ക്ഷേത്രപള്ളികൾക്കിടയിലൊരു ഗണേശ്ശേഖ്!

കാലമരവിപ്പിന് ചൂട് പകരുന്ന, കൊടിയ അസഹിഷ്ണുതകളെയും അൽപത്തങ്ങളെയും സാഹോദര്യമാക്കി തിരുത്തിയെഴുതുന്ന ചില തുള്ളിച്ചാട്ടങ്ങൾ, തുളുമ്പലുകൾ ഇന്നത്തെ കലുഷമായ അവസ്​ഥയിൽ ഒരു തവണയല്ല പലതവണ ആഘോഷിക്കപ്പെടണം. മനുഷ്യപ്പറ്റിനെ മഹത്ത്വപ്പെടുത്തുന്ന ഒന്നും ഒരുനാളും ഞങ്ങളീ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം അനാഥമാവുകയില്ലെന്ന് എന്നുമെപ്പോഴും സ്വയമോർമിപ്പിച്ചുകൊണ്ടുവേണം മനുഷ്യർ കൂടുതൽ കൂടുതൽ സൗഹൃദപ്പെടലിലേക്ക് മുന്നേറേണ്ടത്. സർവ മാനി​െഫസ്റ്റോകളും കടലെടുത്താലും മനുഷ്യപ്പറ്റിന്റെ മാനി​െഫസ്റ്റോ മാത്രം നിലനിൽക്കുമെങ്കിൽ മനുഷ്യർക്ക് ഭൂമിയിൽ ഒരുവിധം വീഴാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞേക്കും!

ആദ്യമേ വിനയപൂർവമൊരു മുന്നറിയിപ്പ് നൽകുന്നു. ഒരു കാരണവശാലും ഒരു തലക്കെട്ടിലും കാൽതട്ടി വീഴരുത്. ക്ഷേത്രം പള്ളി ഗണേശ്ശേഖ് എന്ന തലക്കെട്ടിൽ കവിതയോ കഥയോ നാടകമോ സിനിമയോ ഇല്ല. എന്നാൽ ഇതിനെയൊക്കെ വെല്ലുന്നൊരു വലിയ സത്യമുണ്ട്. ചിലപ്പോഴെങ്കിലും അപൂർവമായി വരണ്ടസത്യം സമൃദ്ധഭാവനയെപ്പോലും ഓവർടേക് ചെയ്യും. സ്വപ്നത്തിനപ്പുറമുള്ള സത്യമായി നിത്യജീവിതത്തിലെ ചില സംഭവങ്ങൾ മനുഷ്യരുടെ സമസ്​ത കണക്കുകൂട്ടലുകളും തെറ്റിക്കും. അപ്പോൾ മനുഷ്യർ സന്തോഷംകൊണ്ട് ഞങ്ങൾക്കൊന്നും ചെയ്യാൻ വയ്യേ എന്നനിലയിൽ തുള്ളിച്ചാടിപ്പോവും! കാലമരവിപ്പിന് ചൂടു പകരുന്ന, കൊടിയ അസഹിഷ്ണുതകളെയും അൽപത്തങ്ങളെയും സാഹോദര്യമാക്കി തിരുത്തിയെഴുതുന്ന അത്തരം തുള്ളിച്ചാട്ടങ്ങൾ തുളുമ്പലുകൾ ഇന്നത്തെ കലുഷമായ അവസ്​ഥയിൽ ഒരുതവണയല്ല പലതവണ ആഘോഷിക്കപ്പെടണം. മനുഷ്യപ്പറ്റിനെ മഹത്ത്വപ്പെടുത്തുന്ന ഒന്നും ഒരുനാളും ഞങ്ങളീ മണ്ണിൽ ജീവിച്ചിരിക്കുന്നേടത്തോളം കാലം അനാഥമാവുകയില്ലെന്ന്

എന്നുമെപ്പോഴും സ്വയമോർമിപ്പിച്ചു കൊണ്ടുവേണം മനുഷ്യർ കൂടുതൽ കൂടുതൽ സൗഹൃദപ്പെടലിലേക്ക് മുന്നേറേണ്ടത്. സർവ മാനി​െഫസ്റ്റോകളും കടലെടുത്താലും മനുഷ്യപ്പറ്റിന്റെ മാനി​െഫസ്റ്റോ മാത്രം നിലനിൽക്കുമെങ്കിൽ മനുഷ്യർക്ക് ഭൂമിയിൽ ഒരുവിധം വീഴാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞേക്കും!

വിസ്​മയം എന്നു നാം വിളിക്കുന്നത് പ്രപഞ്ച അപാരതക്കു മുന്നിൽ നിസ്സഹായരായ മനുഷ്യർ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അതെല്ലാം മറന്ന് സ്വന്തം പരിമിതജീവിതത്തിനുമപ്പുറം കടക്കുന്ന വിസ്​തൃതകവിയൽ മാനസികാവസ്​ഥയെയാണ്. സ്വന്തത്തിനു മുകളിലേക്ക് ഒരു കോണിയുടെയും സഹായമില്ലാതെ കയറിപ്പോവുന്നൊരവസ്​ഥയാണ് വിസ്​മയം. അപ്രതീക്ഷിതമായി ഉദാത്തതയിലേക്കുള്ളൊരു ഉയിർത്തെഴുന്നേൽപ്. കലയിലും സാഹിത്യത്തിലും ഒതുങ്ങാതെ, അപൂർവമായെങ്കിലും ജീവിതത്തിലും സംഭവിക്കുന്ന വെളിച്ചത്തിനുമപ്പുറമുള്ളൊരു ആ വെളിച്ചം ഏതർഥത്തിലും ഒരു പിശുക്കുമില്ലാതെ ആവർത്തിച്ച് ആദർശവത്കരിക്കപ്പെടണം.

അങ്ങനെയുമൊരു ശൈഖോ?

ഗണേശ്ശേഖിന് ഇപ്പോൾ വയസ്സ് ഒമ്പത്. ഇങ്ങനെയൊരു പേര് നാട്ടിലെ നിലവിലെ പേരിടൽ പതിവനുസരിച്ച് മറ്റാർക്കുമുണ്ടാവില്ല. പേരിൽ ഒരുപാതി ഹിന്ദുവും മറ്റൊരുപാതി മുസ്‍ലിമും! ക്ലാസിലെ കുട്ടികൾക്ക് മാത്രമല്ല, അധ്യാപകർക്കും കൗതുകം. ഏതുപേരും ആർക്കുമാവാം, ഒരു തടസ്സവുമില്ല എന്നൊക്കെ ഒരൂക്കിന് ആർക്കും പറയാം. ഏട്ടിൽ പറ്റും, എന്നാൽ എല്ലാ നാട്ടിലും ഇപ്പോൾ പറ്റില്ല. ഇ​ന്തോനേഷ്യയിലെ പ്രമുഖ ഇസ്‍ലാമിക പണ്ഡിതന്റെ പേര് വിഷ്ണു മൗലവിയെന്നാണ്! അവിടെ മുസ്‍ലിംകളും ഒരു ചളിപ്പുമില്ലാതെ, ആരുടെയും പ്രത്യേക ആഹ്വാനമോ നിർബന്ധമോ ഇല്ലാതെ രാമൻ, സീത തുടങ്ങി വിഷ്ണുവരെയുള്ള പേരുകൾ സ്വയം സ്വീകരിക്കുന്നു. ആർക്കും ഒരു പ്രശ്നവുമില്ല. അതവിടത്തെ അവസ്​ഥ. എന്നാൽ പേരിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു പലകാര്യങ്ങളിലും വർത്തമാനകാല നവഫാഷിസ്റ്റ് ഇന്ത്യനവസ്ഥ ഏറെ കുഴപ്പം പിടിച്ചതാണ്. അങ്ങനെയിരിക്കെ നമ്മുടെ ഗണേശ്ശേഖിന്റെ കാര്യത്തിൽ പേരിടലിന്റെ പതിവുകൾ പൊളിച്ചുകൊണ്ട് എന്തത്ഭുതമാണ് സംഭവിച്ചത്? എത്രയോ തവണ ഗണേശ്ശേഖ് ഉമ്മ നൂർജഹാനോടും ഉപ്പ ഇല്യാസ്​ ശേഖിനോടും ഇതേചോദ്യം പലപ്രാവശ്യം ചോദിച്ചിരിക്കും. എത്രയോതവണ മകനെ മാറോടു ചേർത്ത് ആ ഉമ്മയും ഉപ്പയും പറഞ്ഞുകൊടുത്തിരിക്കും അവർക്കൊരിക്കലും മറക്കാനാവാത്ത അക്കഥ.

കവിതയാവുന്ന ജീവിതം

ഒമ്പതുകൊല്ലങ്ങൾക്കുമുമ്പ് അതായത് 2015 ഒക്ടോബർ രണ്ടാം തീയതി ഗർഭിണിയായ നൂർജഹാൻശേഖും പങ്കാളി ഇല്യാസ്​ശേഖും സിയോൺ ആശുപത്രിയിലേക്ക് ഒരു ടാക്സിയിൽ, പ്രസവം അടുത്തതുകൊണ്ട് ഒരു ചെക്കപ്പിന് പോവുകയാണ്. ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ നൂർജഹാൻ പ്രസവലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ടാക്സിയിൽ പ്രസവിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ, ൈഡ്രവർ, അവരെ വഡാലക്കടുത്തുള്ള പെരുവഴിയിൽ, വരുംവരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാതെ ഇറക്കിവിട്ടു. എന്തുചെയ്യുമെന്നറിയാതെ നിസ്സഹായനായി ഇല്യാസ്​ശേഖ് അമ്പരന്നു. നിലവിളി നിർത്താതെ നൂർജഹാൻശേഖ് നിസ്സഹായയായി! അധികസമയം കഴിഞ്ഞില്ല. തൊട്ടടുത്ത ഗണേശക്ഷേത്രത്തിലെ ഭക്തരായ സ്​ത്രീകൾ ഓടിവന്ന് നൂർജഹാൻശേഖിനെ എടുത്ത് ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തിനുള്ളിൽതന്നെ സാരിയും ബെഡ്ഷീറ്റുമെല്ലാം ഉപയോഗിച്ച് ഒരു താൽക്കാലിക പ്രസവമുറി ഒരുക്കി. ഇനിയെന്തെന്നറിയാതെ അവർ നിന്നു. അപ്പോഴേക്കും ഒരു പ്രയാസവുമില്ലാതെ, ഒരു ഡോക്ടറുടെയും സഹായമില്ലാതെ നൂർജഹാൻശേഖ് ഒരാൺകുട്ടിയെ പ്രസവിച്ചു.

ആഹ്ലാദം അലതല്ലിയ സന്ദർഭം. അയിത്തം അശുദ്ധി ജാതി മതം എന്നിവക്കെല്ലാമപ്പുറം മനുഷ്യർ മനുഷ്യരെ കണ്ടെത്തിയ മഹനീയ സന്ദർഭം. അവിടെവെച്ച് തടസ്സങ്ങളൊക്കെ നീക്കുന്ന വിഘ്നേശ്വരനായ ഗണേശഭഗവാനാണല്ലോ തങ്ങൾക്ക് അപകടത്തിൽ രക്ഷയായത് എന്നോർത്ത്, നൂർജഹാൻശേഖ് തന്റെ ക്ഷേത്രപുത്രന് ഗണേശ് എന്ന് പേരിട്ടു. ഗണേശ് എന്ന പേര് സാധാരണഗതിയിൽ ഒരു മുസ്‍ലിം കുട്ടിക്ക് പാരമ്പര്യധ്വംസകരല്ലെങ്കിൽ ഇടാറില്ല. നിർബന്ധമായും ഇടേണ്ടൊരു ആവശ്യവുമില്ല. ഗണേശഭക്തരായ ആ ക്ഷേത്രത്തിൽ അപ്പോഴുണ്ടായിരുന്ന, നൂർജഹാനെ സഹായിച്ച സ്​ത്രീകളാവട്ടെ ആ കുഞ്ഞിനെ ബാൽഗണേശ് അഥവാ കുട്ടിഗണേശ് എന്ന് സ്​നേഹപൂർവം വിളിച്ചു. അതുവരെ നടന്ന എല്ലാ ഉത്സവങ്ങളെയും പിറകിലാക്കുന്നൊരൂർജമാണ്, ബാൽഗണേശ് പിറവിയോടെ അവിടെ അനൗപചാരികമായി ആഘോഷിക്കപ്പെട്ടത്. എന്തുചെയ്യുമെന്നറിയാതെ പെരുവഴിയിൽ പകച്ചുനിന്നപ്പോൾ അവർക്ക് കിട്ടിയത് സ്വപ്നം കാണുന്നതിനുമപ്പുറമുള്ളൊരു സഹായമാണ്. ഞങ്ങൾ സഹായം ആവശ്യപ്പെടാതെ ഞങ്ങൾക്ക് കിട്ടിയ സഹായമെന്നാണ് അതേക്കുറിച്ച് ഇല്യാസ്​ശേഖ് പിന്നീട് പറഞ്ഞത്!

സ്​മാരകമുയരുമോ?

ലഭ്യമായ വിവരമനുസരിച്ച് ഈയൊരു മഹനീയമായ പ്രവർത്തനത്തിൽ പങ്കെടുത്തവരിൽ ഒരാളൊഴിച്ച് മറ്റാരുടെയും പേര് ആർക്കുമറിയില്ലെന്നതാണ് കൗതുകകരം. അറിയപ്പെടാത്ത ഇതുപോലുള്ള എത്രയോ നന്മകളാണ് മനുഷ്യരെ ഈ ഭൂമിയിൽ ഉറപ്പിച്ചുനിർത്തുന്നത്. സംഗീതവാംഗുല എന്ന ഗണേശഭക്തയായ, ആ ഭക്തഹായസംഘത്തിലെ സ്​ത്രീ പറഞ്ഞത് നൂർജഹാൻതന്നെയാണ് പൊക്കിൾക്കൊടി മുറിച്ചതെന്നാണ്. എന്നാൽ, അങ്ങനെയൊന്നും അത്രയെളുപ്പം മുറിയാത്തൊരു പൊക്കിൾക്കൊടി ബന്ധം ആ ഗണേശക്ഷേത്രവും അവിടെ പിറന്നുവീണ ഗണേശ്ശേഖും തമ്മിലുണ്ട്. ആ ക്ഷേത്രത്തിന് അകത്തോ പുറത്തോ നൂർജഹാന് രക്ഷയായെത്തിയ ആ സ്​ത്രീകളുടെ പേര് ഒരു കലാപത്തിലും കുത്തിയൊലിച്ച് പോവാത്തവിധം മനോഹരമായി കൊത്തിവെക്കപ്പെടേണ്ടതുണ്ട്. കാലം എത്രമേൽ പിടിച്ചുകുലുക്കിയാലും ചിതറിത്തെറിക്കാത്ത ഓർമകളായത് എന്നുമെന്നും നിലനിൽക്കേണ്ടതുണ്ട്. സിനിമയും നാടകവും കവിതയും കഥയും പ്രഭാഷണവും പ്രബന്ധവും സംഭാഷണങ്ങളുമായത്, സങ്കുചിതത്വത്തിന്റെ കൊടുംചൂടിൽ കുളിരായി ജനമനസ്സിൽ സാന്ത്വനം പടർത്തേണ്ടതുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി (?) ഗണേശോത്സവം സംഘടിപ്പിച്ച, ലോകമാന്യ ബാലഗംഗാധര തിലകനെയല്ല, വഡാല ഗണേശക്ഷേത്രത്തിലെ ഭക്തരായ സ്​ത്രീകളെയാണ് പുതിയകാലം യഥാർഥത്തിൽ ലോകമാന്യർ എന്ന് ആദരപൂർവം വിളിക്കേണ്ടത്. ക്ഷേത്രം അശുദ്ധമാക്കിയെന്ന് അവർക്കെതിരെ ശാപവാക്കുകൾ ചൊരിയാത്തവരെയും, ഗണേശ് എന്ന് പേരിട്ടിട്ടും അതിനെ ആക്ഷേപിക്കാത്തവരെയും, ആര് മറന്നാലും തലയിൽ വെളിച്ചം ചൂടിവരുന്ന ഭാവിതലമുറകൾ മറക്കുകയില്ല. കാലം സാക്ഷി... ചരിത്രം സാക്ഷി എന്നുറക്കെ സ്വയം വിളിച്ചവർ ഇത്തരം സൗഹൃദസ്​നേഹസമർപ്പണങ്ങളെ അഭിവാദ്യം ചെയ്യും! ആവിധം ചെയ്യാത്ത വെറും കിഴങ്ങർ ആവാതിരിക്കാനുള്ള ജാഗ്രതയാണ് ഒരു നവഫാഷിസ്റ്റ് കാലം ഓരോ മനുഷ്യരിൽനിന്നും ആവശ്യപ്പെടുന്നത്.

ഭക്തരാവരുത് എന്നതിനല്ല, ഇവ്വിധമുള്ള ഭക്തരാവണമെന്നാണ്, ഹിന്ദു, ഇസ്‍ലാം, ക്രിസ്​ത്യൻ, മതരഹിതർ ആവരുതെന്നല്ല, ഇങ്ങനെയൊക്കെയായികൊണ്ടുതന്നെ വിസ്​തൃതരാവാമെന്നതിനാണ് 2015ൽ വഡാലയിലെ ഗണേശക്ഷേത്രം അനാഡംബരമായി സാക്ഷ്യംവഹിച്ചത്.

എവിടെ മാതൃകകൾ

എവിടെ മാതൃകകൾ എന്നുചോദിച്ച് ബഹളംവെക്കുന്നതിനു പകരം, പരിമിതികൾക്കുള്ളിൽനിന്ന് സ്വയം മാതൃകയാവാൻ സ്വന്തത്തോട് മനുഷ്യർ സമരം ചെയ്യു​േമ്പാൾ ഇരുളകലും വെളിച്ചം പടരും. ക്ഷേത്രത്തിൽനിന്നോ പള്ളിയിൽനിന്നോ സ്​കൂളിൽനിന്നോ പാർട്ടി ഓഫിസുകളിൽനിന്നോ ഉണ്ടാവുന്ന ഏതുനന്മയും സ്വാഗതാർഹമാണ്. മലയാളത്തിന്റെ പ്രിയകവി ഇടശ്ശേരി പാടിയതുപോലെ

'വെളിച്ചം തൂകിടുവോളം

പൂജാർഹം താനൊരാശയം.'

അതുകഴിഞ്ഞ് ഇരുട്ട് പ്രസരിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ അതിനെ ആട്ടിയകറ്റുകയും വേണം. അന്നു ഗണേശക്ഷേത്രത്തിലേക്ക് മറ്റെല്ലാ ദിവസങ്ങളിലെന്നപോലെ വന്ന ഭക്തകളായ സ്​ത്രീകളിൽ പല പാർട്ടികളിലും കാഴ്ചപ്പാടിലും പെട്ടവരുണ്ടാവും. എന്നിട്ടും നിസ്സഹായയായ ഒരു സ്​ത്രീയെ രക്ഷിക്കുന്നതിന് അവർക്ക് അതൊന്നും തടസ്സമായില്ല. അതാണ് മനുഷ്യത്വം.

മനുഷ്യപ്പറ്റിന്റെ പ്രകാശവേദികളായി ആരാധനാലയങ്ങൾ മുമ്പും മാറിയിട്ടുണ്ട്. അതോർത്ത് അപ്പോഴൊക്കെ നാം കോരിത്തരിച്ചിട്ടുണ്ട്. എന്നാൽ പ്രസവമുറി ക്ഷേത്രത്തിലെ മറ്റൊരു ശ്രീകോവിലായി മാറിയത് എവിടെയും വായിച്ചതായി ഓർക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ടവരുടെ അവസാനത്തെ അഭയകേന്ദ്രം കൂടിയാവാൻ ആരാധനാലയങ്ങൾക്ക് എപ്പോൾ കഴിയുന്നുവോ, അപ്പോൾ മാത്രമാണത് ശരിക്കും ദേവാലയങ്ങളെന്ന് വിളിക്കപ്പെടാൻ അർഹമാവുന്നത്. ദൈവശാസ്​ത്രപരമായ വിശകലനങ്ങൾ അടിസ്​ഥാനപ്പെടുത്തി ആലോചിച്ചാൽപോലും ഭക്തികേവലം നാമജപമോ നമസ്കാ രമോ മാത്രമല്ല, അതിനുമപ്പുറം ഖുർആർ വിശദമാക്കിയപോലെ നന്മയിൽ പരസ്​പരം മത്സരിക്കലാണ്. നീതിയുടെ പക്ഷത്ത്, നിസ്സഹായരായവരുടെ പക്ഷത്ത് നിർഭയരായി നിലയുറപ്പിക്കലാണ്.

സർവർക്കും സ്വാഗതം

അപകടങ്ങൾക്കു മുന്നിലെത്തു​േമ്പാൾ മറ്റെല്ലാം മറന്ന് മനുഷ്യർക്കു മുന്നിൽ വാതിൽ തുറന്നുവെച്ച എത്രയോ ആരാധനാലയങ്ങൾ നമുക്ക് മുമ്പിലുണ്ട്. ആപത്കാലനന്മ എന്നതിനെ വിളിക്കാമെങ്കിൽ, അതെത്രയോ േശ്രഷ്ഠമാണ്. എന്നാൽ, നന്മ ഒരു പ്രത്യേകപ്രതിസന്ധിയിൽമാത്രം പ്രകാശിച്ചാൽ പോരാ. സദാ പ്രകാശിച്ചുകൊണ്ടിരിക്കണം. ആരാധനാലങ്ങൾക്കു മുന്നിൽ സർവർക്കും ഇവിടേക്ക് സ്വാഗതം എന്നെഴുതിവെച്ചാലുമില്ലെങ്കിലും, ശ്രീനാരായണഗുരു ആഗ്രഹിച്ചവിധം സാഹോദര്യത്തിന്റെ കേന്ദ്രമാവാൻ അതിനു കഴിഞ്ഞാൽ, പലവിധ കാരണങ്ങളാൽ കലങ്ങിമറിയുന്ന ജീവിതം തിളക്കമുള്ളതായി തീരും. മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച് നിർവഹിക്കുന്ന നന്മകളും ആപത്കാല നന്മകളെപ്പോലെ മഹത്താണ്. എന്നാൽ മുൻകൂറായി ഒട്ടുമേ ആലോചിക്കാതെ, ഒരൗപചാരിക സംവിധാനമില്ലാതെ പെ​െട്ടന്ന് സന്ദർഭം ആവശ്യപ്പെടുംവിധം, മുംബൈക്കടുത്തുള്ള ആ വഡാലയിലെ ഗണേശക്ഷേത്രത്തിലെ ഭക്തർ നടപ്പാക്കിയ സർവ െഫ്രയിമും പൊളിക്കുന്ന നന്മ അതിനേക്കാളെത്രയോ മഹത്തരമാണ്. എത്ര പള്ളികളും ചർച്ചുകളും നവഫാഷിസ്റ്റുകൾ പൊളിച്ചാലും, ഈയൊരു നന്മ പൊളിയുകയില്ലെങ്കിൽ, മനുഷ്യർക്ക് ഏത് പ്രതിസന്ധിയിലും ശിരസ്സുയർത്തി സലാമും നമസ്​കാരവും പറയാനും പരസ്​പരം ഏതുതരത്തിലുള്ള അഭിവാദ്യങ്ങളും അർപ്പിക്കാനും കഴിയും.

Tags:    
News Summary - Hate Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.