കുറച്ചുനാൾ മുമ്പ് കവി വിഷ്ണുനാരായണൻ നമ്പൂതിരി സാറിനെ സ്വപ്നത്തിൽ കണ്ടതിെൻറ പുലർച്ചെ ഫേസ്ബുക്ക് നോക്കിയപ്പോൾ അദ്ദേഹത്തിെൻറ മകൾ അദിതിയുടെ ഒരു പോസ്റ്റ് കണ്ടു. വിഷ്ണുമാഷിെൻറ ഒരു കുടുംബചിത്രമാണ്. താഴെയുള്ള കമൻറിൽനിന്ന് ഒരുകാര്യം മനസ്സിലായി. സാറും കുടുംബവും തിരുവനന്തപുരം വിട്ടിരിക്കുന്നു; തിരുവല്ലയിലേക്കല്ല വെൺമണിയിലെ ശീവൊള്ളിയിലേക്ക്. അത് ഒരു വേദനയായി മനസ്സിൽ. പ്രിയപ്പെട്ട തിരുവനന്തപുരത്തോട് വിടപറയുമ്പോൾ മാഷും വേദനിച്ചിരിക്കും എന്ന് എനിക്കുറപ്പുണ്ട്. ആ വേദന കൊണ്ടുതന്നെയാവണം മാഷ് മടങ്ങിവന്നു; എന്നിട്ട്, തിരുവനന്തപുരം തെൻറ അന്ത്യയാത്രക്കുള്ള തുടക്കസ്ഥാനമായി തെരഞ്ഞെടുത്തു.
തിരുവനന്തപുരവുമായി വേർപെടുത്താനാവാത്ത വിധം കലർന്നുകിടക്കുന്നതാണ് വിഷ്ണുനാരായണൻ നമ്പൂതിരി സാറിെൻറ ജീവിതം. ദീർഘകാലത്തെ അധ്യാപകജീവിതം. സാംസ്കാരിക പ്രവർത്തനം. പ്രഭാഷണങ്ങൾ. കവിയരങ്ങുകൾ. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവർത്തനം. യൂനിവേഴ്സിറ്റി കോളജിലേക്കും തിരികെ അപരാജിതയിലേക്കുമുള്ള സൈക്കിൾയാത്രകൾ... തിരുവനന്തപുരത്തെ മനസ്സുകൊണ്ടു വിടാൻ സാറിനാവില്ല. എങ്കിലും സാറിന് അനന്തപുരി വിട്ടുപോകേണ്ടിവന്നു; അടുത്തിയിടെയുണ്ടായ അസുഖങ്ങളുടെ, ക്ഷീണങ്ങളുടെ പശ്ചാത്തലത്തിൽ. ഒടുവിലിതാ എന്നെന്നേക്കുമായി തിരുവനന്തപുരത്തിനു വിട.
ജീവിതത്തിൽ വെറുതെയാവുന്നില്ല ചില മൂല്യങ്ങൾ എന്ന് എഴുതിയ കവിയാണദ്ദേഹം. എന്തൊക്കെയാണു വെറുതെയാവാത്തത്? ഭാവശുദ്ധിയും വെൺമയും നന്മയും! തീർന്നില്ല; 'പൂവിനുള്ള സുഗന്ധവും അന്യനായ് താനൊരുക്കും ചെറിയ സംതൃപ്തിയും.' ഇതൊന്നും വെറുതെയാവില്ല എന്ന് കവിതയിൽ എഴുതിവെച്ച വിശുദ്ധിയുടെ പ്രതീകമാണ് വിഷ്ണുനാരായണൻ നമ്പൂതിരി. മറ്റുള്ളവർക്കായി ഒരുപാടു ചെറിയ-വലിയ സംതൃപ്തികൾ പകർന്നുകൊടുത്തിട്ടാണ് ആ മഹാനുഭാവൻ കടന്നുപോയത്.
സാഹിത്യകാരന്മാരെക്കുറിച്ച് പൊതുവിൽ പറയാറ് ഒരു സാഹിത്യകാരനു മറ്റൊരു സാഹിത്യകാരനെ കണ്ടുകൂടാ എന്നതാണ്. എന്നാൽ, വിഷ്ണുനാരായണൻ നമ്പൂതിരി സാറിെൻറ അടുക്കൽ പോയി ഇരുന്നവർക്കൊക്കെയറിയാം, ഒരാളെക്കുറിച്ചും ഒരു ദൂഷ്യവും ആ നാവിൽനിന്നോ മനസ്സിൽനിന്നോ വരില്ല. എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻമാത്രം കഴിയുന്ന ഒരു അഭൗമ സാത്വിക വിശുദ്ധിയുണ്ടായിരുന്നു ആ മനസ്സിൽ. അതിെൻറ പ്രഭാവലയം ആ മുഖത്തെ എന്നും ചൂഴ്ന്നുനിന്നു.
വേരുകൾ അന്വേഷിച്ചുപോയാൽ, വിഷ്ണുനാരായണൻ നമ്പൂതിരിയും എെൻറ അച്ഛൻ ടി.കെ. നാരായണൻ നമ്പൂതിരിയുമൊക്കെ മലയാളികളല്ല എന്നു പറയേണ്ടിവരും. വളരെ പണ്ട് കർണാടകത്തിൽനിന്ന് അതിർത്തി കടന്നുവന്ന സാഗര ബ്രാഹ്മണ കുടുംബങ്ങളിൽപ്പെട്ടവരാണവർ. കർണാടകത്തിലേക്ക് അവർ വന്നതാകട്ടെ, മഹാരാഷ്ട്രയിൽനിന്ന്. അന്ന് അവർ 'ഹയവദാ ബ്രാഹ്മണർ' എന്നാണറിയപ്പെട്ടിരുന്നത്. മഹാരാഷ്ട്രയിൽ അവർ എത്തിയതാകട്ടെ, കാശ്മീരിൽനിന്ന്. പഴയ കശ്മീരി പണ്ഡിറ്റുകൾ. ലോകപ്രശസ്ത സന്ദൂർ വാദകനായ പണ്ഡിറ്റ് ശിവകുമാർ ശർമയുടെ മുഖം ഒന്ന് ഓർമിച്ചുനോക്കൂ. അതേ ബായയും ഭാവവും വിഷ്ണുനാരായണൻ നമ്പൂതിരി സാറിെൻറ മുഖത്തും പ്രതിഫലിച്ചിട്ടുള്ളതായി കാണാം. ശിവകുമാർ ശർമ കശ്മീരുകാരനാണ്; പണ്ഡിറ്റാണ്. പല പല തലമുറകൾക്കപ്പുറത്ത് ഒരേ കുടുംബത്തിൽപ്പെട്ടവരായിരുന്നവരുടെ പിന്മുറക്കാരാവാം ഇരുവരും. വേരുകൾ അന്വേഷിച്ചുള്ള യാത്ര, വിഷ്ണുനാരായണൻ നമ്പൂതിരി സാറിനോട് ചോദിച്ചു. കശ്മീരിലും അവസാനിക്കുന്നില്ല. വേരുകൾ 'അഹച്ഛത്ര'ത്തിലാണ് എന്നുപറഞ്ഞു അദ്ദേഹം. അഹച്ഛത്രം അഫ്ഗാനിസ്താനിലാണ്.
നീണ്ട യാത്രയുടെ പൈതൃകമുള്ള അദ്ദേഹം യാത്ര തലമുറകളായി തുടർന്നു. ഓരോ വർഷവും പത്നിസമേതം ഹിമാലയം കയറാൻ പോകുമായിരുന്നു. ഉത്തര കാശിയും ഗംഗോത്രിയും ഗൗമുഖും കൈലാസവും മാനസരോവറും ബദരീനാഥും ഒക്കെ ആ യാത്രയിലെ വഴിയമ്പലങ്ങൾ. റോമും ഗ്രീസും ഫ്രാൻസും ഇംഗ്ലണ്ടും അമേരിക്കയും കാനഡയും അയർലൻഡും ഒക്കെ മറ്റു ചില വഴിയമ്പലങ്ങൾ. തിരുവനന്തപുരത്തെയും വഴിയമ്പലമാക്കി ആ യാത്ര പിന്നെയും തുടരുന്നു. കശ്മീരിൽനിന്നു മഹാരാഷ്ട്ര വഴി കന്നടത്തിലൂടെ കേരളത്തിലേക്കു വന്ന ആ യാത്ര കണ്ണൂരിൽനിന്നു തിരുവല്ല വഴി തിരുവനന്തപുരത്തെത്തിയിട്ട് വെന്മണിയിലേക്ക്; ശീവൊള്ളിയിലേക്ക്, പിന്നെ തിരുവനന്തപുരത്തേക്ക്; ഇപ്പോഴിതാ ഈ ലോകത്തിനുമപ്പുറത്തേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.