ജീവിതത്തിന്റെ കണ്ണീരുപ്പ് നിറഞ്ഞ ബെന്യാമിന്റെ ആടുജീവിതമെന്ന നോവൽ മലയാളി നെഞ്ചേറ്റിയിട്ട് കാലം ഏറെയായി. ഇപ്പോൾ ചലചിത്രമായതോടെ ഒരിക്കൽ കൂടി സജീവ ചർച്ചയായി. എന്നാൽ, ഈ വായനാദിനത്തിൽ ആട് ജീവിതത്തിലെ കഥ ഒരു പാരഗ്രാഫിൽ ഒതുക്കിയ മന്തരത്തൂർ എം.എൽ.പി സ്കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനിയാണ് താരം. സംയുക്തഡയറിയിലാണ് തന്റെ ആട് ജീവിതാനുഭവങ്ങൾ നന്മ തേജസ്വിനി എഴുതിയത്. എഴുത്തുകാരൻ ബെന്യാമിൻ ‘ഇത്രേ ഒള്ളൂ..’ എന്ന തലക്കെട്ടോടെയാണ് ഫേസ് ബുക്കിലൂടെ തന്റെ സ്നേഹം പങ്കുവെച്ചത്. ഇതിനുപിന്നാലെ മന്ത്രി വി. ശിവൻ കുട്ടിയും ഫേസ് കുറിപ്പിലൂടെ അഭിനന്ദിച്ചു. മന്ത്രിയുടെ കുറിപ്പിങ്ങനെ: ‘കോഴിക്കോട് ജില്ല
തോടന്നൂർ സബ്ജില്ല മന്തരത്തൂർ MLP സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി നന്മ തേജസ്വിനി പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിന്റെ കൂടി പ്രതീകമാണ്. ആടുജീവിതത്തെ എത്ര മനോഹരമായാണ് ഈ വിദ്യാർത്ഥിനി സംഗ്രഹിച്ചിരിക്കുന്നത്. കഥാകാരൻ തന്നെ അഭിനന്ദിച്ചിരിക്കുന്നു.സ്നേഹം മോളെ... അഭിമാനവും..’
‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... 'എന്നാണ് നന്മ തേജസ്വിനി എഴുതിയത്. കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രവും വരച്ചു വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.