ഇമ്മിണി ബല്ല്യേ സുൽത്താൻ!

നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ബഷീറിന്റെ വിയോഗത്തിന് ജൂലൈ അഞ്ചിന് 29 വർഷം തികയുന്നു. സൂഫികളുടെയും സന്യാസിമാരുടെയും കൂടെ ഹിമാലയസാനുക്കളിൽ ധ്യാനമിരുന്ന ബഷീർ, വെപ്പുകാരനും മാജിക്കുകാരനും മുതൽ ഒരേ സമയത്ത് മൂന്നു പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ച് തന്റെ ആർജവത്തിനും വിചക്ഷണതക്കും അതിരുകൾ ആകാശമെന്നു തെളിയിച്ചു. കേട്ടറിഞ്ഞപ്പോൾ, വായിച്ചറിഞ്ഞപ്പോൾ, ഒരിക്കൽ കണ്ടറിയണമെന്നു തോന്നി, ഈ പച്ചമനുഷ്യനെ.

ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ, അദ്ദേഹത്തിന്റെ ശബ്ദം, ആസ്ത്മയുടെ പ്രശ്നംകൊണ്ട് കൂടക്കൂടെ വന്നിരുന്ന നീണ്ട ചുമകൾ, പൊട്ടിച്ചിരികൾ, പലപ്പോഴും എന്തെങ്കിലും സഹായങ്ങൾക്കായി പത്നി അടുത്തുവരാൻ ‘ഫാബീ...’ എന്ന നീണ്ട വിളി... ബഷീറിന്റെ കൂടെയിരുന്ന് രുചിച്ചു കുടിച്ചിറക്കിയ സുലൈമാനിയൊന്നും അത്ര പഴക്കമുള്ള ഓർമകളായി തോന്നുന്നേയില്ല.

നിറയെ ‘അവകാശികൾ’

‘വൈലാലിൽ’ വീട്ടുവളപ്പിലെ മാങ്കോസ്റ്റിനുമേൽ മാത്രമല്ല, സകല മരങ്ങളിലുമിരുന്ന് കിളികൾ തങ്ങളുടെ ജീവിതം ഉല്ലാസഭരിതമാണിവിടെയെന്ന് കൂവി അറിയിക്കുന്നു. അപ്പോൾ ആ കറുത്തുതടിച്ച കണ്ണടയിലൂടെ മരത്തിൽനിന്ന് മരത്തിലേക്ക് ദൃഷ്ടി മാറ്റിമാറ്റി അദ്ദേഹം നോക്കിക്കൊണ്ടിരുന്നു. കുരുവിയോടും കുയിലിനോടും കാക്കയോടും പേരറിയാത്ത കുറെ പറവകളോടും ‘പേടിക്കേണ്ട, നിങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്’ എന്ന് പറയുകയായിരുന്നിരിക്കും അപ്പോൾ അദ്ദേഹം.

അണ്ണാനും ആടും ഓന്തും ഉറുമ്പും പാമ്പും ചിത്രശലഭവുമടക്കം ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും കൂട്ടുകൂടിയ പ്രകൃതിസ്നേഹിയുടെയും, താൻ ഗാന്ധിജിയെ തൊട്ടെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുടെയും, പട്ടിണിക്കാരുടെയും പണക്കാരുടെയും പൊങ്ങച്ചക്കാരുടെയും പോക്കറ്റടിക്കാരുടെയും കുറ്റവാളികളുടെയും കാമുകീകാമുകന്മാരുടെയും കഥകളെഴുതിയ ബേപ്പൂർ സുൽത്താന്റെ സ്വത്വമുറങ്ങുന്ന ഓർമകൾക്കു പഴക്കം തോന്നുമോ? ഇല്ല... കാരണം, വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പുകാരനല്ല, ബേപ്പൂരുകാരനുമല്ല, ഈ പ്രപഞ്ചമത്രയും താനും തന്റെ തട്ടകവുമെന്നു കരുതിപ്പോന്ന ഒരു തത്ത്വജ്ഞാനി. കാലത്തിന്റെ പരിശോധനകളെ അതിജീവിച്ച ഒരു നാട്ടിൻപുറത്തുകാരൻ. ‘‘പ്രിയ പ്രപഞ്ചമേ, ഞാനൊരു ചെറിയ ജീവിയാണ്, നിന്റെ അത്ഭുതങ്ങളെ പൂർണമായി ഉൾക്കൊള്ളാൻ എനിക്കു കഴിയുന്നില്ല’’ എന്നു പറഞ്ഞ ഒരു വലിയ മനുഷ്യൻ.

ബഷീറിനൊപ്പം ലേഖകൻ

കലഹിക്കേണ്ടെന്ന് ബഷീർ

ഞങ്ങൾ സംസാരിക്കുകയായിരുന്നു; കഥകൾ വന്ന വഴികളെക്കുറിച്ച്, മനസ്സിൽതൊട്ട ഓർമകളെക്കുറിച്ച്. ഓരോന്നും ഇന്നലെയെന്നപോലെ ആ ചാരുകസേരക്കരികിലേക്ക് വന്നുചേരുന്നപോലെ.ലോകം മുഴുവനുമുള്ള മനുഷ്യരുടെ പ്രതിനിധികളാണ് ബഷീറിന്റെ കഥാപാത്രങ്ങൾ. അദ്ദേഹമെഴുതിയ ‘ബാല്യകാലസഖി’യിലെ മജീദും സുഹറയും പോലും സന്ദേശങ്ങൾ നൽകുന്നതിൽ നിസ്സാരക്കാരായിരുന്നില്ലെന്നു വായനക്കാർ തിരിച്ചറിഞ്ഞിരുന്നു. ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന മജീദിന്റെ അവകാശവാദത്തെ ‘കൂർത്ത നഖങ്ങളെക്കൊണ്ട് ഞാനിനിയും മാന്തും’ എന്നു പറഞ്ഞ് ചെറുത്തു തോൽപിച്ചവളാണ് സുഹറ! വയസ്സുകൊണ്ടു മുതിർന്നവനായിരുന്നുവെങ്കിലും കണക്ക് തലയിൽ കയറാത്ത മജീദും മിടുമിടുക്കിയായ സുഹറയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്ല്യേ ഒന്ന് എന്ന നൂതന ഗണിതശാസ്ത്ര തത്ത്വം കണ്ടുപിടിച്ചു ശിക്ഷയേറ്റുവാങ്ങിയ മജീദ്, സുഹറയുടെ അടുത്തായി ബെഞ്ചിൽ സ്ഥാനംപിടിച്ചതോടെ കണക്കിൽ ഒന്നാമനായി! രണ്ടു പുഴകൾ സംഗമിച്ച് ഒന്നായി ഒഴുകുന്നതിൽ നിന്ന് മജീദ് ഉൾക്കൊള്ളുന്ന വലിയ യാഥാർഥ്യത്തിന്, ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്ന അക്ഷരാർഥ വിവരത്തോട് കലഹിക്കേണ്ട കാര്യമില്ല എന്നാണ് ബഷീറിന്റെ നിരീക്ഷണം. അത് ആ സംസാരത്തിലും അങ്ങനെത്തന്നെയായിരുന്നു. ജീവിത തത്ത്വശാസ്ത്രത്തിൽ വിജയിക്കണമെങ്കിൽ മജീദ് ഉൾക്കൊണ്ട യാഥാർഥ്യം നാമും ഉൾക്കൊണ്ടേ മതിയാകൂ എന്ന ദർശനമായിരുന്നു ഒാരോ വാക്കിലും കണ്ടത്.

‘മനുഷ്യൻ ചെയ്യുന്നതെല്ലാം ആവർത്തനങ്ങൾ’

വിചിത്രകൽപനയുടെ ആനുകൂല്യമില്ലാതെതന്നെ പ്രേമം വിജയകരമായി അവതരിപ്പിക്കാമെന്ന് വായനക്കാരെ ബോധ്യപ്പെടുത്തിയത് ബഷീർ കൃതികളായിരുന്നു. ഉള്ളിൽത്തട്ടി പ്രേമിക്കാൻ അന്യോന്യം കാണുകപോലും വേണ്ടെന്ന് അദ്ദേഹത്തിന്റെ ‘മതിലുകൾ’ തെളിയിച്ചതാണ്. ‘മതിലുകൾ’ ഇതേ പേരിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമാക്കിയ സമയത്തായിരുന്നു ബേപ്പൂരിൽ പോയി സുൽത്താനെ കണ്ടത്. അന്നു നിലനിന്നിരുന്ന ചില വിവാദങ്ങളിൽ വിഷയമായിരുന്നൊരു ഗൗരവമേറിയ കാര്യം അഭിമുഖത്തിന്റെ ഭാഗമായി ഞാൻ അദ്ദേഹത്തോടു ചോദിച്ചു.

‘‘അൽപം യാഥാർഥ്യവും അൽപം ഭാവനയുമാണ് മതിലുകളുടെ കഥ. പിന്നെ, അനുകരണമെന്ന പരാതിക്ക് അനുഭവസാഹിത്യത്തിൽ പ്രസക്തിയില്ല. ഉൽപത്തി മുതൽ മനുഷ്യൻ ചെയ്യുന്നതെല്ലാം ആവർത്തനങ്ങളാണ്. അപ്പൂപ്പൻ ചെയ്തത് അപ്പനും, അപ്പൻ ചെയ്തത് മക്കളും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് മനുഷ്യകുലം നിലനിൽക്കുന്നത്. ഇതിനെ അനുകരണമെന്ന് വിശേഷിപ്പിക്കാൻ കഴിയുമോ?’’ മറിച്ചൊന്നും ചോദിക്കാനില്ലാത്തത്രയും വ്യക്തമായ ഭാഷയിൽ ബഷീർ പ്രതികരിച്ചു. സുൽത്താൻ തന്റെ ‘മതിൽ’ കെട്ടിയത് ഒരു പാശ്ചാത്യ നോവലിൽനിന്ന് ഇഷ്ടികകൾ അടർത്തിയെടുത്താണെന്ന് ആരോപിച്ചവർക്ക് കിട്ടിയത് ഉരുളക്കുപ്പേരിതന്നെയായിരുന്നു.

Tags:    
News Summary - Death anniversary of Vaikom Muhammad Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.