയസ്സിൽ മകൻ ഷൗക്കത്തിന് സീറ്റ് നൽകി പിൻമാറിയ ആര‍്യാടൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വി.വി. പ്രകാശിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു.

Tags:    
News Summary - Beyond the unclosed door, there will be no more kunjayika of the natives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.