വിവാദമായ കവർ ചിത്രം 

കസവ് മുണ്ടുടുത്ത് ചാരുകസേരയിൽ 'സവർണ അംബേദ്കർ'; വിവാദമായി 'മലയാളി മെമ്മോറിയൽ' കവർ

രണഘടനാ ശിൽപിയും ദലിത് അവകാശ പോരാട്ടങ്ങളുടെ നായകനുമായ ഡോ. ബി.ആർ. അംബേദ്കറിനെ സവർണ വേഷത്തിൽ അവതരിപ്പിച്ചുള്ള പുസ്തക കവർ വിവാദമായി. ഉണ്ണി ആറിന്‍റെ 'മലയാളി മെമ്മോറിയൽ' എന്ന പുസ്തകത്തിന് വേണ്ടി സൈനുൽ ആബിദ് ഒരുക്കിയ കവർ ചിത്രമാണ് വിവാദമായത്. കസവ് കരയുള്ള മുണ്ടും മേൽശീലയുമണിഞ്ഞ് ചാരുകസേരയിലിരിക്കുന്ന അംബേദ്കറിനെയാണ് മുഖചിത്രത്തിൽ കാണിക്കുന്നത്. അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിപരീതമാണ് മുഖചിത്രമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അംബേദ്കറിന് അടുത്തു തന്നെ ഒരു കിണ്ടിയും ചുവരിൽ കോട്ടിട്ട ഗാന്ധിയുടെ ചിത്രവും ഉണ്ട്. പുസ്തകത്തിന്‍റെ മാർക്കറ്റിംഗിനായി മനപൂർവം വിവാദം സൃഷ്ടിക്കാനാണ് ഇത്തരമൊരു കവർ ഒരുക്കിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ള ദലിത് ചിന്തകരും സാംസ്കാരിക പ്രവർത്തകരും കവറിനെ വിമർശിച്ച് രംഗത്തെത്തി.

അംബേദ്കറുടെ സ്വത്വത്തിന് മേലുള്ള സവർണ്ണ അധിനിവേശം എന്നാണ് സണ്ണി എം. കപിക്കാട് ഇതിനെ വിശേഷിപ്പിച്ചത്. നായരെപ്പോലെ തോന്നിക്കുന്ന ഉയർന്ന ജാതി വസ്ത്രം ധരിച്ച അംബേദ്കറുടെ അത്തരമൊരു ചിത്രം ഒരിക്കലും അംബേദ്കറുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. ശരിക്കും ഇത് അദ്ദേഹത്തിന് അപമാനകരമാണ്. അംബേദ്കര്‍ തന്റെ ജീവിത കാലത്ത് എതിര്‍ക്കാന്‍ ശ്രമിച്ചതെല്ലാം ഇപ്പോള്‍ ബലമായി അടിച്ചേല്‍പ്പിക്കുകയാണ്. വിവാദമുണ്ടാക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നതിനാൽ ഇതിനെ വലിയ വിവാദമാക്കിയെടുക്കുന്നില്ല. അംബേദ്കർ ഇതിനെല്ലാം മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഥാപ്രമേയവുമായി ബന്ധപ്പെട്ട മുഖചിത്രമാണ് ഇതെന്നാണ് സൈനുൽ ആബിദ് ഒരു ടി.വി ചാനലിനോട് പ്രതികരിച്ചത്. മലയാളി മെമ്മോറിയൽ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവർ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാൻ സാധ്യതയുണ്ട്. ഈ കഥയിലെ സന്തോഷ് നായർ തന്റെ ജാതിപ്പേരിനൊപ്പം യഥാർഥ പേര് നിലനിർത്താനും അംബേദ്ക്കർ എന്ന വട്ടപ്പേര് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഒരേസമയം ഇരട്ടപ്പേരായി വീണ അംബേദ്ക്കർ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവർ ചിത്രീകരിക്കുവാൻ ഇടയാക്കിയത്. സന്തോഷിന്റെ ഫിസിക്കാലിറ്റിയിലെ അംബേദ്ക്കറും ഉള്ളിലെ ജാതി മേൽക്കോയ്മാ ബോധവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ കവർ ചിത്രീകരിക്കുന്നതിലേക്ക് തന്നെ പ്രചോദിപ്പിച്ചത് എന്നും സൈനുൽ ആബിദ് പ്രതികരിച്ചു.

Tags:    
News Summary - controversy over Ambedkar appears in traditional feudal lord's attire in Unni R's book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.