തൃശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാര്‍വദേശീയ സാഹിത്യോത്സവത്തിന് വർണാഭ തുടക്കം. സാഹിത്യകാരി സാറാ ജോസഫ് ഫെസ്റ്റിവല്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ഇന്റർനാഷനൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള ജനങ്ങളുടെ സ്വന്തം സാഹിത്യോത്സവമാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തിപരമോ സംഘടനപരമോ ആയ താൽപര്യങ്ങൾ ഒന്നുമില്ലാതെ, സമൂഹത്തിന്റെ സാംസ്കാരിക നവീകരണം മാത്രം ലക്ഷ്യമാക്കിയാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. വിഷയവൈവിധ്യത്താലും ആശയക്കരുത്തിനാലും മലയാളികൾക്ക് പുതിയ അനുഭവമാകുമിത്.
യുദ്ധം കീറിമുറിച്ച ഫലസ്തീനിൽനിന്നും വംശീയസംഘർഷങ്ങളാൽ മുറിവേറ്റ മണിപ്പൂരിൽനിന്നുമെല്ലാം സാഹിത്യോത്സവത്തിലേക്ക് കവികളെത്തുന്നുണ്ടെന്നും അവരുടെ ചിന്തകളും രചനകളും കാലഘട്ടത്തിന്റെ യാഥാർഥ്യത്തിലേക്ക് നമ്മെ നയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അറിവിന്റെ വാതിലുകളും ജാലകങ്ങളും തുറക്കുന്ന കാഴ്ചകൾക്കായി സാഹിത്യതല്പരരായ മലയാളികള്‍ കാത്തിരിക്കുകയാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ ശബ്ദസന്ദേശത്തില്‍ പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു.
ഫെസ്റ്റിവല്‍ ബുള്ളറ്റിന്, സാംസ്കാരിക ഡയറക്ടര്‍ എന്‍. മായക്ക് നല്കി മന്ത്രി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് നല്കി പ്രകാശനം ചെയ്തു.
അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് പരിപാടികൾ വിശദീകരിച്ചു. ടി. പത്മനാഭന്, സാറാ ജോസഫ്, അശോക് വാജ്പേയ്, നടൻ പ്രകാശ് രാജ്, കവി ലെസ് വിക്സ്, കലക്ടര്‍ വി.ആര്. കൃഷ്ണതേജ, ലളിതകല അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വിജയരാജ മല്ലിക, അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, സെക്രട്ടറി സി.പി. അബൂബക്കര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കോര്പറേഷന് കൗണ്‍സിലര്‍ റജി ജോയ് എന്നിവര്‍ സംസാരിച്ചു.
ടി.എം. കൃഷ്ണ ‘സംഗീതവും ജനങ്ങളും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സംഗീതക്കച്ചേരിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.