നന്മണ്ട: കേരള ഫോക് ലോർ അക്കാദമിയുടെ അവാർഡ് നേടിയ പുന്നശ്ശേരി കോട്ടക്കൽ ഭാസ്കരന് നാടൻ പാട്ടുകൾ ഒരു ലഹരിയാണ്. കുഞ്ഞുനാൾ തൊട്ടേ മാതാപിതാക്കളിൽനിന്നും വാമൊഴിയായി കേട്ട നാടൻപാട്ടുകളും അനുഷ്ഠാന ഗാനങ്ങളും വായ്ത്താരി പാട്ടുകളും തോറ്റംപാട്ടുകളും നുരഞ്ഞുപതഞ്ഞു മനസ്സിൽ കൊണ്ടുനടക്കുകയാണ് പുന്നശ്ശേരിയിലെ റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസറായ ഭാസ്ക്കരൻ.
നാശോന്മുഖമായി കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളെ സംരക്ഷിക്കുക എന്നത് തപസ്യയാക്കി മാറ്റിയ ഭാസ്ക്കരൻ ചമയം, ഏകാഭിനയം, അനുകരണം, മാപ്പിളപ്പാട്ട്, തുടി വദനം എന്നിവയിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കേരള മണ്ണിന്റെയും കേരളീയ ജനജീവിതത്തിന്റെയും മണമുള്ള നാടൻ പാട്ടുകളുടെയും നാടൻ കലകളുടെയും സമ്പൂർണമായ പൊരുൾ വരും തലമുറകൾക്ക് ഹൃദയത്തിൽ നിന്നും ചൊല്ലിക്കൊടുക്കുന്നു.
കൈമോശം വന്ന നാടൻ കലാരൂപങ്ങളെ പുനരുജീവിപ്പിക്കുക എന്നത് ഭാസ്ക്കരൻ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്. പുന്നശ്ശേരി ഗ്രാമത്തിൽ ‘നാട്ടുപൊലിക’ എന്ന സാംസ്കാരിക സംഘടനയുടെ പിറവിക്ക് കാരണമായതും ഇദ്ദേഹമാണ്.
സർക്കാർ സർവിസിലുള്ളപ്പോൾ നൂറിലേറെ സ്റ്റേജുകൾ പങ്കിട്ടു. തെയ്യം കലാകാരൻ കൂടിയായ ഭാസ്ക്കരൻ ഓട്ടൻതുള്ളൽ ആർ.എൻ. പീറ്റക്കണ്ടിയിൽ നിന്നും സ്വായത്തമാക്കി. തുള്ളൽ കവിതകൾ രചിച്ച് ലഹരിക്കെതിരെ പോർമുഖം തുറന്നു. കുട്ടികൾക്കുവേണ്ടി നാടൻ പാട്ടിനെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും ക്ലാസുകളെടുക്കുന്നുണ്ട്.
നാലു പതിറ്റാണ്ടിലേറെയായി നാടൻപാട്ട് രംഗത്ത് നൽകിയ സംഭാവനകളാണ് ഇദ്ദേഹത്തെ ഫോക് ലോർ അവാർഡിന് അർഹനാക്കിയത്. കർഷക തൊഴിലാളി കുടുംബത്തിൽ കോട്ടക്കൽ ഏരാങ്കിയുടെയും വെള്ളായിയുടെയും മകനായി ജനിച്ച ഭാസ്ക്കരന്റെ മക്കളും നാടൻ കലകളിലും തെയ്യം കെട്ടിയാടുന്നതിലും ഇദ്ദേഹത്തിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.