ഒരു ആട്ടിടയന് അവന്‍റെ ഓരോ ആട്ടിൻകുട്ടിയെ കുറിച്ചും ആധിയുണ്ടാകും. അവരെ സുരക്ഷിതമായി തിരിച്ച് കൂട്ടിലെത്തിക്കുന്നത് വരെ വലിയ സൂക്ഷ്മത തന്നെയായിരിക്കും അവര്‍ക്ക്. ഇങ്ങനെ മുന്നിൽ വരുന്ന കുട്ടികളെയും ജോലി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളെയും ചേർത്തുപിടിച്ചും കരുതൽ നൽകിയും അവരുടെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിന് നേതൃത്വം നൽകി മാതൃകകളായ അനവധി അധ്യാപകരുണ്ട്. ഈ അധ്യാപകദിനത്തിൽ തന്‍റെ ഇടപെടൽ കൊണ്ട് ഒരു നാടിന്‍റെ വിദ്യഭ്യാസ,സാംസ്കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് വിത്തുപാകിയ പ്രിയപ്പെട്ട മാഷെ കുറിച്ചു ഓർക്കാൻ ശ്രമിക്കുകയാണ് റിട്ട. എ.ഇ.ഒ എം. മമ്മു മാസ്റ്റർ.
ഒരു കഥ പറഞ്ഞു തുടങ്ങാമെന്ന് കരുതുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി. സ്കൂളിൽ നിന്ന് പേര് വെട്ടിക്കിട്ടാനായി പരമാവധി സ്കൂളിൽ പോകാതെ ഒളിച്ചുനടന്നും കാടുകയറിയും നടന്നവൻ. ഏകദേശ ദിവസങ്ങളിലും ഉമ്മ അവന്‍റെ പിന്നാലെ നടന്ന് മകനെ സ്കൂളിൽ എത്തിക്കാൻ ശ്രമിക്കാറുമുണ്ട്. പക്ഷേ, അവൻ തീരുമാനിച്ചുറച്ചു തന്നെയായിരുന്നു. തുടർച്ചയായി 15 ദിവസം പോയില്ലെങ്കിൽ പേര് വെട്ടുമെന്ന് അവനുമറിയാം. പേര് വെട്ടുന്ന തലേദിവസം സഹപാഠികളിൽ ഒരാൾ വീട്ടിൽ ചെന്ന് പറഞ്ഞതാണ്. നാളെ വന്നില്ലെങ്കിൽ പേര് വെട്ടുമെന്ന്. രക്ഷിതാക്കൾ രാവിലെ തന്നെ സ്കൂളിലെത്തിക്കാനായി അവനെ അന്വേഷിച്ചുനടന്നു. പക്ഷേ, അവൻ നേരത്തെ സ്ഥലംവിട്ടിരുന്നു. അന്ന് ഒരു കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കാൻ പോയി. ഉച്ച ആകുമ്പോഴേക്കും ഉപ്പ അവനെ അന്വേഷിച്ചു കാപ്പിത്തോട്ടത്തിലെത്തി. ഉപ്പയെ കണ്ടതും അവൻ ഓടി രക്ഷപ്പെട്ടു. വൈകീട്ട് വീട്ടിലെത്തിയപ്പോ സമ്മാനപ്പെരുമഴ!!! ഞാനായിരുന്നു ആ കുട്ടി...
അങ്ങിനെ അവരെന്നെ എഴുതിത്തള്ളി. എന്നാലും ഒരു ശ്രമമെന്ന നിലക്ക് പള്ളി ദർസിൽ ഓതാൻ വിട്ടു. അതും പൂർത്തിയാക്കിയില്ല. പിന്നെ തേരാപാരാ നടന്നും മീൻ വിൽക്കാൻ പോയുമൊക്കെ നാളുകൾ തള്ളി നീക്കി. ആയിടക്ക് നാട്ടിലെ പള്ളിയിൽ അന്യദേശത്തു നിന്ന് ഒരു ബി.കോംകാരൻ മതം മാറി വന്നിരുന്നു. അയാളുമായുള്ള സൗഹൃദം വീണ്ടും പഠിക്കാൻ പ്രേരണ ആയി. അപ്പോഴേക്കും വർഷം നാല് കഴിഞ്ഞിരുന്നു. ആ മനുഷ്യനോട് എങ്ങിനെയാ പഠിക്കാൻ പറ്റുക എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് എന്നെ ഞങ്ങളുടെ സാറിന്‍റെ മുന്നിലെത്തിച്ചത്. അന്ന് വൈകീട്ട് തന്നെ ഹെഡ്മാഷ് താമസിക്കുന്ന സ്കൂളിനോട് ചേർന്നുള്ള ക്വാട്ടേഴ്സിൽ എത്തി. ഹെഡ്മാഷ് ആൾ വലിയ സംഭവമാണ്. അക്കാലത്ത് നാടുകാണാൻ വരുന്ന സായിപ്പന്മാരോട് ചറപറ ഇംഗ്ലീഷ് പറയും. കാഴ്ചയിൽ നല്ല ഗൗരവക്കാരൻ. പേടിച്ചാണ് മൂപ്പരുടെ മുന്നിൽ ചെന്നത്. കണ്ടപ്പോഴേ ചോദ്യം വന്നു. ഉത്തരം പറഞ്ഞപ്പോൾ ആരാണ് ചേരുന്നത് എന്നായി. 'ഞാൻ തന്നെ' എന്ന മറുപടി അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു. രക്ഷിതാവ് എവിടെ എന്നായി അടുത്ത ചോദ്യം. 'ഇവിടെയില്ല, ഉമ്മാക്ക് വയ്യ' എന്നു കൂടി മറുപടി പറഞ്ഞപ്പോൾ അദ്ദഹം താൽപര്യം കാണിച്ചു. 'നാളെ വാ, എ.ഇ.ഒയെ കണ്ടിട്ട് പറയാം' എന്നായി. വീട്ടിൽ ചെന്ന് ഉമ്മയോട് പറഞ്ഞപ്പോൾ വലിയ സന്തോഷം.
പിറ്റേദിവസം വൈകീട്ട് വീണ്ടും അദ്ദേഹത്തിന് മുന്നിൽ ചെന്നുനിന്നു. കുറച്ചുനേരം മുഖത്തേക്ക് നോക്കി നിന്നിട്ട് അദ്ദേഹം പറഞ്ഞു-'ചേർക്കാം. പക്ഷേ, ഇപ്പൊൾ അരക്കൊല്ല പരീക്ഷ അടുത്തിരിക്കുന്നു. ഇനി ചേർന്നാലും അഞ്ചിൽനിന്ന് ജയിക്കില്ല'. എനിക്കതും സമ്മതമായിരുന്നു. 'അങ്ങിനെയെങ്കിൽ ചേർന്നോളൂ' എന്ന് പറഞ്ഞ് ഓഫീസ് തുറന്നു പുനഃപ്രവേശനം നടത്തി. അങ്ങിനെ 1975 നവംബർ 22ന് വീണ്ടും അഞ്ചാം ക്ലാസ്സുകാരനായി. കൊല്ല പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ ഫലം തടഞ്ഞുവെച്ചവരുടെ പട്ടികയിൽ. വീണ്ടും അഞ്ചിൽ തന്നെ ഇരിക്കുന്നത് ആലോചിക്കാൻ പറ്റില്ലായിരുന്നു. ഇപ്പോൾ തന്നെ അഞ്ച് വയസ്സ് കുറവുള്ളവരുടെ ഇടയിൽ എങ്ങിനെയൊക്കെയോ പോയി ഇരുന്നതാണ്. അന്ന് വൈകീട്ട് വീണ്ടും ഹെഡ്മാഷിനെ കാണാൻ പോയി. ഇത്തിരി ചൂടായി തന്നെ ഓർമിപ്പിച്ചു-'അന്നേ പറഞ്ഞതല്ലേ ജയിക്കൂല്ലാ എന്ന്'. ഞാൻ കരയാൻ തുടങ്ങി. അവസാനം കണ്ണീരിന് ഫലമുണ്ടായി. 'നാളെ ഞാൻ എ.ഇ.യെ കണ്ടുനോക്കട്ടെ. എന്നിട്ട് പറയാം' എന്നായി. ഹെഡ്മാഷ്. പിറ്റേ ദിവസം ചെന്നപ്പോൾ '30.1.1971 to 21.11.75' എന്ന് എഴുതിയ കുറിപ്പ് തന്നിട്ട് പറഞ്ഞു, ഏതെങ്കിലും ഡോക്ടറെ കണ്ടു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി കൊണ്ടുവരികയാണെങ്കിൽ ജയിപ്പിക്കാമെന്ന്. വെള്ളമുണ്ട സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ മുന്നിൽ ചെന്ന് കരഞ്ഞപ്പോൾ അദ്ദേഹവും കനിഞ്ഞു. 30.1.1971 മുതൽ 21.11.1975 വരെ ഞാനദ്ദേഹത്തിന്‍റെ ചികിത്സയിലായിരുന്നു എന്ന സർട്ടിഫിക്കറ്റ് തന്നു. Rumattic fever എന്നൊരു രോഗമുണ്ടെന്ന് അന്ന് ആ സർട്ടിഫിക്കറ്റ് കണ്ടപ്പോഴാണ് മനസ്സിലായത്. അതോടെ ആറാം ക്ലാസ്സിലേക്ക് പ്രമോഷൻ കിട്ടി. അടുത്ത കൊല്ലം ഏഴിലെത്തി.
ഹെഡ്മാഷ് ഏഴാം ക്ലാസ്സിൽ കണക്കും ഇംഗ്ലീഷുമായിരുന്നു പഠിപ്പിച്ചിരുന്നത്. 'Have you heard of sancopanza?'-ഇന്നുമുണ്ട് ചെവിയിൽ ആ ചോദ്യം. അങ്ങിനെ പലതും. ഒരിക്കൽ ക്ലാസ്സിൽ ഇംഗ്ലീഷിൽ ചോദിച്ച ഒരു ചോദ്യത്തിന് ഇംഗ്ലീഷിൽതന്നെ മറുപടി നൽകാൻ ശ്രമിച്ചപ്പോൾ കിട്ടിയ നല്ല വാക്കാണ് ജീവിതത്തിലെ ആദ്യത്തെ പോസിറ്റീവ് സ്ട്രോക്ക്- 'എങ്ങിനെയെങ്കിലും പത്താം തരം പാസ്സായാൽ നിനക്കൊരു ജോലി എന്തായാലും കിട്ടും.'. സ്കൂളിൽ പോകാൻ മടിച്ച കുട്ടി ഇരുപതാം വയസ്സിൽ എസ്.എസ്.എൽ.സി പാസായതും ഡിഗ്രിയും അധ്യാപക പരിശീലനവും നേടിയതും അന്ന് ആ വലിയ മാഷ് കാണിച്ച മറക്കാനാകാത്ത കാരുണ്യം കൊണ്ട് മാത്രമാണ്. മാഷ് ആരാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ. ഡോ. പി. ലക്ഷ്മണൻ മാസ്റ്റർ എന്ന എക്കാലത്തെയും മികച്ച അധ്യാപകനായിരുന്നു ആ ഹെഡ്മാഷ്.
ഡിഗ്രിയും അധ്യാപക പരിശീലനവും പൂർത്തിയാക്കി പണി ഇല്ലാതെ നടക്കുന്ന കാലം. ഒരു ദിവസം എംപ്ലോയ്‌മെന്‍റ് ഇന്‍റർവ്യൂ കാർഡ് വന്നു. വൈത്തിരി ഉപജില്ലയിൽ വിവിധ സ്കൂളുകളിൽ താത്കാലിക നിയമനം. സാറിനെ കാണാൻ വേണ്ടി എസ്.കെ.എം.ജെ സ്കൂളിൽ എത്തിയപ്പോൾ അദ്ദേഹം അവിടെ അധ്യാപകർക്ക് ക്ലാസെടുക്കുന്നുണ്ട്. ക്ലാസ് കഴിഞ്ഞ് പണ്ട് പുനഃപ്രവേശനം നേടിയ വലിയ കുട്ടിയായ എന്നെ കണ്ടപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ സ്വീകരിച്ചു. ഞാൻ ചെന്ന കാര്യം പറഞ്ഞപ്പോൾ 'വാ നമുക്ക് പോയി നോക്കാം' എന്നുപറഞ്ഞ് അന്നത്തെ വൈത്തിരി എ.ഇ. ആയിരുന്ന ടെന്നിസൺ മാഷ് (അദ്ദേഹം വലിയ വായനക്കാരനും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ അമരക്കാരനുമൊക്കെ ആയിരുന്നു) ഇരിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അധ്യാപക പരിശീലനമായത് കൊണ്ടായിരിക്കണം എ.ഇ.ഒ അവിടെ ഉണ്ടായിരുന്നത്. മുറിയിൽ പ്രവേശിച്ചയുടനെ ടെന്നിസൺ സാറിനെ വിഷ് ചെയ്തിട്ട് എന്നെ ചേർത്ത് പിടിച്ചിട്ട് ഇങ്ങനെ പറഞ്ഞു-'ഇവൻ എന്‍റെ കുട്ടിയാണ്. നാളെ നടക്കുന്ന ഇന്‍റർവ്യൂവിൽ ഇവനും വരുന്നുണ്ട്. പരിഗണിക്കണം'. അത്രയും പറഞ്ഞ് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു.
ലിസ്റ്റ് വന്നപ്പോൾ ഞാനും ഉണ്ടായിരുന്നു. എന്‍റെ തുടക്കം പിഴച്ചില്ല. അവസാനം ടെന്നിസൺ മാഷിരുന്ന കസേരയിൽ നിന്ന് തന്നെ റിട്ടയർ ചെയ്യാൻ ഭാഗ്യവുമുണ്ടായി. എല്ലാത്തിനും കാരണക്കാരനായി ഞാനെന്നും കാണുന്നത്, എന്‍റെ പ്രാർഥനയിലുള്ളത്, എന്‍റെ വെളിച്ചമായി വന്ന എന്‍റെ പ്രിയപ്പെട്ട സാർ തന്നെയാണ്. ഔദ്യോഗിക ജീവിതകാലത്ത് എന്നും മാതൃകയാക്കാൻ ശ്രമിച്ചത് അദ്ദേഹത്തെ ആയിരുന്നു. മുന്നിൽ സഹായവും കരുതലും തേടി വന്ന ഒരാളെയും സങ്കടപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. പലരെയും വഴിവിട്ട് സഹായിച്ചുപോലും സ്വന്തം കാലിൽ നിർത്താൻ പ്രേരണയായത് സാർ തന്നെയാണ്. അന്ന് സാർ നിയമവും വകുപ്പും പറഞ്ഞെന്നെ ഒഴിവാക്കിയിരുന്നെങ്കിൽ ഇന്നത്തെ ഞാനുണ്ടാവില്ലായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ജനങ്ങളുടെ സേവകരാണ് മറിച്ച് യജമാനന്മാരല്ലെന്ന് സാർ പഠിപ്പിച്ചു തന്നു. ഞങ്ങളുടെ നാട്ടിലെ എല്ലാ ജനങ്ങളുടെയും പ്രിയപ്പെട്ട മാഷ്. നല്ല കട്ടിയുള്ള പാന്‍റും ഷർട്ടും ധരിച്ചു വരുന്ന സാറിനെ കണ്ടാൽ പെട്ടന്ന് തോന്നുക ഒരു ഗൗരവക്കാരനാണെന്നാണ്. എന്നാൽ, സംസാരിക്കുന്ന ഓരോ ആളുടെയും തോളിൽ കൈവെച്ചു സംസാരിക്കുന്ന, തീർത്തും ജനകീയൻ. ഇപ്പോഴും തരുവണയിൽ വന്നിറങ്ങിയാൽ കാണുന്നവരുടെയൊക്കെ പേരും വീട്ടുപേരും ചേർത്തു വിളിക്കുന്ന ഞങ്ങളുടെ ഹെഡ്മാഷ് ഇന്നും ഒരു വിസ്മയം തന്നെയാണ്.
അദ്ദേഹത്തിന് മുമ്പും ശേഷവും തരുവണയിൽ പല ഹെഡ്മാസ്റ്റർമാരും വന്നിട്ടുണ്ട്. പക്ഷേ, ഇതുപോലെ അടയാളപ്പെടുത്തി പോയ വേറെ ഒരാളില്ല. ഞങ്ങൾ പഠിക്കുന്ന കാലത്തു കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ സങ്കടകരമായിരുന്നു. എന്‍റെ ക്ലാസിൽ രണ്ട് പെൺകുട്ടികളാണുണ്ടായിരുന്നത്. അതിലൊരാളുടെ കല്യാണം ഏഴാം ക്ലാസ് പകുതി ആയപ്പോഴേ നടന്നു. സാർ ഈ വിഷയങ്ങളൊക്കെ ഉയർത്തിക്കൊണ്ടുവന്ന് സമൂഹത്തിലെ പ്രമുഖരുമായി സംസാരിച്ചത് അറിയാം. അതിന്‍റെയൊക്കെ ഫലമായിട്ടുകൂടിയാണ് ഇന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നായി തരുവണ ഗവ. യു.പി സ്കൂൾ വളർന്നത്. മാത്രമല്ല, ഞങ്ങളെപ്പോലുള്ള അനവധി വിദ്യാർഥികളിൽ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനമെന്ന തിരിച്ചറിവുണ്ടാക്കിത്തരാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് ഒരധ്യാപകനെന്ന നിലക്ക് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ വിജയമാണ്. ഇങ്ങനെ കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്ന ഒരധ്യാപകനെ എന്‍റെ പഠനകാലത്തു വേറെ കണ്ടിട്ടില്ല.
സാർ തരുവണയിൽ നിന്ന് സ്ഥലംമാറി പോയെങ്കിലും തരുവണക്കടുത്ത് പീച്ചാംഗോഡ് സ്ഥിരതാമസമായിരുന്നു. ഞങ്ങളുടെ നാടിനോട് വല്ലാത്ത സ്നേഹവും പരിഗണനയും എന്നും കാണിച്ചിട്ടുണ്ട്. വയനാട് ഡയറ്റിൽ പ്രിൻസിപ്പലെന്ന അഭിമാന തസ്തികയിൽ എത്തിയപ്പോഴും ഞങ്ങളത് അനുഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഡി.പി.ഇ.പി സ്കൂളുകൾ അനുവദിച്ചപ്പോൾ തരുവണക്ക് ഒന്നര കിലോമീറ്ററിനുള്ളിൽ രണ്ട് എൽ.പി സ്കൂളുകൾ അനുവദിച്ചുകിട്ടി. സാർ തന്നെയാണ് അതിന്‍റെ പിന്നിലെ ചാലക ശക്തി. ആ പ്രദേശങ്ങളിലെ ജനങ്ങളെ കണ്ടു സ്കൂളിന് ആവശ്യമായ സ്ഥലം സംഘടിപ്പിച്ചുനൽകാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. ഇന്ന് ഈ വിദ്യാലയങ്ങൾ ആ പ്രദേശത്തെ സാധാരണക്കാരായ മനുഷ്യർക്ക് വലിയ സൗകര്യവും ആശ്വാസവുമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ദീർഘദർശനം ഒരു നാടിന്‍റെ വിദ്യാഭ്യാസ,സാംസ്കാരിക മുന്നേറ്റത്തിന് അസ്ഥിവാരമിടുകയായിരുന്നു. അദ്ദേഹം വിതച്ച വിത്ത് ഇന്ന് മഹാവൃക്ഷമായി വളർന്ന് പന്തലിച്ചിട്ടുണ്ട്. കേവലം 20 സെന്‍റ് സ്ഥലത്തു പ്രവർത്തിച്ചിരുന്ന തരുവണ ഗവ. യു.പി സ്കൂൾ വളർന്ന് വലുതായിരിക്കുന്നു. തരുവണക്കാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചത് കൊണ്ട് തരുവണയിൽ ഹൈസ്കൂളും ഹയർ സെക്കന്‍ററി സ്കൂളും യാഥാർഥ്യമായിരിക്കുന്നു. അതിനാവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും ഒരുക്കി കൊടുക്കുവാൻ നാടിന്‍റെ കൂട്ടായ്‌മക്ക് സാധിച്ചിരിക്കുന്നു. സാറിന് അഭിമാനിക്കാം.
1945 ഒക്ടോബർ അഞ്ചിന് തലശ്ശേരി പാലയാട് ജനിച്ച ലക്ഷ്മണൻ മാഷ് കണ്ണൂർ ബ്രണ്ണൻ കോളജിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ബി.എസ്സി മാത്‍സ് പാസ്സായി. അക്കാലത്ത് കണക്ക് അധ്യാപകർക്ക് വലിയ ക്ഷാമമായിരുന്നു. അതുകൊണ്ട് തലശ്ശേരി സെന്‍റ് ജോസഫ് ഹൈസ്കൂളിൽ നിയമനം ലഭിക്കുമായിരുന്നു. ജോർജ് പുതിയിൽ എന്ന് പ്രസിദ്ധനായ അധ്യാപകനായിരുന്നു അവിടുത്തെ ഹെഡ്മാസ്റ്റർ. അദ്ദേഹം ബ്രണ്ണൻ കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർഥികളിലെ പ്രതിഭകളെ കണ്ടെത്തി സ്കൂളിൽ എത്തിക്കുമായിരുന്നു. എന്നാൽ, ലക്ഷ്മണൻ സാർ അന്ന് ആ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാതെ തിരിച്ചുപൊന്നു. പിന്നീട് ഇരുപത്തി ഒന്നാമത്തെ വയസ്സിൽ പാലയാട് ഗവ. ഹൈസ്കൂളിൽ എംപ്ലോയിമെൻറ് എക്സ്ചേഞ്ച് വഴി താത്കാലിക അധ്യാപകനായി നിയമനം ലഭിച്ചു. രാവിലെ ഇന്‍റർവ്യൂവിന് പങ്കെടുത്തു, ഉച്ചക്ക് തന്നെ നിയമനം ലഭിച്ചു. അവിടുത്തെ 9ഇ എന്ന ക്ലാസ്സിലായിരുന്നു ആദ്യത്തെ അധ്യാപനം. ഒമ്പത് മാസവും ഇരുപത്തിനാല് ദിവസവും അവിടെ ജോലി ചെയ്തു. തുടർന്ന് പാലയാട് ഗവ. ടീച്ചർ ട്രെയ്നിങ് കോളേജിൽ ബി.എഡിന് അഡ്മിഷൻ ലഭിച്ചു. നാലഞ്ച് മാസം കഴിഞ്ഞപ്പോൾ തന്നെ പി.എസ്.സി വിളിക്കുന്നു. റാങ്ക് ലിസ്റ്റിൽ അദ്ദേഹം അൺട്രെയ്ൻഡ് കാറ്റഗറിയിൽ ഒന്നാം റാങ്കുകാരൻ. അധ്യാപക പരിശീലനത്തിലായതിനാൽ അന്നത്തെ ഡി.ഇ.ഒ സർവീസിൽ പ്രവേശിക്കുന്നതിന് ഇളവ് അനുവദിച്ചുകൊടുത്തു. പരിശീലനം പൂർത്തിയാക്കി 1968 ജൂൺ ഒന്നിന് പയ്യന്നൂർ ഗവ. ഹൈസ്കൂൾ മാതിലിൽ സ്ഥിരാധ്യാപകനായി സർക്കാർ ജോലിയിൽ പ്രവേശിച്ചു. അതിനിടക്ക് ബാംഗ്ലൂർ റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും ഇംഗ്ലീഷിൽ ഡിപ്ലോമ നേടി.
തലശ്ശേരിയിൽ നിന്ന് പയ്യന്നൂർ എത്താൻ അന്ന് നല്ല ബുദ്ധിമുട്ടായിരുന്നു. വീടിനടുത്തുള്ള പാലയാട് സ്കൂളിലേക്ക് മാറ്റം കിട്ടുന്നതിന് അന്നത്തെ ഡി. ഇ.ഒയെ കാണാൻ ചെന്നു. അക്കാലത്തു സർക്കാർ സർവീസിൽ പ്രവേശിച്ചാൽ ഒരു കൊല്ലത്തെ നിർബന്ധിത ഡിഫികൾട്ട് ഏരിയ സർവീസ് എടുക്കണമായിരുന്നു. അതുകൊണ്ട് ഡി.ഇ.ഒ ചോദിച്ചു-'നിങ്ങൾ ഇപ്പോൾ വയനാട്ടിൽ പോകുന്നോ അതോ പിന്നീടോ? ഇപ്പോൾ പോയാൽ അടുത്ത അധ്യയന വർഷാരംഭത്തിൽ തിരിച്ചു പാലയാട് വരാം'. അങ്ങിനെ അദ്ദേഹം വയനാട്ടിലേക്ക് വരാൻ സന്നദ്ധനായി. 1971 ഒക്ടോബർ 22ന് ഗവ. ഹൈ സ്കൂൾ പനമരത്ത് അധ്യാപകനായി എത്തി. ഒരു വർഷത്തെ നിർബന്ധിത സർവീസിന് വന്ന ലക്ഷ്മണൻ സാർ ഇന്നും വയനാട്ടിലുണ്ട്, വയനാട്ടുകാരായി തന്നെ. അത്രമാത്രം ഈ നാടിനെയു നാട്ടുകാരെയും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം വയനാട്ടുകാരുടെ പൊതുസ്വത്തായി മാറിയിട്ടുണ്ട്.
പനമരം സ്കൂൾ അധ്യാപനകാലത്തു സ്കൂളിൽ നടന്ന വിദ്യാർഥി സമരങ്ങളും സംഘട്ടനങ്ങളും മാഷിനെ ഏറെ സങ്കടപ്പെടുത്തി. ഒന്നും ചെയ്യാനില്ലാതെ മാസങ്ങളോളം രാവിലെ സ്കൂളിലെത്തി ഹാജർ ബുക്കിൽ ഒപ്പിട്ട് സ്റ്റാഫ്റൂമിൽ ഇരുന്ന് സമയം കളയുന്നത് സാറിനെപ്പോലെ കർമ്മോൽസുഖനായ അധ്യാപകർക്ക് അസഹ്യമായിരിക്കണം. ആയിടക്കാണ് കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഹൈസ്കൂളുകളിലെ ഗ്രാജുവേറ്റ് അധ്യാപകരെ പ്രൈമറി വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്റർമാരായി നിയമിക്കാൻ സർക്കാർ തീരുമാനം വരുന്നത്. അങ്ങിനെയാണ് സാർ തരുവണ ഗവ. യു.പി. സ്കൂളിൽ പ്രധാന അധ്യാപകനായി വരുന്നത്. തരുവണക്കാരെ സംബന്ധിച്ചിടത്തോളം അത് വലിയ വിദ്യാഭ്യാസ വിപ്ലവത്തിന് കാരണമായി. പിന്നീട് അദ്ദേഹം വാരാമ്പറ്റ യു.പി സ്കൂളിലും സേവനം ചെയ്തിരുന്നു. വയനാട് ജില്ലയിൽ പുതുതായി ആരംഭിച്ച ഹൈസ്കൂളുകളിലൊക്കെ പ്രഥമ പ്രധാനാധ്യാപകനായി ചുമതല നൽകിയത് സാറിനായിരുന്നു. നീർവാരം ഹൈസ്കൂളിലും പിന്നീട് കരിങ്കുറ്റി ഹൈസ്കൂളിലും പ്രധാനാധ്യാപക ചുമതലയിൽ ഇരുന്നു. ആ സ്കൂളുകളുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചത് എടുത്തു പറയേണ്ടതാണ്. പിന്നീട് അദ്ദേഹം പനമരം ഗവ. ടി.ടി.ഐ യിൽ അധ്യാപകനായി ചുമതലയേറ്റു.
ഇത്തരം വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോഴും പഠനത്തിനും പുതിയ കോഴ്സുകൾ ചെയ്യുന്നതിനും സമയം കണ്ടെത്തി എന്നത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഹിമാചൽ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എഡ്, എം.എ (പൊളിറ്റിക്കൽ സയൻസ്), പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡിസ്റ്റൻസ് എജുക്കേഷനിൽ എം.എ, ഓഫീസ് ഓർഗനൈസേഷൻ ആൻഡ് പ്രോസീജെറിൽ പി.ജി ഡിപ്ലോമ എന്നിവ നേടി. ഇതിന്‍റെ അടിസ്ഥാനത്തിലൊക്കെയാണ് വയനാട് ഡയറ്റിന്‍റെ പ്രഥമ പ്രിൻസിപ്പൽ ആകുന്നത്. അതോടെ അദ്ദേഹം താമസം ബത്തേരിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെയും വിവിധ വിഷയങ്ങളിൽ പി.ജികളും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മധുരൈ കാമരാജ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഗാന്ധിയൻ ചിന്തയിൽ എം.എയും ഫിലോസഫിയിൽ എം.എയും പാസ്സായി. റിട്ടയർ ചെയ്തതിന് ശേഷവും അദ്ദേഹം പഠനം നിർത്തിയിട്ടില്ല. ഫിലോസഫിയിൽ നെറ്റ് പാസ്സായായതും കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റിയിൽ ഡയനാമിക്സ് ഓഫ് വയലൻസിൽ പിഎച്ച്.ഡി നേടിയെന്നതും അത്ഭുതകരമായി തോന്നുന്നു.
എന്നും പഠിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനാണ് അദ്ദേഹം. അതേസമയം, ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും മാഷ് സമയം കണ്ടെത്തുന്നുണ്ട്. മദ്യവർജ്ജന സമിതി, ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗ്രന്ഥശാലാ പ്രസ്ഥാനം, തുടർ വിദ്യാഭ്യാസ പദ്ധതി, സാക്ഷരതാ മിഷൻ, സിവിൽ സർവിസ് കോച്ചിങ്ങ് തുടങ്ങി വയനാട്ടിലെ അനവധി വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ സാർ ഇന്നും സജീവമായി ഇടപെട്ടു കൊണ്ട് അവരുടെ കൂടെ തന്നെയുണ്ട്. എല്ലാറ്റിനുമുപരി ഏതെങ്കിലും പരിപാടിക്ക് വിളിച്ചാൽ അദ്ദേഹം കൃത്യസമയത്തു തന്നെ എത്തി മറ്റുള്ളവർക്ക് മാതൃകയാവാറുണ്ട്. കാണുമ്പോഴൊക്കെ ഏത് പുസ്തകമാണ് വായിക്കുന്നതെന്ന് ചോദിക്കാറുണ്ട്. വലിയ ഗാന്ധിയനായ അദ്ദേഹം ഒരിക്കൽ ഗാന്ധി വിമർശനം നല്ല രീതിയിലുള്ള 'Gandhi and his time' എന്ന പുസ്തകം വായിക്കാൻ പറഞ്ഞിരുന്നു. വായിച്ചപ്പോൾ മാഷ് എത്രമാത്രം സ്വാതന്ത്ര്യമാണ് ചിന്തയിലും പ്രവൃത്തിയിലും പ്രകടിപ്പിക്കുന്നത് എന്ന് ബോധ്യമായി.
ഇങ്ങനെയൊരു മനുഷ്യൻ ആണ് എന്‍റെ സ്വപ്നതുല്യമായ വളർച്ചക്ക് കാരണമായത്. ഒന്നുമില്ലാത്തിടത്തു നിന്ന് എന്‍റെയും ഞാൻ കാരണം എന്‍റെ കുടുംബത്തിന്‍റെയും മെച്ചപ്പെട്ട ഇന്നിലേക്ക് മാറ്റി വളർത്തുന്നതിന് കാരണമായ ആ വലിയ മനുഷ്യസ്നേഹിയായ, മഹാ പണ്ഡിതൻ കൂടിയായ എന്‍റെ സാറിനെ ഓർക്കാതെ ഒരു അധ്യാപകദിനവും കഴിഞ്ഞുപോയിട്ടില്ല. അധ്യാപകൻ സാമൂഹിക പരിഷ്കർത്താവാണ് എന്ന് പറയുന്നത് വെറുംവാക്ക് ആവാതിരിക്കാൻ അദ്ദേഹത്തിന്‍റെ അമ്പത് വർഷത്തെ വയനാട്ടിലെ സേവനങ്ങൾ സാക്ഷി നിൽക്കും. ദൈവം തമ്പുരാൻ എനിക്ക് നൽകിയ മഹാ സമ്പത്തുകൾ ഏറെയും എന്‍റെ ഗുരുജനങ്ങളും രക്ഷിതാക്കളും സുഹൃത്തുക്കളുമാണ്. അവരിൽ ആദ്യം എഴുതി വെക്കേണ്ട പേര് ഡോ. പി. ലക്ഷ്മണൻ മാസ്റ്റർ എന്ന എന്‍റെ പ്രിയപ്പെട്ട ഗുരുവര്യനാണ്. അദ്ദേഹത്തിന്‍റെയും മറ്റെല്ലാ അധ്യാപകരുടേയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു. 'നന്മ നമുക്കതേയുള്ളൂ, ഗുരുകടാക്ഷം കൂടാതെ ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും...'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.