ഷാർജ: അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ അപൂർവ കൈയെഴുത്തു lilifeപ്രതികളും പുസ്തകങ്ങളും പ്രദർശിപ്പിക്കും. ചരിത്രത്തിലും വിജ്ഞാനത്തിലും തൽപരരായവരെ ലക്ഷ്യം വെച്ചാണ് പ്രദർശനം ഒരുക്കുന്നത്. 13ാം നൂറ്റാണ്ടിലേതടക്കം അറബിക്-ഇസ്ലാമിക കൈയെഴുത്തു പ്രതികളും പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും.
പലതും ആദ്യമായാണ് പശ്ചിമേഷ്യയിലെ ഒരു വേദിയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. അറബ് നാഗരികതകളുടെ വളർച്ചയിലും ഉയർച്ചയിലും വിജ്ഞാനത്തിനുള്ള പങ്ക് വെളിച്ചത്തുകൊണ്ടുവരുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നതാണ് പ്രദർശനം ലക്ഷ്യംവെക്കുന്നത്.
ഇറ്റലിയിലെ സേക്രഡ് ഹാർട്ട് കാത്തലിക് യൂനിവേഴ്സിറ്റിയും അംബ്രോസിയൻ ലൈബ്രറിയും ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. ഈ വർഷത്തെ പുസ്തകമേളയിലെ അതിഥിരാജ്യമാണ് ഇറ്റലി. വിശുദ്ധ ഖുർആന്റെ 15, 16 നൂറ്റാണ്ടുകളിലെ അപൂർവ കൈയെഴുത്തുപ്രതികളുടെ ശേഖരത്തിൽനിന്ന് പകർത്തിയ പേജുകൾ, പതിനേഴാം നൂറ്റാണ്ടിലെ പ്രപഞ്ചശാസ്ത്രവുമായി ബന്ധപ്പെട്ട 'അസ്തിത്വത്തിന്റെ അത്ഭുതങ്ങൾ' എന്ന തലക്കെട്ടിലുള്ള കൈയെഴുത്തുപ്രതി എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നുണ്ട്.
മുഹമ്മദ് നബിയുടെ വംശാവലി രേഖപ്പെടുത്തിയ കൈയെഴുത്തുപ്രതിയും പ്രദർശനത്തിൽ ചരിത്രാന്വേഷകരെ ആകർഷിക്കുന്നതാണ്. പ്രശസ്ത ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസിന്റെ പുസ്തകവും പ്രദർശനത്തിലുണ്ടാകും. പുരാതന ഈജിപ്തിന്റെ ഭൂപടമടക്കം പഴയകാലത്തെ മാപ്പുകളും കുറിപ്പുകളും അലക്സാൻഡ്രിയയിലെ പുരാതന ലൈബ്രറിയിൽ നിന്നുള്ള കൈയെഴുത്തുപ്രതികളും ഇതിനൊപ്പം കാണാനുള്ള അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.