1926ൽ പാലക്കാട് കുമരെനല്ലൂർ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അക്കിത്തം അച്യുതൻ നമ്പൂതിരി, ബാല്യത്തിൽ തന്നെ സംസ്കൃതവും സംഗീതവും ജ്യോതിഷവും സ്വായത്തമാക്കി. കൂടല്ലൂരിലും പകരാവൂരിലും മനകളിൽ ചെന്നായിരുന്നു സംസ്കൃത പഠനം. തമിഴ് പഠിച്ചെടുത്തത് വി.ടി. ഭട്ടതിരിപ്പാടിൽ നിന്ന്. ആഴത്തിലുള്ള വായനയിലൂടെ ഇംഗ്ലീഷിലും അവഗാഹം നേടി.
ചെറുപ്പത്തിൽ ചിത്രകലയിൽ തൽപരനായിരുന്നു. എട്ടാം വയസ്സുമുതൽ കവിത എഴുതിത്തുടങ്ങിയ അദ്ദേഹം കുമരനെല്ലൂർ സ്കൂളിൽ പഠിക്കുേമ്പാൾ കവിതെയഴുത്തിലും അക്ഷരേശ്ലാകത്തിലും മത്സരിച്ചു. എട്ടിൽ പഠിക്കുേമ്പാഴാണ് ആദ്യമായി കവിത രചനക്ക് സമ്മാനം കിട്ടിയത്. കവിത ആദ്യമായി അച്ചടിച്ചത് 'രാജർഷി' എന്ന മാസികയിൽ.
കോഴിക്കോട് സാമൂതിരി കോളജിൽ ഇൻറർമീഡിയറ്റിന് ചേർന്നെങ്കിലും അസുഖംമൂലം പഠനം പാതിവഴിക്ക് മുടങ്ങി. തുടർന്ന് തൃശൂർ മംഗളോദയം പ്രസിൽ ഉണ്ണി നമ്പൂതിരി മാസികയിൽ പ്രിൻററും പബ്ലിഷറുമായി. വായനയും എഴുത്തുമായി പത്തുവർഷത്തോളം മംഗളോദയത്തിൽ. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായിട്ടുണ്ട്.
ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായും എഡിറ്ററായും പ്രവർത്തിച്ചു. ഇടശ്ശേരി, ഉറൂബ്, നാലപ്പാട്ട് നാരായണേമനോൻ തുടങ്ങിയ സാഹിത്യ പ്രതിഭകളോടൊപ്പം ഒരുകാലത്ത് പൊന്നാനിക്കളരിയുടെ ഭാഗമായിരുന്ന അദ്ദേഹം വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിലും പങ്കാളിയായി.
കവി ആകാനായിരുന്നു നിയോഗമെന്നും മറ്റൊരു ചിന്ത ജീവിതത്തിലൊരിക്കൽപോലും വന്നിട്ടില്ലെന്നും അക്കിത്തം പലപ്പോഴും പറഞ്ഞിട്ടുണ്ട്. വെണ്ണക്കല്ലിെൻറ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി, മനഃസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരുകുല മുന്തിരിങ്ങ എന്നീ കൃതികൾ അദ്ദേഹത്തിന്റേതാണ്.
സ്നേഹത്താൻ പടുത്തുയർത്തപ്പെടേണ്ടതാണ് ജീവിതം എന്ന ഒാർമപ്പെടുത്തലുകളാണ് അക്കിത്തത്തിന്റെ ഒാരോ രചനയും. അനുഭവ ജ്ഞാനവും കാവ്യോപാസനയുടെ ആഴവും ഒാരോ കവിതയേയും വേറിട്ടതാക്കുന്നു. ജീവിതത്തിന്റെ വിഷമം നിറഞ്ഞ സന്ദർഭങ്ങളെ പലപ്പോഴും കവിതയിലൂടെ അദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ കുഞ്ഞ് മരിച്ചപ്പോൾ തീരാവേദനയിൽ ആണ്ടുപോയ അക്കിത്തം, അന്നൊരു കവിത എഴുതി, 'അച്ഛൻ കൃതജ്ഞത പറയുന്നു' എന്നായിരുന്നു തലക്കെട്ട്.
ബാല്യകാല സുഹൃത്തുക്കളെക്കുറിച്ചും മഹാകവി കവിത രചിച്ചിട്ടുണ്ട്. അതിലൊന്നാണ് കുമരനെല്ലൂരിലെ അബ്ദുല്ലയെക്കുറിച്ച ഉള്ളുലയ്ക്കുന്ന കവിത. ഒന്നാന്തരം നടനും നാടകകൃത്തുമാണ് അക്കിത്തം. 'അടുക്കളയിൽനിന്നും അരങ്ങത്തേക്ക്', 'കൂട്ടുകൃഷി' എന്നീ നാടകങ്ങളിൽ വേഷമിട്ടു. 'ഇൗയേടത്തി നുണയേ പറയൂ' എന്നൊരു നാടകം കുട്ടികൾക്കുവേണ്ടി എഴുതി.
മലയാള കവിതയെ ഭാവുകത്വത്തിന്റെ നവീന വഴികളിലൂടെ കൂട്ടിക്കൊണ്ടുപോയ മഹാകവിക്ക് അർഹിച്ച അംഗീകാരമാണ് ജ്ഞാനപീഠം പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.