ഫലക്കി മുഹമ്മദ്‌ മൗലവി

ഫലക്കി മുഹമ്മദ്‌ മൗലവി ഓർമകളിൽ

ബഹുഭാഷാ പണ്ഡിതനായിരുന്നു ഫലക്കി മുഹമ്മദ്‌ മൗലവി. അറബി, മലയാളം, ഇംഗ്ലീഷ്, ഉർദു, തമിഴ് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. അറബിയിൽ നിമിഷ കവിയായിരുന്നു അദ്ദേഹം

മലബാർ മുസ്​ലിംകൾക്കിടയിൽ ആധുനിക വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത്​ ഒരു നിയോഗം പോലെ പുരുഷായുസ്സു മുഴുവൻ വിദ്യാഭ്യാസ രംഗത്തു പ്രവർത്തിച്ച മഹാനായിരുന്നു ഫലക്കി മുഹമ്മദ് മൗലവി. ശ്രീനാരായണ ഗുരു, അയ്യൻകാളി, വി.ടി. ഭട്ടതിരിപ്പാട്, കുമാരനാശാൻ എന്നിവരെപ്പോലെ വക്കം മൗലവി, കെ.എം. സീതി സാഹിബ്‌, കെ.എം. മൗലവി, അബുസ്സബാഹ്​ അഹ്‌മദ്‌ അലി, എം.കെ. ഹാജി തുടങ്ങി നിരവധി പേർ കേരള മുസ്‍ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നതിക്കുവേണ്ടി യത്നിച്ചു. ഇവരെപ്പോലെ, ജീവിതകാലം മുഴുവൻ നിരവധി പ്രയാസങ്ങൾ തരണം ചെയ്ത്, ഏകനായി മലബാറിന്റെ പലഭാഗങ്ങളിലും യാത്രചെയ്ത്, സമൂഹത്തിന്റെ വിദ്യാഭ്യാസപുരോഗതിക്കു വേണ്ടി നിരന്തരം യത്നിച്ച് അറിയപ്പെടാതെ മണ്മറഞ്ഞ മഹാപണ്ഡിതനായിരുന്നു ഫലക്കി മുഹമ്മദ്‌ മൗലവി.

ഫലക്കികൾ

പാലക്കാടു ജില്ലയിലെ പട്ടാമ്പിക്കടുത്ത മപ്പാട്ടുകരയിലെ പാലക്കാപറമ്പിൽ മൊയ്തുക്കുട്ടി മുസ്‍ലിയാരുടെയും പൊന്നാനി മഖ്തൂം കുടുംബത്തിൽപെട്ട വിളത്തൂർ കോരക്കോട്ടിൽ കുഞ്ഞീതു മുസ്‍ലിയാരുടെ മകൾ ആയിഷയുടെയും മകനായി 1908ലാണ് ജനനം. പിതാമഹൻ മഹാപണ്ഡിതനായിരുന്ന പാലക്കാപറമ്പിൽ പോക്കർ മുസ്‍ലിയാരായിരുന്നു. ഗോളശാസ്ത്രത്തിലുള്ള അറിവുനിമിത്തം പോക്കർ മുസ്‍ലിയാരുടെ സന്താനപരമ്പര ഫലക്കികൾ എന്നറിയപ്പെട്ടു.

പോക്കർ മുസ്‍ലിയാർ അക്കാലത്ത് പട്ടാമ്പിയിലെ സംസ്‌കൃത പണ്ഡിതൻ നീലകണ്ഠ ശർമയിൽനിന്ന് സംസ്‌കൃതം പഠിച്ചിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനും ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധത്തിനു പിന്തുണ നൽകിയ മുസ്‍ലിം നവോത്ഥാന പ്രസ്ഥാനം പാലക്കാപറമ്പിൽ മുസ്‍ലിയാർമാരെയും സ്വാധീനിച്ചു. അവർ പള്ളിമിമ്പറുകളിൽ ബ്രിട്ടീഷുകാർക്കെതിരെ പ്രസംഗിച്ചു. ഈ വിവരമറിഞ്ഞ ബ്രിട്ടീഷ് അധികൃതർ മുസ്‍ലിയാർമാരെ വേട്ടയാടാൻ തുടങ്ങിയതോടെ അവർ സ്ഥലം വിട്ടു. ഇളയ രണ്ടുപേർ ഷൊർണൂരിലെത്തി. ഒന്നിച്ചു പിടിക്കപ്പെടുമെന്ന കാരണത്താൽ രണ്ടുപേരും ഒരേ സ്ഥലത്തേക്ക് പോകേണ്ടെന്നു തീരുമാനിച്ചു. അങ്ങനെ കുഞ്ഞഹമ്മദ് മുസ്‌ലിയാർ കൊല്ലത്തേക്കും സിറാജുദ്ദീൻ മുസ്‍ലിയാർ തലശ്ശേരിയിലേക്കും യാത്രയായി.

വിദ്യാഭ്യാസം

കൊല്ലത്തുനിന്നും വിവാഹംകഴിച്ച കുഞ്ഞഹമ്മദ് മുസ്‌ലിയാർ അവിടെ സ്ഥിരതാമസമാക്കി മതഭൗതിക വിദ്യാഭ്യാസത്തിന് നേതൃത്വം നൽകി. മദ്രാസിലെ ജമാലിയ അറബിക് കോളജിൽ പഠിച്ച കുഞ്ഞഹമ്മദ് മുസ്‍ലിയാരായിരുന്നു കേരളത്തിലെ ആദ്യത്തെ അഫ്​ദലുൽ ഉലമ ബിരുദ ധാരി. ഫലക്കി മുഹമ്മദ്​ മുസ്​ലിയാർ അക്ഷരവ​ും അറിവും ആദ്യം നുകർന്നത് സ്വന്തം ഉപ്പാപ്പയിൽനിന്നായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാരായമംഗലം, മണ്ണാർക്കാട്, പട്ടാമ്പി പള്ളിദർസുകളിൽ പഠിച്ച ശേഷം മദ്രാസ് ജമാലിയ്യ അറബിക് കോളജിൽ ചേർന്ന് അഫ്ദലുൽ ഉലമ പരീക്ഷ പാസായി. അക്കാലത്ത് സി.എൻ. അഹമ്മദ് മൗലവി ജമാലിയ അറബിക് കോളജിലെ വിദ്യാർഥിയായിരുന്നു. ശേഷം ചാവക്കാട്, കതിരൂർ, കുമാരനല്ലൂർ എന്നീ സ്ഥലങ്ങളിൽ അറബി അധ്യാപകനായി. കേരളത്തിലെ ആദ്യ അറബിക് ഇൻസ്‌പെക്ടർ ഫലക്കി മുഹമ്മദ്‌ മൗലവിയായിരുന്നു. 1963ൽ കുമാരനല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്നും റിട്ടയർ ചെയ്തു. റിട്ടയർമെന്‍റിനുശേഷം മൂന്നു വർഷക്കാലം തൃശ്ശിനാപ്പള്ളി ജമാൽ മുഹമ്മദ് കോളജിൽ അറബി വിഭാഗം അധ്യാപകനായി ജോലിചെയ്തു.

റിട്ടയർമെന്റിനോടനുബന്ധിച്ചു നടന്ന യാത്രയയപ്പു യോഗത്തിൽ മലബാറിലുള്ള നിരവധി പ്രമ​ുഖ ശിഷ്യന്മാർ പങ്കെടുത്തിരുന്നു. പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ഡോ. അഹ്​മദ്‌ ബാവപ്പ, ഫറൂഖ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. വി. മുഹമ്മദ്‌, മലപ്പുറം ഗവ. കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ഖാദറുണ്ണി, തൃശ്ശിനാപ്പള്ളി ജമാൽ മുഹമ്മദ്‌ കോളജ് മുൻ അറബി വിഭാഗം മേധാവി പ്രഫ. എൻ.വി. അബ്ദുറഹ്മാൻ എന്നിവർ ചിലരാണ്​.

മാതൃകാധ്യാപകൻ

ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കാത്ത മനുഷ്യൻ എന്നായിരുന്നു യോഗത്തിൽ പ്രധാന പ്രസംഗകനും പൂർവ വിദ്യാർഥിയുമായിരുന്ന മഹാകവി അക്കിത്തം ഫലക്കി മുഹമ്മദ്‌ മൗലവിയെ വിശേഷിപ്പിച്ചത്. ഫറൂഖ് കോളജിൽനിന്നും റിട്ടയർ ചെയ്ത മുൻ പ്രിൻസിപ്പൽ പ്രഫ. വി. മുഹമ്മദ്‌ സാഹിബ് ആദ്ദേഹത്തിനു നൽകിയ യാത്രയയപ്പു യോഗത്തിലെ മറുപടി പ്രസംഗത്തിൽ തന്റെ ജീവിതത്തിൽ പരിചയപ്പെട്ട ചില മാതൃകാ അധ്യാപകരെ സദസ്സിനു പരിചയപ്പെടുത്തി. അതിൽ ആദ്യം പറഞ്ഞത് തന്റെ പ്രിയഗുരുനാഥനും വഴികാട്ടിയുമായിരുന്ന ഫലക്കി മുഹമ്മദ്‌ മൗലവിയുടെ പേരായിരുന്നു.

കൃഷി ശാസ്ത്രജ്ഞനായ ഡോക്ടർ അഹമ്മദ് ബാവപ്പ, തന്റെ വിദ്യാഭ്യാസത്തിനു വഴികാട്ടിയായത് തന്റെ അറബി അധ്യാപകനായിരുന്ന ഫലക്കി മൗലവിയായിരുന്നുവെന്ന് ഒരു ലേഖനത്തിൽ സൂചിപ്പിച്ചത് ഓർമവരുന്നു. പള്ളിദർസുകളിൽ പഠിച്ചിരുന്നവരോട്​ ഫലക്കിക്ക് വലിയ വാത്സല്യമായിരുന്നു. അവരെ അറബി അധ്യാപക പരീക്ഷ എഴുതാൻ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചു. അങ്ങനെ അറബി അധ്യാപനജോലി സ്വീകരിച്ച നിരവധി പേരെ ഫലക്കിയുടെ നാടായ വിളത്തൂരിലും ഫലക്കി ജോലി ചെയ്ത പ്രദേശങ്ങളിലും കാണാം. ഒരു വിജ്ഞാന കേന്ദ്രം എന്ന നിലയിൽ പള്ളിദർസുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഫലക്കിക്ക് വലിയ മതിപ്പായിരുന്നു. ‘കേരളത്തിലെ പള്ളിദർസുകൾ’ എന്ന പേരിൽ അദ്ദേഹം പത്രത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു.

ഒരിക്കൽ പള്ളിദർസ്​ വിദ്യാർഥിയെ ഫലക്കി പരിചയപ്പെടാനിടയായി. സംസാരത്തിൽ അതീവ ബുദ്ധിശാലിയാണെന്നു മനസ്സിലാക്കിയ ഫലക്കി മൗലവി അയാളോട്​ തമിഴ്നാട്ടിലെ ഉമറാബാദ് അറബിക്കോളജിൽ അഫ്ദലുൽഉലമക്ക് ചേരാൻ ഉപദേശിച്ചു. എടശ്ശേരി മുസ്‌ലിയാർ എന്ന അദ്ദേഹം ഉമറാബാദിൽനിന്ന് അഫ്​ദലുൽ ഉലമ പാസായി. അക്കാലത്തു സർക്കാർ ഹൈസ്കൂളിൽ അധ്യാപകനാവാൻ അഫ്ദലുൽ ഉലമയായിരുന്നു യോഗ്യത. അങ്ങനെ എടശ്ശേരി മുസ്‌ലിയാർ ഹൈസ്കൂൾ അധ്യാപകനായി. പിന്നീട് പാലക്കാട്‌ ഗവ. വിക്ടോറിയ കോളജിൽ അറബിക് വിഭാഗം അധ്യാപകനായി.

ബഹുഭാഷാ പണ്ഡിതൻ

ബഹുഭാഷാ പണ്ഡിതനായിരുന്നു ഫലക്കി മുഹമ്മദ്‌ മൗലവി. അറബി, മലയാളം, ഇംഗ്ലീഷ്, ഉർദു, തമിഴ് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. അറബിയിൽ നിമിഷ കവിയായിരുന്നു അദ്ദേഹം. കേരള അറബിക് ടീച്ചേഴ്​സ് ഫെഡറേഷൻ (​കെ.എ.ടി.എ) സ്ഥാപനത്തിലും ആ സംഘടനയുടെ ആദ്യകാല പ്രവർത്തനത്തിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. മരിക്കുമ്പോൾ ഒരിഞ്ചു ഭൂമിപോലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രയാസത്തോടെയായിരുന്നു കുടുംബ ജീവിതം.

ശമ്പളവരുമാനത്തിൽനിന്ന് പലരെയും സഹായിച്ചു. സമീപപ്രദേശങ്ങളിൽ ഏതെങ്കിലും കുട്ടി പത്താംക്ലാസ് പാസായി എന്നറിഞ്ഞാൽ ഫലക്കി വളരെ ആവേശത്തോടെ വീട്ടിൽപോയി രക്ഷിതാവിനെകണ്ട് തുടർപഠനത്തിനുവേണ്ട സഹായവും ഉപദേശവും നൽകിയിരുന്നു. വിദ്യാഭ്യാസത്തിനും സമുദായ​ പുരോഗതിക്കും വേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച ഫലക്കി മുഹമ്മദ്‌ മൗലവി 1982 മേയ്‌ 13ന് ഇഹലോകവാസം വെടിഞ്ഞു.

Tags:    
News Summary - Falaki Mohammad Maulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT