കൊല​ കൊല്ലിയുടെ മുന്നിൽ

ഏതാണ്ട് ഇരുപതു വർഷങ്ങൾക്കു മുമ്പുള്ള ഒരു വേനൽക്കാലം. നല്ല ചൂടുള്ള മധ്യാഹ്നം. ചെമ്പുതാങ്ങി സ്പെഷൽ ഡ്യൂട്ടി സെക്ഷനിലെ ഫയർ ലൈൻ പരിശോധനക്കായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. വാച്ചർമാരുൾപ്പെടെ അഞ്ചുപേരുണ്ട്. കൃഷ്ണേട്ടനാണ് മുന്നിൽ നടക്കുന്നത്. അറുപതുകളിലും ചുറുചുറുക്കുള്ള പ്രകൃതം. കമ്യൂണിസ്റ്റ് പച്ചയും അരിപ്പൂച്ചെടികളുമടങ്ങിയ അടിക്കാടുകൾ ഉണങ്ങിനിൽക്കുന്ന തേക്കുതോട്ടമാണ് ഒരു വശത്ത്. മറുവശത്ത് അർധഹരിതവന വിഭാഗത്തിൽപ്പെടുന്ന കാട്. തോട്ടത്തിനകത്ത് നിലത്താകെ തേക്കുമരങ്ങളുടെ ഉണങ്ങിവീണ ഇലകളും ശിഖരങ്ങളും ചിതറിക്കിടക്കുകയാണ്. ഇടതിങ്ങിയ കുറ്റിക്കാടിലൂടെ അകത്തേക്ക് വ്യക്തമായൊന്നും കാണാൻ വയ്യ. പുതുതായി തെളിച്ച ഫയർലൈനിനകത്തും തേക്കിലകൾ വീണുനിറഞ്ഞിരുന്നു.

ഒച്ചവെച്ച് സംസാരിക്കാതെയാണ് നടന്നിരുന്നതെങ്കിലും കാടിന്റെ നിശ്ശബ്ദതയിൽ കരിയിലകൾ കാലടികളിലമർന്ന് പൊടിയുന്ന ശബ്ദം ഞങ്ങൾക്കുതന്നെ അരോചകമായിരുന്നു. കാട്ടിലുണ്ടാക്കുന്ന ഓരോ ശബ്ദവും നമ്മുടെ തന്നെ സുരക്ഷയുടെ കടക്കലാണ് കത്തിവെക്കുക. കാട് അപരിചിതത്വത്തിന്റെ ഇണക്കമില്ലാത്ത മുഖമാണ് എപ്പോഴും പുറത്തുകാട്ടുക. അത് രഹസ്യങ്ങളൊളിപ്പിച്ചുതന്നെവെക്കും. കണ്ണും കാതും ഒരുപോലെ തുറന്നുവെച്ചാലേ കാടിനെ അറിയാനാകൂ. ആനയുൾപ്പെടെയുള്ള മൃഗങ്ങൾ ശബ്ദം കേട്ടാൽ ഒളിയിടങ്ങളിലും മറവുകളിലും നിശ്ശബ്ദരാവുകയാണ് പതിവ്. കാറ്റിന്റെ ദിശ അനുകൂലമല്ലെങ്കിൽ ആനയുടെ മണം കിട്ടാനും പ്രയാസമാകും. എന്നാൽ ഘ്രാണശേഷി കൂടിയ മൃഗങ്ങൾ എളുപ്പത്തിൽ നമ്മുടെ സാന്നിധ്യം അറിയുകയും ചെയ്യും. അതിനാൽ ഒച്ചവെച്ച് നടക്കുമ്പോൾ അവക്കു മുന്നിൽ അകപ്പെട്ടുപോകാനുള്ള സാധ്യത ഏറെയാണ്. ഒരു വളവിനുമപ്പുറം മുന്നിലെവിടെയോ പൊന്തക്കാടുകൾ കൂട്ടത്തോടെ ഞെരിഞ്ഞമരുന്ന ശബ്ദം ഉയരുന്നു! മുന്നിൽ നടന്നിരുന്ന കൃഷ്ണേട്ടൻ തലയുയർത്തി മൂക്ക് വിടർത്തി കാറ്റിനെ ശ്വസിക്കുന്ന മാതിരി ഒരുനിമിഷം നിന്നു. കാടിനെ ശരിക്കും അറിയുന്നയാൾ. ഇടതുവശത്തെ തേക്കുമരത്തിന്റെ താഴ്ന്ന ചില്ലകളൊന്നിൽ അള്ളിപ്പിടിച്ച് തൂങ്ങിക്കയറി. മുന്നിലെന്തെന്നറിയാനുള്ള ശ്രമമാണ്. എന്നാൽ, അയാൾക്കും വ്യക്തമായി ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ചേതനയറ്റ് മരവിച്ചുനിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

മുന്നിലുള്ളതൊക്കെ ചവിട്ടിത്തകർത്തും ആർത്തലച്ചും എന്തോ ഒന്ന് ഞങ്ങളുടെ നേർക്ക് പാഞ്ഞടുക്കുകയാണ്. മരണത്തിന്റെ തേരോട്ടം പോലെ! ആലോചിച്ചുനിൽക്കാനോ അഭിപ്രായങ്ങൾ ആരായാനോ സമയമില്ല. പിന്നിലാരൊക്കെയോ തിരിഞ്ഞോടുന്ന ശബ്ദം. കാലുകൾക്ക് എവിടെ നിന്നാണിത്രയും കരുത്ത് പകർന്നുകിട്ടിയതെന്നറിയില്ല. ആ വേഗത്തിനപ്പോൾ ജീവന്റെ വിലയായിരുന്നു. എല്ലാവരുടെയും മുന്നിലോടിക്കയറിയപ്പോൾ തേക്കുമരത്തിൽ ശിഖരത്തിന്റെ സുരക്ഷിതത്വത്തിലിരുന്ന് കൃഷ്ണേട്ടൻ വിളിച്ചുകൂവുന്നതുകേട്ടു. ''സുധീർ സാറേ കാട്ടിയാണ്...'' ആ വിളിയുടെ അലകളൊടുങ്ങും മുമ്പേ ഞങ്ങൾ നടന്ന വഴിക്കുമുന്നിൽ മൂന്നായിപ്പിരിഞ്ഞ തടത്തിലൂടെ സർവവും തകർത്ത് താഴേക്കോടുന്ന കാട്ടുപോത്തിന്റെ കൂട്ടം! കാഴ്ചയൊന്നാകെ മറച്ചുകൊണ്ടുയർന്നുപടരുന്ന പൊടിപടലം. ഞൊടിയിടയിൽ ആ കൂട്ടം കാഴ്ചയിൽനിന്നു മറഞ്ഞു. അകന്നുപോകുന്ന കുളമ്പടിയൊച്ചകളും ഞെരിയുന്ന അടിക്കാടുകളുടെ ഒച്ചയും മാത്രം പിന്നെയും കുറെ നേരം തുടർന്നുകേട്ടുകൊണ്ടിരുന്നു. ഓട്ടം നിർത്തിയെങ്കിലും ശരിക്കും ശ്വാസം കിട്ടാൻതന്നെ ബുദ്ധിമുട്ടി. കൈവിട്ടുപോയെന്നുകരുതിയ ജീവിതത്തിലേക്കു തിരിച്ചുവന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ.

●●●

അമ്പത് വയസ്സുള്ള റേഞ്ച് ഓഫിസർ പറഞ്ഞുനിർത്തുമ്പോൾ കാടിനകത്ത് അത്തരമൊരാപത്തിൽ പെട്ടുപോയ പ്രതീതിയിലായിരുന്നു പ്രകൃതി പഠന ക്യാമ്പിനെത്തിയ കുട്ടികൾ ഓരോരുത്തരും. ഓഫിസറുടെ കണ്ണുകളെ പിൻപറ്റി എല്ലാവരുടെയും നോട്ടം ഹാളിലെ കിഴക്കേ ചുമരിൽ ഫ്രെയിം ചെയ്ത് തൂക്കിയിരുന്ന ആ ചിത്രത്തിൽ ചെന്നുതറഞ്ഞു. അപ്പോൾ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് സ്റ്റാഫുകളിലാരുടെയോ ശബ്ദമുയർന്നു:

''ടീച്ചർ, പാത്രങ്ങൾ കഴുകിവെച്ചിട്ടുവേണം അവർക്ക് കാട്ടാക്കടക്കു പോകാൻ. രാത്രി വൈകിയാൽ പിന്നെ വണ്ടികിട്ടാൻ പ്രയാസമാകും.''

അത്താഴം തയാറാണെന്ന് കുറച്ചുമുമ്പ് ആരോ വന്ന് പറഞ്ഞിരുന്നതാണ്. രാഘവ മന്ദിരം യു.പി സ്കൂളിലെ നേച്വർ ക്ലബിന്റെ അധിക ചുമതലയുണ്ടായിരുന്നതിനാൽ ക്യാമ്പിനുള്ള കുട്ടികളെയും കൂട്ടി കോട്ടൂരിലെത്തിയതാണ് ഞാൻ. സമയം ഒമ്പതോടടുക്കുന്നു. കാടിന്റെ കഥകൾ ഒരിക്കലും തീരാതിരുന്നെങ്കിലെന്ന് ഞങ്ങൾ ഉള്ളിൽക്കരുതിപ്പോയി. ആർക്കും അപ്പോൾ ആഹാരം കഴിക്കണമെന്നേ തോന്നിയില്ല.

''എന്നിട്ട്... എന്നിട്ടെന്തുണ്ടായി സാർ?'' ആകാംക്ഷ സഹിക്കാതെ ആരോ ചോദിക്കുന്നതു കേട്ടു.

''എല്ലാവരും ആഹാരം കഴിച്ചുവരൂ... മറ്റൊരനുഭവംകൂടി പറയാം...''

മെസ്സ് ഹാളിലെങ്ങും പാതിവഴിക്ക് നിർത്തിയ കഥയുടെ പരിണാമഗുപ്തിയെക്കുറിച്ചുള്ള അമർത്തിപ്പിടിച്ച മുറുമുറുപ്പുകൾ നിറഞ്ഞിരുന്നു. ആഹാരം കഴിച്ചെന്നുവരുത്തി ഹാളിലേക്ക് തിരിച്ചോടിയപ്പോൾ ഉദ്യോഗസ്ഥൻ അവിടെത്തന്നെ കാത്തുനിന്നിരുന്നു.

''ഇടവപ്പാതിയിലെ ചന്നംപിന്നം പെയ്തുകൊണ്ടിരുന്ന ഒരു ഞായറാഴ്ച. അവധി ദിവസങ്ങളിൽ സ്റ്റാഫുകൾ പൊതുവേ കുറവായിരിക്കും. പ്രത്യേകിച്ച് അത്യാവശ്യങ്ങളോ മേലോഫിസർമാരുടെ സന്ദർശനമോ ഇല്ലാത്ത ദിവസങ്ങളിൽ സ്റ്റാഫുകൾ ഊഴംവെച്ച് ഡ്യൂട്ടിക്കെത്തുകയാണ് പതിവ്. ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈറ്റക്കാടുകളാണ് അധികവും. ഈറ്റക്കാടുകൾ തെളിച്ചാണ് അവിടെ ക്വാർട്ടേഴ്സുകൾ പണിതതുതന്നെ.

ഈറ്റപ്പടർപ്പുകൾക്കിടയിലൂടെ ഒഴുകുന്ന അരുവിക്കിരുവശങ്ങളിലും കള്ളവാറ്റ് ധാരാളമായുണ്ടായിരുന്ന കാലം. വലിയ ടാങ്കുകളിലും കന്നാസുകളിലും പോളിത്തീൻ കവറുകളിലും വരെ 'വാഷ്' നിറച്ച് നിലംപറ്റി ചാഞ്ഞുകിടക്കുന്ന ഈറ്റക്കൂട്ടങ്ങൾക്കിടയിലൊളിപ്പിച്ചു വെക്കുകയായിരുന്നു വാറ്റുകാരുടെ പതിവ്. സെക്ഷനിലെ ഒറ്റപ്പെട്ട ക്വാർട്ടേഴ്സുകളിൽ തങ്ങുന്ന നാമമാത്ര സ്റ്റാഫുകളെ വെച്ചുമാത്രം അടിച്ചമർത്താൻ പറ്റാത്ത തരത്തിൽ കള്ളവാറ്റുസംഘങ്ങൾ ശക്തരായിക്കഴിഞ്ഞിരുന്നു. എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടാണ് കാലത്തുണർന്നത്. അടുത്ത മുറിയിൽ കൂട്ടുകിടന്നിരുന്ന കൃഷ്ണേട്ടനെ കാണുന്നില്ല. സമയം ഏഴേകാലായിരിക്കുന്നു. എട്ടുമണിക്ക് ജി.ഡിയിൽ (ജനറൽ ഡയറി-ഡ്യൂട്ടി രേഖപ്പെടുത്തുന്ന രജിസ്റ്റർ) ഹാജർ രേഖപ്പെടുത്തേണ്ടതാണ്.

പതിവായി അതിരാവിലെ ഉണരുന്നതും പുഴയിറമ്പിൽ പ്രാഥമികാവശ്യങ്ങൾ കഴിച്ചെത്തി ചൂടാറാത്ത കട്ടനുമായി വിളിച്ചുണർത്തുന്നതും അയാളുടെ പതിവാണ്. എണീറ്റപാടെ ഉറക്കച്ചടവ് മാറാതെ ഞാൻ പുറത്തേക്കുള്ള വാതിലിനു നേർക്ക് നടന്നു. അമർത്തിപ്പിടിച്ച നിലവിളിയുമായി എന്നെ വന്നിടിച്ചുകൊണ്ട് വാലും ചുരുട്ടി അടുക്കളയിലേക്കോടുന്ന കുഞ്ഞാലിയെന്ന വളർത്തുനായ്! കിഴക്കുവശത്തെ വാതിലിനുമുന്നിൽ സൂര്യപ്രകാശം മറച്ചുകൊണ്ട് അകത്തേക്ക് പടരുന്ന ഒരു വലിയ നിഴൽ! ഭീഷണമായ ഒരു രൂക്ഷഗന്ധം മുറിയിലേക്ക് അലയടിച്ച് കയറുന്നു! ഇതികർത്തവ്യതാമൂഢനായി നിന്നുപോയപ്പോൾ ക്വാർട്ടേഴ്സിന്റെ ഉത്തരത്തിൽ പാകിയിരുന്ന കമഴ്ത്തോടുകൾക്കിടയിലൂടെ കൃഷ്ണേട്ടന്റെ ആക്രോശം മുനയുളി കണക്കേ കർണപുടങ്ങൾ തുളച്ചു.

''സാറേ... മാറിക്കോ... കൊലകൊല്ലിയാണ് മുറ്റത്ത്...!''

(തുടരും)


ജെ.ആർ. അനി 

(വൈൽഡ് ലൈഫ് വാർഡൻ 

ശെന്തുരുണി വന്യജീവി സങ്കേതം)

-

Tags:    
News Summary - In front of Kol Kolli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.