മലപ്പുറം: കാഴ്ചപരിമിതി സ്വപ്നങ്ങൾക്ക് ഒരിക്കലും പരിധി നിശ്ചയിച്ചിട്ടില്ലെന്ന് തെളിയിച്ച നജാഹിന്റെ ജീവിതാനുഭവം ആത്മകഥാരൂപത്തിൽ പുറത്തിറങ്ങുന്നു. അപ്രതീക്ഷിതമായി എത്തിയ വിധിയെ തോൽപിച്ച അനുഭവങ്ങളാണ് ഈ 18കാരൻ പുസ്തകത്തിൽ വിവരിക്കുന്നത്. ഒലീവ് ബുക്സ് പ്രസിദ്ധീകരിക്കുന്ന 'വർണങ്ങൾ' എന്ന പുസ്തകം മോട്ടിവേഷനൽ ട്രെയിനർ ജോസഫ് അന്നംകുട്ടി ജോസ്, അധ്യാപകരെയും നാട്ടുകാരെയും സാക്ഷിയാക്കി ശനിയാഴ്ച പ്രകാശനം ചെയ്യും.
അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ നജാഹിന്റെ ഇഷ്ടവിഷയം രാഷ്ട്രീയം, യാത്ര, വായന എന്നിവയാണ്. ഒമ്പതാം വയസ്സിലാണ് ഹൈഡ്രോസെഫാലസിനെ തുടർന്ന് തലച്ചോറിൽനിന്ന് കണ്ണിലേക്കുള്ള ഞരമ്പുകൾ ദുർബലമായി കാഴ്ച നഷ്ടമായത്. വായനയും എഴുത്തും ഇഷ്ടമായ നജാഹിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിനാണ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിച്ചു.
നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്ന് യു. നജാഹ് പറയുന്നു. പുസ്തകങ്ങൾ വായിക്കുന്നത് സാങ്കേതിക വിദ്യയുടെയും ഓഡിയോ ലൈബ്രറിയുടെയും ബ്രെയിൽ ലിപിയുടെയും സഹായത്തോടെയാണ്. കൂടാതെ സുഹൃത്തുക്കൾ വായിച്ച് കേൾപ്പിക്കുകയും ചെയ്യും. പിയാനോ, ഫ്ലൂട്ട്, കീബോർഡ് എന്നിവയും വായിക്കും. മിമിക്രി അവതരിപ്പിക്കാനും ഗാനം ആലപിക്കാനും ഇഷ്ടമാണ്.
ഒമ്പതാം ക്ലാസ് മുതലാണ് എഴുതിത്തുടങ്ങിയത്. രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളുമൊക്കെയാണ് വിഷയം. ഈ വർഷം ഏപ്രിലിലാണ് പുസ്തകത്തിന്റെ പണിപ്പുര തുടങ്ങിയത്. ഹിസ്റ്ററി അധ്യാപകൻ നിസാറാണ് ജീവിതാനുഭവം പുസ്തകമാക്കണമെന്ന് നിർദേശിച്ചത്. 2000 കോപ്പി പ്രീബുക്ക് ചെയ്തിട്ടുണ്ട്. ചെറുപ്പത്തിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചതാണ്. ഇപ്പോഴും സൈക്കിൾ ഓടിക്കും. അതെങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി അതെല്ലാം പുസ്തകത്തിൽ വിശദമാക്കുന്നു എന്നാണ്.
പ്ലസ് ടു പഠനത്തിനു ശേഷം പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് എന്നിവ പഠിക്കാനാണ് താൽപര്യം. സിവിൽ സർവിസാണ് ലക്ഷ്യം. മലപ്പുറത്ത് പുസ്തക പ്രകാശന ചടങ്ങിന്റെ ഭാഗമായി എത്തിയ നജാഹും അധ്യാപകരും ജില്ല കലക്ടറെ സന്ദർശിച്ചാണ് മടങ്ങിയത്. വള്ളിക്കാപറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡിലാണ് ഏഴാം ക്ലാസ് പഠിച്ചത്. എസ്.എസ്.എൽ.സിക്ക് ഒമ്പത് എ പ്ലസും പ്ലസ് വണിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസും നേടിയ ഈ മിടുക്കൻ പുത്തലത്ത് ഉഴുന്നൻ ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഷാജഹാൻ, തെജിൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.