മനാമ: ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ വ്യാഴാഴ്ച പ്രശസ്ത യുവ എഴുത്തുകാരി ശ്രീപാർവതി പങ്കെടുക്കും. രാത്രി എട്ടിന് നടക്കുന്ന പരിപാടിയിൽ പ്രവാസി എഴുത്തുകാരനായ ആദര്‍ശ് മാധവന്‍കുട്ടിയുടെ പുതിയ കഥാസമാഹാരമായ 'തിരുവനന്തപുരം ക്രൈം കഥകള്‍' എന്ന പുസ്തകം ശ്രീപാര്‍വതി പ്രകാശനം ചെയ്യും.
തുടർന്ന് എഴുത്തുകാരിയുമായുള്ള മുഖാമുഖവും സഹൃദയ നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന 'സൂര്യകാന്തിനോവ്' എന്ന നൃത്തശിൽപവും അരങ്ങേറും.കഴിഞ്ഞ ദിവസം നടന്ന മുഖാമുഖം പരിപാടിയിൽ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദനും ജോസ് പനച്ചിപ്പുറവും പങ്കെടുത്തു. കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ മൗനത്തിനുശേഷം എന്തിനെയും ശബ്ദമുഖരിതവും ആഘോഷവുമാക്കുകയാണ് മലയാളികളെന്നും ഇതിന്റെ പ്രതിഫലനങ്ങൾ സാഹിത്യത്തിലും സിനിമ പോലുള്ള കലകളിലും ദൃശ്യമാണെന്നും എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്ന എഴുത്തുകാരനോടുള്ള ആദരസൂചകമായി എം. മുകുന്ദന്റെ പ്രശസ്തമായ 'ഡൽഹി' എന്ന കൃതിയുടെ നാടകാവിഷ്കാരവും അരങ്ങേറി. മനോഹരൻ പാവറട്ടിയുടെ സംവിധാനത്തിൽ സമാജം സ്കൂൾ ഓഫ് ഡ്രാമയും ചിൽഡ്രൻസ് വിഭാഗവും ചേർന്നാണ് കഥാകാരന്റെ സാന്നിധ്യത്തിൽ നാടകം അവതരിപ്പിച്ചത്.
സമാജം ഫോട്ടോഗ്രഫി ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്ന ഫോട്ടോഗ്രഫി പ്രദർശനത്തിനും തുടക്കമായി. ബാബുരാജൻ ഹാളിലാണ് പ്രദർശനം. പുസ്തകമേളയോടനുബന്ധിച്ച് സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കളറിങ് മത്സരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ആറു മുതൽ 10 വയസ്സു വരെയും 11 മുതൽ 15 വയസ്സു വരെയുമുള്ള കുട്ടികൾക്ക് രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. സിവിൽ സർവിസ് ഉദ്യോഗസ്ഥൻ, കേന്ദ്രമന്ത്രി, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അൽഫോൻസ് കണ്ണന്താനമാണ് വെള്ളിയാഴ്ചത്തെ മുഖ്യാതിഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.