വിഷ്ണു പോയി... മനസ്സ് ആകെ മരവിച്ചിരിക്കുന്നു. ആറു പതിറ്റാണ്ടിലേറെക്കാലത്തെ ഉറ്റബന്ധമാണ് വേർപ്പെട്ടത്. 1960കളിൽ തുടങ്ങിയ ബന്ധമാണ്. വിഷ്ണു കോഴിക്കോട് ദേവഗിരി കോളജിൽ പഠിച്ചുകൊണ്ടിരിക്കുേമ്പാൾ തോളിൽ കൈയിട്ട് നടന്ന കാലമായിരുന്നു. കവിതയാണ് ഞങ്ങളെ അടുപ്പിച്ചത്. ഞാൻ കോളജിലെ ജോലിക്കാരനും വിഷ്ണു എം.എ വിദ്യാർഥിയും. 'മയൂര നൃത്തം' കവിതയിലൂടെ വിഷ്ണു ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു. എൻ.വി. കൃഷ്ണവാര്യരുടെ വീട്ടിൽ വെച്ചായിരുന്നു ഞങ്ങളുടെ കൂടുതൽ കണ്ടുമുട്ടലുകളും. അതിരുകളില്ലാതെ നീണ്ടുപോയ ചർച്ചകൾ.
ആ ഘട്ടത്തിനുശേഷം മഹാരാജാസിൽ വെച്ച് ഞങ്ങൾ ഒത്തുചേർന്നു. ഞാൻ എം.എ രണ്ടാംവർഷം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിഷ്ണു അപ്പോഴേക്ക് അവിടെ അധ്യാപകനായി. 65-66 വർഷങ്ങളിലായിരുന്നു അത്. അങ്ങനെ നീണ്ട സൗഹൃദത്തിെൻറ എത്രയോ വർഷങ്ങൾ...
മൂന്നുമാസം മുമ്പ് തിരുവനന്തപുരത്ത് കണ്ടപ്പോൾ സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. എന്നെ തിരിച്ചറിഞ്ഞെന്ന തോന്നലുണ്ടായിരുന്നു. ആളുകളെ തിരിച്ചറിയാൻ കഴിയാത്ത, സംസാരിക്കാൻ വയ്യാത്ത സമയമായിരുന്നു. പിന്നീട് ഓരോ ദിവസവും കഴിഞ്ഞപ്പോൾ കൂടുതൽ വയ്യാതായി, മിണ്ടാതായി...
മിനിഞ്ഞാന്ന് ഞാൻ വിഷ്ണുവിെൻറ വീട്ടിലേക്ക് വിളിച്ചിരുന്നു. മകൾ അപർണയാണ് ഫോൺ എടുത്തത്. രണ്ട് സ്പൂൺ വെള്ളം കൊടുത്തുവെന്ന് പറഞ്ഞു. ആധിയിൽ ഇന്നലെ രാവിലെയും വിളിക്കാനായി ഫോൺ എടുത്തതാണ്. പക്ഷേ, എന്താണ് അപ്പുറത്തുനിന്ന് കേൾക്കേണ്ടിവരിക എന്ന ഭയം കാരണം വിളിച്ചില്ല. ഏറെ നെഞ്ചിടിപ്പോടെയാണ് നിമിഷങ്ങൾ തള്ളിനീക്കിയത്. ഉച്ചക്ക് ഒരുമണിയോടെ രണ്ടും കൽപിച്ച് വിളിച്ചു. എടുത്തത് അപർണയാണ്. അച്ഛൻ പോയീന്ന് പറഞ്ഞു. പ്രതീക്ഷിച്ചതാണെങ്കിലും അത് കേട്ടപ്പോൾ ആകെ തളർന്ന അവസ്ഥയിലാണ്. കൂടുതൽ പറയാൻ അശക്തനാണ്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.